സങ്കീർത്തനങ്ങൾ 106:7-21

സങ്കീർത്തനങ്ങൾ 106:7-21 MCV

ഞങ്ങളുടെ പൂർവികർ ഈജിപ്റ്റിൽ ആയിരുന്നപ്പോൾ, അവിടത്തെ അത്ഭുതപ്രവൃത്തികൾ അവർ പരിഗണിച്ചില്ല; അവിടത്തെ അളവറ്റ കരുണ അവർ അനുസ്മരിച്ചില്ല, ചെങ്കടൽതീരത്തുവെച്ചുതന്നെ അവർ അങ്ങയോട് മത്സരിച്ചു. എന്നിട്ടും അങ്ങയുടെ നാമത്തെപ്രതി അങ്ങ് അവരെ രക്ഷിച്ചു, അവിടത്തെ മഹാശക്തി വെളിപ്പെടുത്തുന്നതിനായിത്തന്നെ. അവിടന്ന് ചെങ്കടലിനെ ശാസിച്ചു, അത് ഉണങ്ങിവരണ്ടു; അവരെ മരുഭൂമിയിലൂടെ എന്നപോലെ ആഴിയിലൂടെ നടത്തി. അവിടന്നവരെ ശത്രുക്കളുടെ കൈകളിൽനിന്നു രക്ഷിച്ചു; തങ്ങളുടെ എതിരാളികളുടെ കൈകളിൽനിന്നും അവിടന്ന് അവരെ മോചിപ്പിച്ചു. ജലപ്രവാഹം അവരുടെ ശത്രുക്കളെ മൂടിക്കളഞ്ഞു; അവരിൽ ഒരാൾപോലും അതിനെ അതിജീവിച്ചില്ല. അപ്പോൾ അവർ അവിടത്തെ വാഗ്ദത്തങ്ങളിൽ വിശ്വസിച്ച് സ്തുതിഗീതങ്ങൾ ആലപിച്ചു. എങ്കിലും അതിവേഗത്തിൽ അവർ അവിടത്തെ പ്രവൃത്തികൾ വിസ്മരിച്ചു അവിടത്തെ ആലോചനയ്ക്കായി കാത്തിരുന്നതുമില്ല. മരുഭൂമിയിൽവെച്ച് അവർ അത്യാർത്തിക്ക് അടിമപ്പെട്ടു; വിജനദേശത്ത് അവർ ദൈവത്തെ പരീക്ഷിച്ചു. അതിനാൽ അവർ ആശിച്ചതുതന്നെ അവിടന്ന് അവർക്കു നൽകി, എന്നാൽ ഒരു മഹാവ്യാധിയും അവർക്കിടയിലേക്ക് അയച്ചു. പാളയത്തിൽവെച്ച് അവർ മോശയോടും യഹോവയ്ക്കായി വിശുദ്ധീകരിക്കപ്പെട്ട അഹരോനോടും അസൂയപ്പെട്ടു. ഭൂമി വായ്‌പിളർന്ന് ദാഥാനെ വിഴുങ്ങി; അബീരാമിന്റെ സംഘത്തെ മൂടിക്കളഞ്ഞു. അവരുടെ അനുയായികൾക്കിടയിൽ അഗ്നി ജ്വലിച്ചു; ആ ദുഷ്ടരെ അഗ്നിജ്വാല ദഹിപ്പിച്ചുകളഞ്ഞു. ഹോരേബിൽവെച്ച് അവർ ഒരു കാളക്കിടാവിനെ ഉണ്ടാക്കി; വാർത്തുണ്ടാക്കിയ വിഗ്രഹത്തിനുമുന്നിൽ അവർ മുട്ടുമടക്കി. അവർ തങ്ങളുടെ തേജസ്സേറിയ ദൈവത്തിന്റെ സ്ഥാനത്ത് പുല്ലുതിന്നുന്ന കാളയുടെ പ്രതിമയെ തെരഞ്ഞെടുത്തു. ഈജിപ്റ്റിൽ മഹത്തരമായ കാര്യങ്ങൾ‍ചെയ്ത തങ്ങളുടെ വിമോചകനായ ദൈവത്തെ അവർ മറന്നു