സങ്കീർത്തനങ്ങൾ 119:129-144

സങ്കീർത്തനങ്ങൾ 119:129-144 MCV

അവിടത്തെ നിയമവ്യവസ്ഥകൾ അതിശയകരം; ആയതിനാൽ ഞാൻ അവ അനുസരിക്കുന്നു. അവിടത്തെ വചനം തുറക്കപ്പെടുമ്പോൾ അതു പ്രകാശപൂരിതമാകുന്നു; ഇതു ലളിതമാനസരെ പ്രബുദ്ധരാക്കുന്നു. അവിടത്തെ കൽപ്പനകൾക്കായുള്ള അഭിവാഞ്ഛയാൽ, ഞാൻ വായ് തുറക്കുകയും കിതയ്ക്കുകയുംചെയ്യുന്നു. തിരുനാമത്തെ സ്നേഹിക്കുന്നവരോട് അവിടന്ന് എപ്പോഴും ചെയ്യുന്നതുപോലെ, എന്നിലേക്കുതിരിഞ്ഞ് എന്നോടു കരുണ കാണിക്കണമേ. തിരുവചനപ്രകാരം എന്റെ കാലടികളെ നയിക്കണമേ; ഒരു അകൃത്യവും എന്റെമേൽ വാഴാതിരിക്കട്ടെ. മനുഷ്യരുടെ പീഡനത്തിൽനിന്നും എന്നെ വീണ്ടെടുക്കണമേ, അപ്പോൾ ഞാൻ അവിടത്തെ പ്രമാണങ്ങൾ പ്രാവർത്തികമാക്കും. അവിടത്തെ ദാസന്റെമേൽ അങ്ങയുടെ മുഖം പ്രകാശിപ്പിച്ച് അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കണമേ. ജനം അവിടത്തെ ന്യായപ്രമാണം അനുസരിക്കാത്തതിനാൽ, എന്റെ മിഴികളിൽനിന്നു കണ്ണുനീർച്ചാലുകൾ ഒഴുകുന്നു. യഹോവേ, അവിടന്നു നീതിമാൻ ആകുന്നു, അവിടത്തെ നിയമങ്ങളും നീതിയുക്തമായവ. അവിടന്നു നടപ്പാക്കിയ നിയമവ്യവസ്ഥകൾ നീതിയുള്ളവ; അവ പൂർണമായും വിശ്വാസയോഗ്യമാകുന്നു. എന്റെ ശത്രുക്കൾ തിരുവചനം തിരസ്കരിക്കുന്നതുകൊണ്ട്, എന്റെ തീക്ഷ്ണത എന്നെ ദഹിപ്പിക്കുന്നു. അവിടത്തെ വാഗ്ദാനങ്ങൾ സ്‌ഫുടംചെയ്തവയാണ്, അതിനാൽ അങ്ങയുടെ ദാസൻ അവ സ്നേഹിക്കുന്നു. ഞാൻ വിനയാന്വിതനും നിന്ദിതനുമെങ്കിലും, അവിടത്തെ പ്രമാണങ്ങളൊന്നും ഞാൻ മറക്കുന്നില്ല. അവിടത്തെ നീതി ശാശ്വതവും ന്യായപ്രമാണം സത്യവും ആകുന്നു. കഷ്ടതയും വിപത്തും എന്നെ പിടികൂടിയിരിക്കുന്നു, എന്നാൽ അവിടത്തെ കൽപ്പനകൾ എനിക്ക് ആനന്ദം പകരുന്നു. അവിടത്തെ നിയമവ്യവസ്ഥകൾ എപ്പോഴും നീതിയുക്തമായവ; ഞാൻ ജീവിച്ചിരിക്കേണ്ടതിന് എനിക്കു വിവേകം നൽകണമേ.