സങ്കീർത്തനങ്ങൾ 119:49-64

സങ്കീർത്തനങ്ങൾ 119:49-64 MCV

അടിയനോടുള്ള അവിടത്തെ വചനം ഓർക്കണമേ, കാരണം അവിടന്നെനിക്കു പ്രത്യാശ നൽകിയിരിക്കുന്നല്ലോ. അവിടത്തെ വാഗ്ദാനങ്ങൾ എന്റെ ജീവനു സംരക്ഷണം നൽകുന്നു; എന്റെ കഷ്ടതയിൽ അതാണ് എന്റെ ആശ്വാസം. അഹങ്കാരികൾ യാതൊരു വാഗ്സംയമനവുമില്ലാതെ എന്നെ പരിഹസിക്കുന്നു, എന്നാൽ ഞാൻ അവിടത്തെ ന്യായപ്രമാണത്തിൽനിന്ന് വ്യതിചലിക്കുന്നില്ല. യഹോവേ, അവിടത്തെ പുരാതന നിയമങ്ങൾ ഞാൻ ഓർക്കുന്നു, ഞാൻ അതിൽ ആശ്വാസം കണ്ടെത്തുന്നു. ദുഷ്ടർ അങ്ങയുടെ ന്യായപ്രമാണം ഉപേക്ഷിക്കുന്നതുനിമിത്തം, എനിക്ക് അവരോടുള്ള രോഷം ജ്വലിക്കുന്നു. ഞാൻ പ്രവാസിയായി താമസിക്കുന്ന എന്റെ ഭവനത്തിൽ അവിടത്തെ ഉത്തരവുകൾ എന്റെ സംഗീതത്തിന്റെ പ്രമേയമാക്കുന്നു. യഹോവേ, രാത്രികാലങ്ങളിൽ ഞാൻ തിരുനാമം സ്മരിക്കുന്നു അവിടത്തെ ന്യായപ്രമാണം ഞാൻ കാത്തുപാലിക്കുന്നു, ഞാൻ അവിടത്തെ പ്രമാണങ്ങൾ പാലിക്കുന്നു; അതെന്റെ ജീവിതചര്യതന്നെ ആയിരിക്കുന്നു. യഹോവേ, അവിടന്നാണ് എന്റെ ഓഹരി; അങ്ങയുടെ വചനങ്ങൾ അനുസരിക്കാമെന്നു ഞാൻ പ്രതിജ്ഞചെയ്തിരിക്കുന്നു. പൂർണഹൃദയത്തോടെ ഞാൻ തിരുമുഖം അന്വേഷിക്കുന്നു; അവിടത്തെ വാഗ്ദാനപ്രകാരം എന്നോടു കൃപാലുവായിരിക്കണമേ. ഞാൻ എന്റെ ജീവിതരീതികൾ വിചിന്തനംചെയ്യുന്നു എന്റെ കാലടികൾ അവിടത്തെ നിയമവ്യവസ്ഥകളിലേക്കു തിരിച്ചിരിക്കുന്നു. അവിടത്തെ കൽപ്പനകൾ കാലവിളംബംവരുത്താതെ അനുസരിക്കാൻ ഞാൻ തിടുക്കംകൂട്ടുന്നു. ദുഷ്ടർ കയറുകൊണ്ട് എന്നെ ബന്ധിച്ചാലും, അവിടത്തെ ന്യായപ്രമാണം ഞാൻ മറക്കുകയില്ല. അവിടത്തെ നീതിനിഷ്ഠമായ നിയമങ്ങൾനിമിത്തം അവിടത്തേക്ക് നന്ദികരേറ്റാൻ അർധരാത്രിയിൽ ഞാൻ എഴുന്നേൽക്കുന്നു. അവിടത്തെ ഭയപ്പെടുന്ന എല്ലാവർക്കും, അവിടത്തെ പ്രമാണങ്ങൾ പാലിക്കുന്ന എല്ലാവർക്കും ഞാൻ ഒരു സുഹൃത്താണ്. യഹോവേ, അവിടത്തെ അചഞ്ചലസ്നേഹത്താൽ ഈ ഭൂമി നിറഞ്ഞിരിക്കുന്നു; അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കണമേ.