ഹാ, അവിടത്തെ ന്യായപ്രമാണം ഞാൻ എത്രത്തോളം സ്നേഹിക്കുന്നു! ദിവസംമുഴുവനും ഞാൻ അത് ധ്യാനിക്കുന്നു. അവിടത്തെ കൽപ്പനകൾ എന്നെ എന്റെ ശത്രുക്കളെക്കാളധികം ജ്ഞാനിയാക്കിത്തീർക്കുന്നു; അവ എപ്പോഴും എനിക്ക് വഴികാട്ടിയായിരിക്കുന്നു. അവിടത്തെ നിയമവ്യവസ്ഥകൾ ധ്യാനിക്കുന്നതുകൊണ്ട്, എന്റെ എല്ലാ ഗുരുക്കന്മാരെക്കാളും അധികം ഉൾക്കാഴ്ച എനിക്കുണ്ട്. അവിടത്തെ പ്രമാണങ്ങൾ ഞാൻ പാലിക്കുന്നതിനാൽ, വയോധികരെക്കാളും വിവേകം എനിക്കുണ്ട്. തിരുവചനം പാലിക്കേണ്ടതിനുവേണ്ടി, ഞാൻ എന്റെ പാതകളെ സകലദുർമാർഗങ്ങളിൽനിന്നും അകറ്റിയിരിക്കുന്നു. അവിടത്തെ നിയമങ്ങളിൽനിന്ന് ഞാൻ വ്യതിചലിച്ചിട്ടില്ല, അങ്ങുതന്നെയാണല്ലോ എന്നെ അഭ്യസിപ്പിച്ചത്. തിരുവചനം എന്റെ നാവിന് എത്ര മധുരം! അവ എന്റെ വായ്ക്ക് തേനിനെക്കാൾ മാധുര്യമേറിയത്. അവിടത്തെ പ്രമാണങ്ങളിൽനിന്ന് ഞാൻ അറിവ് ആർജിക്കുന്നു; അതിനാൽ സകലവ്യാജവഴികളും ഞാൻ വെറുക്കുന്നു. അങ്ങയുടെ വചനം എന്റെ പാദങ്ങൾക്കു ദീപവും, എന്റെ പാതയ്ക്കു പ്രകാശവും ആകുന്നു. അവിടത്തെ നീതിനിഷ്ഠമായ നിയമങ്ങൾ പിൻതുടരുമെന്ന്, ഞാൻ ഒരു ശപഥംചെയ്തിരിക്കുന്നു; അതു ഞാൻ ഉറപ്പാക്കുകയും ചെയ്തിരിക്കുന്നു. ഞാൻ വളരെയധികം സഹനമനുഭവിച്ചിരിക്കുന്നു; യഹോവേ, അവിടത്തെ വചനപ്രകാരം എന്റെ ജീവൻ സംരക്ഷിക്കണമേ. യഹോവേ, എന്റെ അധരങ്ങളിൽനിന്നുള്ള സ്വമേധാസ്തോത്രങ്ങൾ സ്വീകരിച്ച്, അവിടത്തെ നിയമങ്ങൾ എന്നെ അഭ്യസിപ്പിക്കണമേ. എന്റെ ജീവൻ മിക്കപ്പോഴും അപകടത്തിലാണ്, എന്നാലും ഞാൻ അങ്ങയുടെ ന്യായപ്രമാണം മറക്കുകയില്ല. ദുഷ്ടർ എനിക്കൊരു കെണി ഒരുക്കിയിരിക്കുന്നു, എങ്കിലും ഞാൻ അവിടത്തെ പ്രമാണങ്ങളിൽനിന്നും അകന്നുമാറിയിട്ടില്ല. അവിടത്തെ നിയമവ്യവസ്ഥകൾ എന്നെന്നേക്കുമുള്ള എന്റെ പൈതൃകാവകാശമാണ്; അവതന്നെയാണ് എന്റെ ഹൃദയത്തിന്റെ ആനന്ദം. അവിടത്തെ ഉത്തരവുകൾ അന്ത്യംവരെ ആചരിക്കാൻ ഞാൻ എന്റെ ഹൃദയം സജ്ജമാക്കിയിരിക്കുന്നു. ഇരുമനസ്സുള്ള മനുഷ്യരെ ഞാൻ വെറുക്കുന്നു, എന്നാൽ, അവിടത്തെ ന്യായപ്രമാണത്തെ ഞാൻ സ്നേഹിക്കുന്നു. അവിടന്ന് എന്റെ സങ്കേതവും പരിചയും ആകുന്നു; ഞാൻ എന്റെ പ്രത്യാശ അങ്ങയുടെ തിരുവചനത്തിൽ അർപ്പിച്ചിരിക്കുന്നു. അധർമം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടകന്നുപോകൂ, ഞാൻ എന്റെ ദൈവത്തിന്റെ കൽപ്പനകൾ പാലിക്കട്ടെ! അവിടത്തെ വാഗ്ദാനപ്രകാരം എന്നെ നിലനിർത്തണമേ, അപ്പോൾ ഞാൻ ജീവിക്കും; എന്റെ പ്രതീക്ഷകൾ തകർത്തുകളയരുതേ. എന്നെ താങ്ങിനിർത്തണമേ, അങ്ങനെ ഞാൻ വിടുവിക്കപ്പെടും; അവിടത്തെ ഉത്തരവുകൾക്ക് ഞാൻ അതീവപരിഗണനനൽകും. അവിടത്തെ ഉത്തരവുകൾ നിരാകരിച്ച്, അതിൽനിന്നും വ്യതിചലിക്കുന്നവരെ അങ്ങ് നിരസിക്കുന്നു, കാരണം അവരുടെ ദിവാസ്വപ്നങ്ങൾ വ്യർഥമത്രേ. ഭൂമിയിലെ സകലദുഷ്ടതയും അങ്ങ് ലോഹക്കിട്ടംപോലെ ഉപേക്ഷിക്കുന്നു; അതിനാൽ ഞാൻ അവിടത്തെ നിയമവ്യവസ്ഥകളെ പ്രണയിക്കുന്നു. അങ്ങയോടുള്ള ഭയംനിമിത്തം എന്റെ ശരീരം വിറകൊള്ളുന്നു; അവിടത്തെ നിയമങ്ങൾക്കുമുന്നിൽ ഞാൻ ഭയാദരവോടെ നിൽക്കുന്നു.
സങ്കീർത്തനങ്ങൾ 119 വായിക്കുക
കേൾക്കുക സങ്കീർത്തനങ്ങൾ 119
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സങ്കീർത്തനങ്ങൾ 119:97-120
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