സങ്കീർത്തനങ്ങൾ 31:1-8

സങ്കീർത്തനങ്ങൾ 31:1-8 MCV

യഹോവേ, ഞാൻ അങ്ങയിൽ അഭയംതേടുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ; അവിടത്തെ നീതിയിൽ എന്നെ വിടുവിക്കണമേ. അങ്ങയുടെ ചെവി എന്നിലേക്കു ചായ്ച്ച്, എന്നെ മോചിപ്പിക്കാൻ വേഗം വരണമേ; അങ്ങ് എനിക്ക് അഭയമാകുന്ന പാറയും എന്നെ രക്ഷിക്കുന്ന ഉറപ്പുള്ള കോട്ടയും ആകണമേ. അങ്ങ് എന്റെ പാറയും കോട്ടയും ആകുകയാൽ തിരുനാമമഹത്ത്വത്തിനായി എനിക്കു വഴികാട്ടണമേ. എന്റെ ശത്രുക്കൾ എനിക്കായി ഒരുക്കിയിരിക്കുന്ന കെണിയിൽനിന്നും എന്നെ വിടുവിക്കണമേ, കാരണം അവിടന്ന് എന്റെ സങ്കേതം ആകുന്നു. ഞാൻ എന്റെ ആത്മാവിനെ തിരുക്കരങ്ങളിൽ ഭരമേൽപ്പിക്കുന്നു; വിശ്വസ്തദൈവമായ യഹോവേ, എന്നെ മോചിപ്പിക്കണമേ. മിഥ്യാമൂർത്തികളെ ഭജിക്കുന്നവരെ ഞാൻ വെറുക്കുന്നു; എന്നാൽ ഞാൻ യഹോവയിൽ ആശ്രയിക്കുന്നു. അങ്ങയുടെ അചഞ്ചലസ്നേഹത്തിൽ ഞാൻ ആഹ്ലാദിക്കുകയും ആനന്ദിക്കുകയും ചെയ്യും, കാരണം അവിടന്ന് എന്റെ ദുരിതം കണ്ടിരിക്കുന്നു എന്റെ ആത്മവ്യഥ അറിഞ്ഞുമിരിക്കുന്നു. ശത്രുവിന്റെ കൈയിൽ അവിടന്ന് എന്നെ ഏൽപ്പിച്ചില്ല എന്നാൽ എന്റെ പാദങ്ങളെ അങ്ങ് വിശാലസ്ഥലത്ത് ഉറപ്പിച്ചിരിക്കുന്നു.