സങ്കീർത്തനങ്ങൾ 33:1-11
സങ്കീർത്തനങ്ങൾ 33:1-11 MCV
നീതിനിഷ്ഠരേ, ആനന്ദത്തോടെ യഹോവയ്ക്ക് പാടുക; പരമാർഥികളുടെ സ്തുതി ഉചിതംതന്നെ. കിന്നരംകൊണ്ട് യഹോവയെ ഞാൻ വാഴ്ത്തുക; പത്തുകമ്പിയുള്ള വീണകൊണ്ട് അവിടത്തേക്ക് സംഗീതം ആലപിക്കുക. അവിടത്തേക്ക് ഒരു നവഗാനം ആലപിക്കുക; വൈദഗ്ദ്ധ്യത്തോടെ വാദ്യങ്ങളിൽ ആനന്ദസ്വരം മുഴക്കുക. കാരണം, യഹോവയുടെ വചനം നീതിയുക്തമാകുന്നു; അവിടന്ന് തന്റെ എല്ലാ പ്രവൃത്തികളിലും വിശ്വസ്തൻതന്നെ. യഹോവ നീതിയും ന്യായവും ഇഷ്ടപ്പെടുന്നു; അവിടത്തെ അചഞ്ചലസ്നേഹത്താൽ ഭൂമണ്ഡലം നിറഞ്ഞിരിക്കുന്നു. യഹോവയുടെ വചനത്താൽ ആകാശം സൃഷ്ടിക്കപ്പെട്ടു, തിരുവായിലെ ശ്വാസത്താൽ താരഗണങ്ങളും. അവിടന്ന് സമുദ്രജലരാശിയെ കൂമ്പാരമായി കൂട്ടുന്നു; ആഴിയെ കലവറകളിൽ സംഭരിക്കുന്നു. സർവഭൂമിയും യഹോവയെ ഭയപ്പെടട്ടെ; ഭൂസീമവാസികളെല്ലാം തിരുമുമ്പിൽ ഭയഭക്തിയോടെ നിലകൊള്ളട്ടെ. കാരണം, അവിടന്ന് അരുളിച്ചെയ്തു, അവയുണ്ടായി; അവിടന്ന് കൽപ്പിച്ചു, അവ സ്ഥാപിതമായി. യഹോവ രാഷ്ട്രങ്ങളുടെ പദ്ധതികൾ നിഷ്ഫലമാക്കുന്നു; ജനതകളുടെ ആലോചനകൾ വിഫലമാക്കുന്നു. എന്നാൽ യഹോവയുടെ പദ്ധതികൾ എന്നെന്നേക്കും സ്ഥിരമായിരിക്കുന്നു; അവിടത്തെ ഹൃദയവിചാരങ്ങൾ തലമുറതലമുറകളോളവും.

