നീതിനിഷ്ഠവും ന്യായമായതും ഞാൻ പ്രവർത്തിച്ചിരിക്കുന്നു;
എന്റെ പീഡകരുടെ കൈയിലേക്ക് എന്നെ ഏൽപ്പിച്ചുകൊടുക്കരുതേ.
അടിയന്റെ നന്മ അവിടന്ന് ഉറപ്പാക്കണമേ;
അഹങ്കാരികൾ എന്നെ അടിച്ചമർത്താൻ അനുവദിക്കരുതേ.
അങ്ങയുടെ രക്ഷയ്ക്കായി, അവിടത്തെ നീതിനിഷ്ഠമായ വാഗ്ദാനത്തിനായി കാത്തിരുന്ന്,
എന്റെ കണ്ണുകൾ മങ്ങിപ്പോകുന്നു.
അവിടത്തെ അചഞ്ചലസ്നേഹത്തിനനുസൃതമായി അടിയനോട് ഇടപെടണമേ,
അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കണമേ.
ഞാൻ അവിടത്തെ ദാസനാകുന്നു;
അവിടത്തെ നിയമവ്യവസ്ഥകൾ മനസ്സിലാക്കാനുള്ള വിവേകം എനിക്കു നൽകിയാലും.
യഹോവേ, ഇത് അങ്ങേക്കു പ്രവർത്തിക്കാനുള്ള സമയം,
അവിടത്തെ ന്യായപ്രമാണം ലംഘിക്കപ്പെട്ടിരിക്കുന്നു.
അതുകൊണ്ട് അങ്ങയുടെ കൽപ്പനകൾ
സ്വർണത്തെക്കാളും തങ്കത്തെക്കാളും ഞാൻ ഇഷ്ടപ്പെടുന്നു,
അതുനിമിത്തം അവിടത്തെ പ്രമാണങ്ങളെല്ലാം ശരിയെന്നു ഞാൻ അംഗീകരിക്കുന്നു,
എല്ലാ കപടമാർഗവും ഞാൻ വെറുക്കുന്നു.
അവിടത്തെ നിയമവ്യവസ്ഥകൾ അതിശയകരം;
ആയതിനാൽ ഞാൻ അവ അനുസരിക്കുന്നു.
അവിടത്തെ വചനം തുറക്കപ്പെടുമ്പോൾ അതു പ്രകാശപൂരിതമാകുന്നു;
ഇതു ലളിതമാനസരെ പ്രബുദ്ധരാക്കുന്നു.
അവിടത്തെ കൽപ്പനകൾക്കായുള്ള അഭിവാഞ്ഛയാൽ,
ഞാൻ വായ് തുറക്കുകയും കിതയ്ക്കുകയുംചെയ്യുന്നു.
തിരുനാമത്തെ സ്നേഹിക്കുന്നവരോട് അവിടന്ന് എപ്പോഴും ചെയ്യുന്നതുപോലെ,
എന്നിലേക്കുതിരിഞ്ഞ് എന്നോടു കരുണ കാണിക്കണമേ.
തിരുവചനപ്രകാരം എന്റെ കാലടികളെ നയിക്കണമേ;
ഒരു അകൃത്യവും എന്റെമേൽ വാഴാതിരിക്കട്ടെ.
മനുഷ്യരുടെ പീഡനത്തിൽനിന്നും എന്നെ വീണ്ടെടുക്കണമേ,
അപ്പോൾ ഞാൻ അവിടത്തെ പ്രമാണങ്ങൾ പ്രാവർത്തികമാക്കും.
അവിടത്തെ ദാസന്റെമേൽ അങ്ങയുടെ മുഖം പ്രകാശിപ്പിച്ച്
അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കണമേ.
ജനം അവിടത്തെ ന്യായപ്രമാണം അനുസരിക്കാത്തതിനാൽ,
എന്റെ മിഴികളിൽനിന്നു കണ്ണുനീർച്ചാലുകൾ ഒഴുകുന്നു.
