സങ്കീർത്തനങ്ങൾ 104:10-23

സങ്കീർത്തനങ്ങൾ 104:10-23 MCV

മലയിടുക്കുകളിൽനിന്ന് അവിടന്ന് നീർച്ചാലുകൾ പുറപ്പെടുവിക്കുന്നു; അവ പർവതങ്ങൾക്കിടയിലൂടെ പാഞ്ഞൊഴുകുന്നു. അവയിൽനിന്ന് വയലിലെ സകലമൃഗജാലങ്ങളും കുടിക്കുന്നു; കാട്ടുകഴുതകളും അവയുടെ ദാഹം ശമിപ്പിക്കുന്നു. ആകാശത്തിലെ പറവകൾ അവയുടെ തീരങ്ങളിൽ കൂടൊരുക്കുന്നു; ചില്ലകൾക്കിടയിലിരുന്ന് അവ പാടുന്നു. അവിടന്ന് മാളികമുറികളിൽനിന്ന് പർവതങ്ങളെ നനയ്ക്കുന്നു; ഭൂമി അവിടത്തെ പ്രവൃത്തികളുടെ ഫലത്താൽ സംതൃപ്തിനേടുന്നു. കന്നുകാലികൾക്കായി അവിടന്ന് പുല്ല് മുളപ്പിക്കുന്നു മനുഷ്യർക്ക് ആഹാരം ലഭിക്കേണ്ടതിനു ഭൂമിയിൽനിന്ന് സസ്യസമ്പത്തും അവിടന്ന് വളരുമാറാക്കുന്നു: മനുഷ്യഹൃദയത്തിന് ആനന്ദമേകുന്ന വീഞ്ഞ്, അവരുടെ മുഖത്തെ മിനുക്കുന്നതിനുള്ള എണ്ണ, മനുഷ്യഹൃദയത്തിനു ശക്തിപകരുന്ന ആഹാരം എന്നിവതന്നെ. യഹോവയുടെ വൃക്ഷങ്ങൾ നന്നായി നനയ്ക്കപ്പെടുന്നു, അവിടന്ന് നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കൾതന്നെ. അവിടെ പക്ഷികൾ കൂടൊരുക്കുന്നു; കൊക്കുകൾ സരളവൃക്ഷങ്ങളിൽ പാർപ്പിടമൊരുക്കുന്നു. ഉയർന്ന പർവതങ്ങൾ കാട്ടാടുകൾക്കുള്ളതാണ്; കിഴുക്കാംതൂക്കായ പാറ കുഴിമുയലുകൾക്ക് സങ്കേതമാകുന്നു. ഋതുക്കളുടെ മാറ്റങ്ങൾ നിർണയിക്കുന്നതിനായി അവിടന്ന് ചന്ദ്രനെ നിർമിച്ചു, എപ്പോഴാണ് അസ്തമിക്കുന്നതെന്ന് സൂര്യനും നിശ്ചയമുണ്ട്. അവിടന്ന് അന്ധകാരം കൊണ്ടുവരുന്നു, അപ്പോൾ രാത്രിയാകുന്നു, അങ്ങനെ കാട്ടിലെ സകലമൃഗങ്ങളും ഇരതേടി അലയുന്നു. സിംഹങ്ങൾ ഇരയ്ക്കായി ഗർജിക്കുന്നു, ദൈവത്തോട് തങ്ങളുടെ ആഹാരം ചോദിക്കുന്നു. സൂര്യൻ ഉദിക്കുമ്പോൾ അവ പിൻവാങ്ങുന്നു; അവ മടങ്ങിപ്പോയി തങ്ങളുടെ ഗുഹകളിൽ വിശ്രമിക്കുന്നു. അപ്പോൾ മനുഷ്യർ തങ്ങളുടെ വേലയ്ക്കായി പുറപ്പെടുന്നു, വൈകുന്നേരംവരെ അവർ തങ്ങളുടെ വേല തുടരുന്നു.