സങ്കീർത്തനങ്ങൾ 104:24-35

സങ്കീർത്തനങ്ങൾ 104:24-35 MCV

യഹോവേ, വൈവിധ്യമാർന്ന ജീവികളെയാണല്ലോ അവിടന്ന് ഉണ്ടാക്കിയിരിക്കുന്നത്! അവയെയെല്ലാം അങ്ങ് ജ്ഞാനത്തോടെ നിർമിച്ചു; ഭൂമി അവിടത്തെ സൃഷ്ടികളാൽ നിറഞ്ഞിരിക്കുന്നു. അതാ, അനന്തവിശാലമായ സമുദ്രം, ചെറുതും വലുതുമായ ജീവജാലങ്ങൾ നിറഞ്ഞിരിക്കുന്നു— അസംഖ്യം ജീവജാലങ്ങൾ അവിടെ വിഹരിക്കുന്നു. അതിൽക്കൂടി കപ്പലുകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു, അതിൽ തിമിർത്താടുന്നതിനായി അങ്ങ് ഉണ്ടാക്കിയ ലിവ്യാഥാനുമുണ്ട്. തക്കസമയത്ത് ആഹാരം ലഭിക്കുന്നതിനായി എല്ലാ ജീവികളും അങ്ങയിലേക്ക് നോക്കിക്കൊണ്ടിരിക്കുന്നു. അങ്ങ് അവയ്ക്ക് ആഹാരം നൽകുന്നു, അവയത് ശേഖരിക്കുന്നു; അങ്ങ് തൃക്കൈ തുറക്കുമ്പോൾ അവ നന്മകൊണ്ട് തൃപ്തരാകുന്നു. അവിടന്ന് തിരുമുഖം മറയ്ക്കുന്നു, അവ പരിഭ്രാന്തരാകുന്നു; അങ്ങ് അവയുടെ ശ്വാസം എടുക്കുമ്പോൾ അവ ജീവനറ്റ് മണ്ണിലേക്കു മടങ്ങുന്നു. അങ്ങ് അങ്ങയുടെ ആത്മാവിനെ അയയ്ക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു, അങ്ങനെ അങ്ങ് ഭൂമിയുടെ പ്രതലം നവീകരിക്കുന്നു. യഹോവയുടെ മഹത്ത്വം ശാശ്വതമായി നിലനിൽക്കട്ടെ; യഹോവ അവിടത്തെ പ്രവൃത്തികളിൽ ആനന്ദിക്കട്ടെ— അവിടന്ന് ഭൂമിയെ വീക്ഷിക്കുന്നു, അതു പ്രകമ്പനംകൊള്ളുന്നു, അവിടന്ന് പർവതങ്ങളെ സ്പർശിക്കുന്നു, അവ പുകയുന്നു. ഞാൻ എന്റെ ജീവിതം മുഴുവനും യഹോവയ്ക്കു പാടും; എന്റെ ജീവിതകാലമൊക്കെയും ഞാൻ എന്റെ ദൈവത്തെ വാഴ്ത്തിപ്പാടും. ഞാൻ യഹോവയിൽ ആനന്ദിക്കുമ്പോൾ എന്റെ ധ്യാനം അവിടത്തേക്ക് പ്രസാദകരമായിത്തീരട്ടെ. എന്നാൽ പാപികൾ പാരിടത്തിൽനിന്ന് തുടച്ചുനീക്കപ്പെടുകയും ദുഷ്ടർ ഇല്ലാതെയുമായിത്തീരട്ടെ.