യഹോവേ, അവിടന്നു നീതിമാൻ ആകുന്നു,
അവിടത്തെ നിയമങ്ങളും നീതിയുക്തമായവ.
അവിടന്നു നടപ്പാക്കിയ നിയമവ്യവസ്ഥകൾ നീതിയുള്ളവ;
അവ പൂർണമായും വിശ്വാസയോഗ്യമാകുന്നു.
എന്റെ ശത്രുക്കൾ തിരുവചനം തിരസ്കരിക്കുന്നതുകൊണ്ട്,
എന്റെ തീക്ഷ്ണത എന്നെ ദഹിപ്പിക്കുന്നു.
അവിടത്തെ വാഗ്ദാനങ്ങൾ സ്‌ഫുടംചെയ്തവയാണ്,
അതിനാൽ അങ്ങയുടെ ദാസൻ അവ സ്നേഹിക്കുന്നു.
ഞാൻ വിനയാന്വിതനും നിന്ദിതനുമെങ്കിലും,
അവിടത്തെ പ്രമാണങ്ങളൊന്നും ഞാൻ മറക്കുന്നില്ല.
അവിടത്തെ നീതി ശാശ്വതവും
ന്യായപ്രമാണം സത്യവും ആകുന്നു.
കഷ്ടതയും വിപത്തും എന്നെ പിടികൂടിയിരിക്കുന്നു,
എന്നാൽ അവിടത്തെ കൽപ്പനകൾ എനിക്ക് ആനന്ദം പകരുന്നു.
അവിടത്തെ നിയമവ്യവസ്ഥകൾ എപ്പോഴും നീതിയുക്തമായവ;
ഞാൻ ജീവിച്ചിരിക്കേണ്ടതിന് എനിക്കു വിവേകം നൽകണമേ.
യഹോവേ, പൂർണഹൃദയത്തോടെ ഞാൻ വിളിച്ചപേക്ഷിക്കുന്നു; എനിക്ക് ഉത്തരമരുളണമേ,
ഞാൻ അവിടത്തെ ഉത്തരവുകൾ പ്രമാണിക്കും.
ഞാൻ അങ്ങയോടു നിലവിളിക്കുന്നു; എന്നെ രക്ഷിക്കണമേ,
ഞാൻ അവിടത്തെ നിയമവ്യവസ്ഥകൾ അനുസരിക്കും.
ഞാൻ സൂര്യോദയത്തിനുമുൻപേ ഉണർന്ന്, സഹായത്തിനായി യാചിക്കുന്നു;
ഞാൻ എന്റെ പ്രത്യാശ തിരുവചനത്തിൽ അർപ്പിക്കുന്നു.
ഞാൻ അവിടത്തെ വാഗ്ദാനങ്ങൾ ധ്യാനിക്കേണ്ടതിന്,
രാത്രിയാമങ്ങളിൽ എന്റെ കണ്ണുകൾ തുറന്നുവെച്ചിരിക്കുന്നു.
യഹോവേ, അവിടത്തെ അചഞ്ചലസ്നേഹത്താൽ എന്റെ ശബ്ദം കേൾക്കണമേ;
അവിടത്തെ നിയമങ്ങൾക്കനുസൃതമായി എന്റെ ജീവൻ സംരക്ഷിക്കണമേ.
ദുഷ്ടത മെനയുന്നവർ എന്റെ അടുത്ത് എത്തിയിരിക്കുന്നു
എന്നാൽ അവർ അവിടത്തെ ന്യായപ്രമാണത്തിൽനിന്ന് അകലെയാണ്.
എന്നിട്ടും യഹോവേ, അവിടന്ന് എനിക്കു സമീപസ്ഥനാണ്,
അവിടത്തെ കൽപ്പനകളെല്ലാം സത്യംതന്നെ.
അവിടത്തെ നിയമവ്യവസ്ഥകൾ അങ്ങു ശാശ്വതമായി സ്ഥാപിച്ചിരിക്കുന്നു എന്ന്
വളരെക്കാലം മുൻപുതന്നെ ഞാൻ ഗ്രഹിച്ചിരിക്കുന്നു.