യഹോവേ, അവിടത്തെ ഉത്തരവുകളുടെ മാർഗം എന്നെ പഠിപ്പിക്കണമേ,
അപ്പോൾ അവ എനിക്ക് അന്ത്യംവരെ പിൻതുടരാൻ സാധിക്കും.
അവിടത്തെ ന്യായപ്രമാണം കാത്തുപാലിക്കുന്നതിനും
അവ പൂർണഹൃദയത്തോടെ അനുസരിക്കുന്നതിനും എനിക്കു വിവേകം നൽകണമേ.
അവിടത്തെ കൽപ്പനാമാർഗത്തിലൂടെ എന്നെ നയിക്കണമേ,
കാരണം ഞാൻ അതിൽ ആനന്ദിക്കുന്നു.
അന്യായമായ ആദായത്തിലേക്കല്ല,
അവിടത്തെ നിയമവ്യവസ്ഥകളിലേക്കുതന്നെ എന്റെ ഹൃദയത്തെ തിരിക്കണമേ.
വ്യർഥകാര്യങ്ങളിൽനിന്നും എന്റെ കണ്ണുകളെ തിരിക്കണമേ;
തിരുവചനത്തിന് അനുസൃതമായി എന്റെ ജീവൻ സംരക്ഷിക്കണമേ.
അടിയനോടു ചെയ്ത അങ്ങയുടെ വാഗ്ദാനം നിവർത്തിക്കണമേ,
അപ്പോൾ ജനം അങ്ങയെ ആദരിക്കും
ഞാൻ ഭയപ്പെടുന്ന അപമാനം എന്നിൽനിന്നകറ്റണമേ,
അവിടത്തെ നിയമങ്ങൾ നല്ലവയാണല്ലോ
ഇതാ, ഞാൻ അവിടത്തെ പ്രമാണങ്ങൾക്കായി വാഞ്ഛിക്കുന്നു!
അവിടത്തെ നീതിനിമിത്തം എന്റെ ജീവൻ സംരക്ഷിക്കണമേ.
യഹോവേ, അവിടത്തെ അചഞ്ചലസ്നേഹം എന്നിലേക്കു നൽകണമേ,
അവിടത്തെ വാഗ്ദാനപ്രകാരമുള്ള രക്ഷയും;
അപ്പോൾ എന്നെ അപഹസിക്കുന്നവർക്ക് ഉത്തരംനൽകാനെനിക്കു കഴിയും,
കാരണം അവിടത്തെ വചനത്തിൽ ഞാൻ ആശ്രയിക്കുന്നു.
സത്യവചനം എന്റെ അധരങ്ങളിൽനിന്ന് എടുത്തുകളയരുതേ,
കാരണം അവിടത്തെ നിയമങ്ങളിൽ ഞാൻ എന്റെ വിശ്വാസം അർപ്പിച്ചിരിക്കുന്നു.
അവിടത്തെ ന്യായപ്രമാണം ഞാൻ എപ്പോഴും അനുസരിക്കും,
എന്നുമെന്നേക്കുംതന്നെ.
അവിടത്തെ പ്രമാണങ്ങൾ ഞാൻ അന്വേഷിക്കുന്നതിനാൽ,
ഞാൻ സ്വാതന്ത്ര്യത്തോടെ ജീവിക്കും.
അവിടത്തെ നിയമവ്യവസ്ഥകൾ ഞാൻ രാജാക്കന്മാരുടെമുമ്പാകെ പ്രസ്താവിക്കും
ഞാൻ ലജ്ജിതനാകുകയില്ല,
അവിടത്തെ കൽപ്പനകൾ ഞാൻ ഇഷ്ടപ്പെടുന്നു
അതുകൊണ്ട് ഞാൻ അതിൽ ആനന്ദിക്കും.
എനിക്കു പ്രിയമായ കൽപ്പനകൾക്കായി ഞാൻ എന്റെ കൈകൾ ഉയർത്തുന്നു,
അങ്ങനെ ഞാൻ അവിടത്തെ ഉത്തരവുകൾ ധ്യാനിക്കും.
അടിയനോടുള്ള അവിടത്തെ വചനം ഓർക്കണമേ,
കാരണം അവിടന്നെനിക്കു പ്രത്യാശ നൽകിയിരിക്കുന്നല്ലോ.
അവിടത്തെ വാഗ്ദാനങ്ങൾ എന്റെ ജീവനു സംരക്ഷണം നൽകുന്നു;
എന്റെ കഷ്ടതയിൽ അതാണ് എന്റെ ആശ്വാസം.
അഹങ്കാരികൾ യാതൊരു വാഗ്സംയമനവുമില്ലാതെ എന്നെ പരിഹസിക്കുന്നു,
എന്നാൽ ഞാൻ അവിടത്തെ ന്യായപ്രമാണത്തിൽനിന്ന് വ്യതിചലിക്കുന്നില്ല.
യഹോവേ, അവിടത്തെ പുരാതന നിയമങ്ങൾ ഞാൻ ഓർക്കുന്നു,
ഞാൻ അതിൽ ആശ്വാസം കണ്ടെത്തുന്നു.
