സങ്കീർത്തനങ്ങൾ 118:15-24

സങ്കീർത്തനങ്ങൾ 118:15-24 MCV

നീതിനിഷ്ഠരുടെ കൂടാരങ്ങളിൽ ആനന്ദത്തിന്റെയും വിജയത്തിന്റെയും ഘോഷം ഉയരുന്നു: “യഹോവയുടെ വലങ്കൈ വൻകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു! യഹോവയുടെ വലങ്കൈ ഉയർന്നിരിക്കുന്നു; യഹോവയുടെ വലങ്കൈ വൻകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു!” ഞാൻ മരിക്കുകയില്ല, എന്നാൽ ജീവിച്ചിരുന്ന്, യഹോവയുടെ പ്രവൃത്തികൾ വർണിക്കും. യഹോവ എന്നെ തിരുത്തുന്നതിന് കഠിനമായി ശിക്ഷിക്കുന്നു, എങ്കിലും അവിടന്ന് എന്നെ മരണത്തിന് ഏൽപ്പിച്ചുകൊടുത്തില്ല. നീതിയുടെ കവാടങ്ങൾ എനിക്കായി തുറന്നു തരിക; ഞാൻ അവയിലൂടെ പ്രവേശിച്ച് യഹോവയ്ക്കു സ്തോത്രമർപ്പിക്കും. യഹോവയുടെ കവാടം ഇതാകുന്നു നീതിനിഷ്ഠർ അതിൽക്കൂടെ പ്രവേശിക്കും. അവിടന്ന് എനിക്ക് ഉത്തരമരുളിയതുകൊണ്ട് ഞാൻ അങ്ങേക്കു സ്തോത്രംചെയ്യും; അങ്ങ് എന്റെ രക്ഷയായിത്തീർന്നിരിക്കുന്നുവല്ലോ. ശില്പികൾ ഉപേക്ഷിച്ച ആ കല്ലുതന്നെ മൂലക്കല്ലായിത്തീർന്നിരിക്കുന്നു; ഇത് യഹോവ ചെയ്തു; നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യകരവുമായിരിക്കുന്നു. ഇന്ന് യഹോവ ഉണ്ടാക്കിയ ദിവസം; ഇന്ന് നമുക്ക് ആനന്ദിച്ച് ഉല്ലസിക്കാം.