സങ്കീർത്തനങ്ങൾ 34:11-22

സങ്കീർത്തനങ്ങൾ 34:11-22 MCV

എന്റെ മക്കളേ, വരിക, ഞാൻ പറയുന്നത് ശ്രദ്ധിക്കുക; യഹോവാഭക്തി ഞാൻ നിങ്ങൾക്ക് ഉപദേശിച്ചുതരാം. ജീവനെ സ്നേഹിക്കുകയും സന്തുഷ്ടിനിറഞ്ഞ ദീർഘായുസ്സ് ആഗ്രഹിക്കുകയുംചെയ്യുന്നവർ നിങ്ങളുടെ നാവിനെ തിന്മയിൽനിന്നും നിങ്ങളുടെ അധരങ്ങളെ വ്യാജഭാഷണത്തിൽനിന്നും സൂക്ഷിക്കുക. തിന്മയിൽനിന്ന് പിന്തിരിഞ്ഞ് സൽപ്രവൃത്തികൾ ചെയ്യുക; സമാധാനം അന്വേഷിച്ച് അതിനെ പിൻതുടരുക. യഹോവയുടെ ദൃഷ്ടി നീതിനിഷ്ഠരുടെമേൽ ആകുന്നു അവിടത്തെ കാതുകൾ അവരുടെ നിലവിളി ശ്രദ്ധിക്കുന്നു; എന്നാൽ യഹോവയുടെ മുഖം തിന്മ പ്രവർത്തിക്കുന്നവർക്ക് എതിരാകുന്നു, അവരുടെ ഓർമയെ ഭൂമിയിൽനിന്നു മായിച്ചുകളയേണ്ടതിനുതന്നെ. നീതിനിഷ്ഠർ നിലവിളിക്കുന്നു, യഹോവ അതു കേൾക്കുന്നു; അവിടന്ന് അവരെ സകലവിധ കഷ്ടതകളിൽനിന്നും വിടുവിക്കുന്നു. ഹൃദയവ്യഥയനുഭവിക്കുന്നവർക്ക് യഹോവ സമീപസ്ഥൻ മനസ്സു തകർന്നവരെ അവിടന്ന് രക്ഷിക്കുന്നു. നീതിനിഷ്ഠരായ മനുഷ്യർക്കു ധാരാളം യാതനകൾ ഉണ്ടാകും എങ്കിലും അവ എല്ലാറ്റിൽനിന്നും യഹോവ അവരെ വിടുവിക്കുന്നു; അവിടന്ന് അവരുടെ അസ്ഥികൾക്കെല്ലാം സംരക്ഷണം നൽകുന്നു, അവയിൽ ഒന്നുപോലും ഉടയ്ക്കപ്പെടുകയില്ല. അധർമം ദുഷ്ടരെ കൊല്ലുന്നു; നീതിനിഷ്ഠരുടെ ശത്രുക്കൾ ശിക്ഷിക്കപ്പെടും. യഹോവ തന്റെ സേവകരെ മോചിപ്പിക്കുന്നു; അങ്ങയിൽ അഭയംതേടുന്ന ആർക്കും ശിക്ഷാവിധി ഉണ്ടാകുകയില്ല.