ദുഷ്ടർ അങ്ങയുടെ ന്യായപ്രമാണം ഉപേക്ഷിക്കുന്നതുനിമിത്തം,
എനിക്ക് അവരോടുള്ള രോഷം ജ്വലിക്കുന്നു.
ഞാൻ പ്രവാസിയായി താമസിക്കുന്ന എന്റെ ഭവനത്തിൽ
അവിടത്തെ ഉത്തരവുകൾ എന്റെ സംഗീതത്തിന്റെ പ്രമേയമാക്കുന്നു.
യഹോവേ, രാത്രികാലങ്ങളിൽ ഞാൻ തിരുനാമം സ്മരിക്കുന്നു
അവിടത്തെ ന്യായപ്രമാണം ഞാൻ കാത്തുപാലിക്കുന്നു,
ഞാൻ അവിടത്തെ പ്രമാണങ്ങൾ പാലിക്കുന്നു;
അതെന്റെ ജീവിതചര്യതന്നെ ആയിരിക്കുന്നു.
യഹോവേ, അവിടന്നാണ് എന്റെ ഓഹരി;
അങ്ങയുടെ വചനങ്ങൾ അനുസരിക്കാമെന്നു ഞാൻ പ്രതിജ്ഞചെയ്തിരിക്കുന്നു.
പൂർണഹൃദയത്തോടെ ഞാൻ തിരുമുഖം അന്വേഷിക്കുന്നു;
അവിടത്തെ വാഗ്ദാനപ്രകാരം എന്നോടു കൃപാലുവായിരിക്കണമേ.
ഞാൻ എന്റെ ജീവിതരീതികൾ വിചിന്തനംചെയ്യുന്നു
എന്റെ കാലടികൾ അവിടത്തെ നിയമവ്യവസ്ഥകളിലേക്കു തിരിച്ചിരിക്കുന്നു.
അവിടത്തെ കൽപ്പനകൾ കാലവിളംബംവരുത്താതെ
അനുസരിക്കാൻ ഞാൻ തിടുക്കംകൂട്ടുന്നു.
ദുഷ്ടർ കയറുകൊണ്ട് എന്നെ ബന്ധിച്ചാലും,
അവിടത്തെ ന്യായപ്രമാണം ഞാൻ മറക്കുകയില്ല.
അവിടത്തെ നീതിനിഷ്ഠമായ നിയമങ്ങൾനിമിത്തം
അവിടത്തേക്ക് നന്ദികരേറ്റാൻ അർധരാത്രിയിൽ ഞാൻ എഴുന്നേൽക്കുന്നു.
അവിടത്തെ ഭയപ്പെടുന്ന എല്ലാവർക്കും,
അവിടത്തെ പ്രമാണങ്ങൾ പാലിക്കുന്ന എല്ലാവർക്കും ഞാൻ ഒരു സുഹൃത്താണ്.
യഹോവേ, അവിടത്തെ അചഞ്ചലസ്നേഹത്താൽ ഈ ഭൂമി നിറഞ്ഞിരിക്കുന്നു;
അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കണമേ.
യഹോവേ, അവിടത്തെ വാഗ്ദാനപ്രകാരം
അടിയനു നന്മചെയ്യണമേ.
ഞാൻ അവിടത്തെ കൽപ്പനകൾ വിശ്വസിക്കുന്നതുകൊണ്ട്,
നല്ല പരിജ്ഞാനവും വിവേകവും എനിക്ക് ഉപദേശിച്ചുതരണമേ.
കഷ്ടതയിൽ അകപ്പെടുന്നതിനുമുമ്പ് ഞാൻ വഴിതെറ്റിപ്പോയിരുന്നു,
എന്നാൽ ഇപ്പോൾ ഞാൻ അവിടത്തെ വചനം അനുസരിക്കുന്നു.
അവിടന്നു നല്ലവനും അവിടത്തെ പ്രവൃത്തികൾ നല്ലതും ആകുന്നു;
അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കണമേ.
നിഗളികൾ എന്നെപ്പറ്റി വ്യാജം പറഞ്ഞുണ്ടാക്കി,
എന്നാൽ ഞാൻ പൂർണഹൃദയത്തോടെ അവിടത്തെ പ്രമാണങ്ങൾ അനുഷ്ഠിക്കുന്നു.
അവരുടെ ഹൃദയം വികാരരഹിതവും കഠിനവും ആയിരിക്കുന്നു,
എന്നാൽ ഞാൻ അവിടത്തെ ന്യായപ്രമാണത്തിൽ ആനന്ദിക്കുന്നു.
ഞാൻ കഷ്ടതയിൽ ആയതു നന്നായി
അതിനാൽ എനിക്ക് അവിടത്തെ ഉത്തരവുകൾ പഠിക്കാൻ കഴിയുന്നല്ലോ.
ആയിരമായിരം വെള്ളി, സ്വർണം എന്നീ നാണയങ്ങളെക്കാൾ
തിരുവായിൽനിന്നുള്ള ന്യായപ്രമാണം എനിക്ക് അധികം വിലയേറിയത്.