യഹോവേ, പൂർണഹൃദയത്തോടെ ഞാൻ വിളിച്ചപേക്ഷിക്കുന്നു; എനിക്ക് ഉത്തരമരുളണമേ, ഞാൻ അവിടത്തെ ഉത്തരവുകൾ പ്രമാണിക്കും. ഞാൻ അങ്ങയോടു നിലവിളിക്കുന്നു; എന്നെ രക്ഷിക്കണമേ, ഞാൻ അവിടത്തെ നിയമവ്യവസ്ഥകൾ അനുസരിക്കും. ഞാൻ സൂര്യോദയത്തിനുമുൻപേ ഉണർന്ന്, സഹായത്തിനായി യാചിക്കുന്നു; ഞാൻ എന്റെ പ്രത്യാശ തിരുവചനത്തിൽ അർപ്പിക്കുന്നു. ഞാൻ അവിടത്തെ വാഗ്ദാനങ്ങൾ ധ്യാനിക്കേണ്ടതിന്, രാത്രിയാമങ്ങളിൽ എന്റെ കണ്ണുകൾ തുറന്നുവെച്ചിരിക്കുന്നു. യഹോവേ, അവിടത്തെ അചഞ്ചലസ്നേഹത്താൽ എന്റെ ശബ്ദം കേൾക്കണമേ; അവിടത്തെ നിയമങ്ങൾക്കനുസൃതമായി എന്റെ ജീവൻ സംരക്ഷിക്കണമേ. ദുഷ്ടത മെനയുന്നവർ എന്റെ അടുത്ത് എത്തിയിരിക്കുന്നു എന്നാൽ അവർ അവിടത്തെ ന്യായപ്രമാണത്തിൽനിന്ന് അകലെയാണ്. എന്നിട്ടും യഹോവേ, അവിടന്ന് എനിക്കു സമീപസ്ഥനാണ്, അവിടത്തെ കൽപ്പനകളെല്ലാം സത്യംതന്നെ. അവിടത്തെ നിയമവ്യവസ്ഥകൾ അങ്ങു ശാശ്വതമായി സ്ഥാപിച്ചിരിക്കുന്നു എന്ന് വളരെക്കാലം മുൻപുതന്നെ ഞാൻ ഗ്രഹിച്ചിരിക്കുന്നു. എന്റെ കഷ്ടത കണ്ട് എന്നെ വിടുവിക്കണമേ, കാരണം അവിടത്തെ ന്യായപ്രമാണം ഞാൻ വിസ്മരിച്ചിട്ടില്ലല്ലോ. എന്റെ വ്യവഹാരം നടത്തി എന്നെ വീണ്ടെടുക്കണമേ; അവിടത്തെ വാഗ്ദാനപ്രകാരം എന്റെ ജീവൻ സംരക്ഷിക്കണമേ. രക്ഷ ദുഷ്ടരിൽനിന്ന് അകന്നിരിക്കുന്നു, കാരണം അവർ അവിടത്തെ ഉത്തരവുകൾ അന്വേഷിക്കുന്നില്ല. യഹോവേ, അവിടത്തെ ആർദ്രകരുണ വളരെ വിപുലമാണ്; അവിടത്തെ നിയമങ്ങൾക്കനുസൃതമായി എന്റെ ജീവൻ സംരക്ഷിക്കണമേ. എന്നെ ദ്രോഹിക്കുന്ന എന്റെ ശത്രുക്കൾ അനവധിയാണ്, എന്നാൽ ഞാൻ അവിടത്തെ നിയമവ്യവസ്ഥയിൽനിന്നു തെല്ലും വ്യതിചലിച്ചിട്ടില്ല. ഞാൻ വിശ്വാസഘാതകരെ നിന്ദയോടെ വീക്ഷിക്കുന്നു, കാരണം അവർ അവിടത്തെ വചനം അംഗീകരിക്കുന്നില്ലല്ലോ. അവിടത്തെ പ്രമാണങ്ങൾ ഞാൻ എത്രമേൽ സ്നേഹിക്കുന്നുവെന്നു നോക്കുക; യഹോവേ, അവിടത്തെ അചഞ്ചലസ്നേഹത്തിനനുസൃതമായി എന്റെ ജീവൻ സംരക്ഷിക്കണമേ. അവിടത്തെ വചനങ്ങളെല്ലാം സത്യമാകുന്നു; അവിടത്തെ നീതിനിഷ്ഠമായ നിയമങ്ങളെല്ലാം നിത്യമാണ്.
സങ്കീർത്തനങ്ങൾ 119 വായിക്കുക
കേൾക്കുക സങ്കീർത്തനങ്ങൾ 119
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സങ്കീർത്തനങ്ങൾ 119:145-160
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