സങ്കീർത്തനങ്ങൾ 18:37-50

സങ്കീർത്തനങ്ങൾ 18:37-50 MCV

ഞാൻ എന്റെ ശത്രുക്കളെ പിൻതുടർന്നു, ഞാൻ അവരെ കീഴ്പ്പെടുത്തി; അവരെ ഉന്മൂലനംചെയ്യുന്നതുവരെ ഞാൻ പിന്തിരിഞ്ഞില്ല. ഉയിർത്തെഴുന്നേറ്റുവരാൻ കഴിയാതവണ്ണം ഞാൻ അവരെ തകർത്തുകളഞ്ഞു; അവരെന്റെ കാൽക്കൽ വീണടിഞ്ഞു. ശക്തിയാൽ അവിടന്ന് എന്നെ യുദ്ധസജ്ജനാക്കുന്നു അവിടന്ന് എന്റെ ശത്രുക്കളെ എന്റെ പാദത്തിൽ നമിക്കുന്നവരാക്കിത്തീർത്തു. യുദ്ധത്തിൽ എന്റെ ശത്രുക്കളെ അങ്ങ് പുറംതിരിഞ്ഞ് ഓടിപ്പിച്ചു, എന്റെ എതിരാളികളെ ഞാൻ സംഹരിച്ചുകളഞ്ഞു. സഹായത്തിനായവർ കേണപേക്ഷിച്ചു, എന്നാൽ അവരെ രക്ഷിക്കാൻ ആരും ഉണ്ടായിരുന്നില്ല— യഹോവയോട് അപേക്ഷിച്ചു, എന്നാൽ അവിടന്ന് ഉത്തരം നൽകിയതുമില്ല. കാറ്റിൽപ്പറക്കുന്ന പൊടിപടലംപോലെ ഞാൻ അവരെ തകർത്തുകളഞ്ഞു; തെരുക്കോണിലെ ചെളിപോലെ ഞാനവരെ ചവിട്ടിക്കുഴച്ചു. ജനക്കൂട്ടത്തിന്റെ ആക്രമണങ്ങളിൽനിന്ന് അവിടന്ന് എന്നെ വിടുവിച്ചു; അവിടന്ന് എന്നെ രാഷ്ട്രങ്ങൾക്ക് അധിപതിയാക്കി. ഞാൻ അറിയാത്ത രാഷ്ട്രങ്ങളിലെ ജനം എന്നെ സേവിക്കുന്നു, വിദേശികൾ എന്റെമുമ്പിൽ നടുങ്ങുന്നു; അവരെന്നെ കേൾക്കുന്നമാത്രയിൽത്തന്നെ അനുസരിക്കുന്നു. അവരുടെ ആത്മധൈര്യം ചോർന്നുപോയിരിക്കുന്നു; അവർ തങ്ങളുടെ ഒളിത്താവളങ്ങളിൽനിന്ന് വിറച്ചുകൊണ്ടു പുറത്തുവരുന്നു. യഹോവ ജീവിക്കുന്നു! എന്റെ പാറ വാഴ്ത്തപ്പെടട്ടെ! എന്റെ രക്ഷകനായ ദൈവം അത്യുന്നതൻ! അവിടന്ന് എനിക്കുവേണ്ടി പ്രതികാരംചെയ്യുന്ന ദൈവം, അവിടന്ന് രാഷ്ട്രങ്ങളെ എന്റെ കാൽക്കീഴാക്കി തന്നിരിക്കുന്നു, അവിടന്നെന്നെ എന്റെ ശത്രുക്കളിൽനിന്ന് രക്ഷിക്കുന്നു. എന്റെ വൈരികൾക്കുമേൽ അവിടന്നെന്നെ ഉയർത്തി; അക്രമികളിൽനിന്ന് അവിടന്നെന്നെ മോചിപ്പിച്ചു. അതുകൊണ്ട്, യഹോവേ, ഞാൻ അങ്ങയെ രാഷ്ട്രങ്ങളുടെ മധ്യേ പുകഴ്ത്തും; അവിടത്തെ നാമത്തിനു സ്തുതിപാടും. അവിടന്ന് തന്റെ രാജാവിനു മഹാവിജയം നൽകുന്നു; അവിടത്തെ അഭിഷിക്തനോട് അചഞ്ചലസ്നേഹം പ്രകടിപ്പിക്കുന്നു, ദാവീദിനോടും അദ്ദേഹത്തിന്റെ പിൻഗാമികളോടും എന്നേക്കുംതന്നെ. സംഗീതസംവിധായകന്.