സങ്കീർത്തനങ്ങൾ 18:1-6

സങ്കീർത്തനങ്ങൾ 18:1-6 MCV

എന്റെ ബലമായ യഹോവേ, അങ്ങയെ ഞാൻ സ്നേഹിക്കുന്നു. യഹോവ എന്റെ പാറയും എന്റെ കോട്ടയും എന്റെ വിമോചകനും ആകുന്നു; എന്റെ ദൈവം എന്റെ ശില, അങ്ങയിൽ ഞാൻ അഭയംതേടുന്നു, എന്റെ പരിചയും എന്റെ രക്ഷയുടെ കൊമ്പും എന്റെ സുരക്ഷിതസ്ഥാനവും അവിടന്നാണ്. സ്തുത്യർഹനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിച്ചു, എന്റെ ശത്രുക്കളിൽനിന്നു ഞാൻ രക്ഷനേടിയിരിക്കുന്നു. മരണപാശങ്ങൾ എന്നെ ചുറ്റിവരിഞ്ഞു; നാശപ്രവാഹങ്ങൾ എന്നെ കവിഞ്ഞൊഴുകി. പാതാളത്തിന്റെ കയറുകൾ എന്നെ വരിഞ്ഞുകെട്ടി; മരണക്കുരുക്കുകൾ എന്റെമേൽ വീണിരിക്കുന്നു. എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു; സഹായത്തിനായി ഞാൻ എന്റെ ദൈവത്തോടു നിലവിളിച്ചു. തന്റെ മന്ദിരത്തിൽനിന്ന് അവിടന്ന് എന്റെ ശബ്ദം കേട്ടു. എന്റെ നിലവിളി അവിടത്തെ സന്നിധിയിൽ, അതേ അവിടത്തെ കാതുകളിൽത്തന്നെ എത്തി.