സങ്കീർത്തനങ്ങൾ 119:81-96

സങ്കീർത്തനങ്ങൾ 119:81-96 MCV

എന്റെ പ്രാണൻ അവിടത്തെ രക്ഷയ്ക്കായുള്ള വാഞ്ഛയാൽ ക്ഷീണിച്ചിരിക്കുന്നു, എങ്കിലും ഞാൻ അവിടത്തെ വചനത്തിൽ പ്രത്യാശയർപ്പിക്കുന്നു. എന്റെ കണ്ണുകൾ അവിടത്തെ വാഗ്ദത്തങ്ങളെ കാത്തു തളരുന്നു; “അവിടന്ന് എപ്പോഴാണ് എന്നെയൊന്ന് ആശ്വസിപ്പിക്കുന്നത്,” എന്നു ഞാൻ ചോദിക്കുന്നു. പുകയത്തുവെച്ചിരിക്കുന്ന വീഞ്ഞുതുരുത്തിപോലെ ആയിരിക്കുന്നെങ്കിലും, അവിടത്തെ ഉത്തരവുകൾ ഞാൻ വിസ്മരിക്കുന്നില്ല. എത്രകാലം അടിയൻ കാത്തിരിക്കണം? എന്റെ പീഡകരെ എന്നാണ് അങ്ങ് ശിക്ഷിക്കുന്നത്? അവിടത്തെ ന്യായപ്രമാണം പാലിക്കാത്ത അഹങ്കാരികൾ എനിക്കുവേണ്ടി ചതിക്കുഴികളൊരുക്കിയിരിക്കുന്നു. അവിടത്തെ കൽപ്പനകളെല്ലാം വിശ്വാസയോഗ്യമാകുന്നു; കാരണംകൂടാതെ മനുഷ്യർ എന്നെ പീഡിപ്പിക്കുന്നതിനാൽ എന്നെ സഹായിക്കണമേ. അവർ എന്നെ ഭൂമുഖത്തുനിന്ന് ഏതാണ്ട് തുടച്ചുനീക്കിയിരിക്കുന്നു, എന്നിട്ടും അടിയൻ അവിടത്തെ പ്രമാണങ്ങൾ ഉപേക്ഷിച്ചിട്ടില്ല. അവിടത്തെ അചഞ്ചലസ്നേഹത്തിൽ എന്നെ പരിരക്ഷിക്കണമേ, ഞാൻ അങ്ങയുടെ തിരുമൊഴികളാകുന്ന നിയമവ്യവസ്ഥകൾ പാലിക്കും. യഹോവേ, അവിടത്തെ വചനം ശാശ്വതമാകുന്നു; അതു സ്വർഗത്തിൽ സ്ഥിരമായിരിക്കുന്നു. അങ്ങയുടെ വിശ്വസ്തത എല്ലാ തലമുറകളിലും നിലനിൽക്കുന്നു; അവിടന്ന് ഭൂമി സ്ഥാപിച്ചു, അത് ഉറച്ചുനിൽക്കുന്നു. അവിടത്തെ നിയമങ്ങൾ ഇന്നുവരെ സ്ഥിരമായി നിലനിൽക്കുന്നു, കാരണം സകലസൃഷ്ടികളും അവിടത്തെ സേവകരല്ലോ. അവിടത്തെ ന്യായപ്രമാണം എന്റെ പ്രമോദമായിരുന്നില്ലെങ്കിൽ, എന്റെ കഷ്ടതയിൽ ഞാൻ നശിച്ചുപോകുമായിരുന്നു. അവിടത്തെ പ്രമാണങ്ങൾ ഞാൻ ഒരിക്കലും മറക്കുകയില്ല, കാരണം അവയാലാണ് അവിടന്ന് എന്റെ ജീവൻ സംരക്ഷിച്ചിരിക്കുന്നത്. എന്നെ രക്ഷിക്കണമേ, കാരണം ഞാൻ അങ്ങയുടേതാണല്ലോ; അവിടത്തെ പ്രമാണങ്ങളാണല്ലോ ഞാൻ അന്വേഷിച്ചിട്ടുള്ളത്. എന്നെ ഇല്ലായ്മചെയ്യാൻ ദുഷ്ടർ പതിയിരിക്കുന്നു, എന്നാൽ അവിടത്തെ നിയമവ്യവസ്ഥകൾ ഞാൻ ആലോചിച്ചുകൊണ്ടിരിക്കും. സകലപൂർണതയ്ക്കും ഒരു പരിമിതിയുണ്ടെന്നു ഞാൻ മനസ്സിലാക്കിയിരിക്കുന്നു, എന്നാൽ അവിടത്തെ കൽപ്പനകൾ അതിവിശാലമാണ്.