സങ്കീർത്തനങ്ങൾ 18:20-27

സങ്കീർത്തനങ്ങൾ 18:20-27 MCV

എന്റെ നീതിക്ക് അനുസൃതമായി യഹോവ എനിക്കു പ്രതിഫലംതന്നു; എന്റെ കൈകളുടെ നിർമലതയ്ക്കനുസരിച്ച് അവിടന്ന് എന്നെ ആദരിച്ചു. കാരണം ഞാൻ യഹോവയുടെ പാതകളിൽത്തന്നെ സഞ്ചരിച്ചു; എന്റെ ദൈവത്തെ വിട്ടകലുമാറ് ഞാൻ ദോഷം പ്രവർത്തിച്ചില്ല. അവിടത്തെ ന്യായവിധികളെല്ലാം എന്റെ മുൻപിലുണ്ട്; അവിടത്തെ ഉത്തരവുകളിൽനിന്നു ഞാൻ വ്യതിചലിച്ചിട്ടില്ല. തിരുമുമ്പിൽ ഞാൻ നിഷ്കളങ്കതയോടെ ജീവിച്ചു ഞാൻ പാപത്തിൽനിന്നു സ്വയം അകന്നുനിൽക്കുന്നു. എന്റെ നീതിക്കനുസൃതമായി യഹോവ എനിക്കു പാരിതോഷികം നൽകിയിരിക്കുന്നു, തിരുമുമ്പിൽ എന്റെ കൈകളുടെ വിശുദ്ധിക്കനുസരിച്ചുതന്നെ. വിശ്വസ്തരോട് അവിടന്ന് വിശ്വസ്തത കാട്ടുന്നു, നിഷ്കളങ്കരോട് അവിടന്ന് നിഷ്കളങ്കതയോടെ ഇടപെടുന്നു. നിർമലരോട് അവിടന്ന് നിർമലതയോടും; എന്നാൽ വക്രതയുള്ളവരോട് അവിടന്ന് കൗശലത്തോടും പെരുമാറുന്നു. വിനയാന്വിതരെ അവിടന്ന് രക്ഷിക്കുന്നു എന്നാൽ അഹന്തനിറഞ്ഞ കണ്ണുള്ളവരെ അങ്ങ് അപമാനിക്കുന്നു.