എൻ മനമേ, യഹോവയെ വാഴ്ത്തുക. എന്റെ ദൈവമായ യഹോവേ, അവിടന്ന് മഹോന്നതനാണ്; അവിടന്ന് പ്രതാപവും മഹത്ത്വവും അണിഞ്ഞിരിക്കുന്നു. ഒരു ഉടയാടപോലെ അവിടന്ന് പ്രകാശത്തെ ചുറ്റിയിരിക്കുന്നു; ഒരു കൂടാരം എന്നപോലെ അവിടന്ന് ആകാശത്തെ വിരിക്കുകയും മാളികയുടെ തുലാങ്ങളെ വെള്ളത്തിനുമീതേ നിരത്തുകയും ചെയ്തിരിക്കുന്നു. അവിടന്ന് മേഘങ്ങളെ തന്റെ തേരാക്കി, കാറ്റിൻചിറകിലേറി സഞ്ചരിക്കുന്നു. അവിടന്ന് കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലകളെ തന്റെ സേവകരും ആക്കുന്നു. അവിടന്ന് ഭൂമിയെ അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു; അതുകൊണ്ട് അത് ഒരിക്കലും ഇളകുകയില്ല. അവിടന്ന് വസ്ത്രംകൊണ്ടെന്നപോലെ അതിനെ ആഴികൊണ്ട് ആവരണംചെയ്തു; വെള്ളം പർവതങ്ങൾക്കുമീതേപോലും നിലകൊണ്ടു. എന്നാൽ അവിടത്തെ ശാസനയാൽ വെള്ളം പിൻവാങ്ങി, അവിടത്തെ ഇടിമുഴക്കത്തിന്റെ ശബ്ദംകേട്ട് അത് പലായനംചെയ്തു; പർവതങ്ങൾ ഉയർന്നു, താഴ്വരകൾ താണു, അവിടന്ന് അവയ്ക്കായി നിശ്ചയിച്ച സ്ഥാനത്തുതന്നെ. അങ്ങ് ആഴികൾക്ക് ലംഘിക്കരുതാത്ത ഒരു അതിർത്തി നിശ്ചയിച്ചു; അവ ഇനിയൊരിക്കലും ഭൂമിയെ മൂടുകയില്ല. മലയിടുക്കുകളിൽനിന്ന് അവിടന്ന് നീർച്ചാലുകൾ പുറപ്പെടുവിക്കുന്നു; അവ പർവതങ്ങൾക്കിടയിലൂടെ പാഞ്ഞൊഴുകുന്നു. അവയിൽനിന്ന് വയലിലെ സകലമൃഗജാലങ്ങളും കുടിക്കുന്നു; കാട്ടുകഴുതകളും അവയുടെ ദാഹം ശമിപ്പിക്കുന്നു. ആകാശത്തിലെ പറവകൾ അവയുടെ തീരങ്ങളിൽ കൂടൊരുക്കുന്നു; ചില്ലകൾക്കിടയിലിരുന്ന് അവ പാടുന്നു. അവിടന്ന് മാളികമുറികളിൽനിന്ന് പർവതങ്ങളെ നനയ്ക്കുന്നു; ഭൂമി അവിടത്തെ പ്രവൃത്തികളുടെ ഫലത്താൽ സംതൃപ്തിനേടുന്നു. കന്നുകാലികൾക്കായി അവിടന്ന് പുല്ല് മുളപ്പിക്കുന്നു മനുഷ്യർക്ക് ആഹാരം ലഭിക്കേണ്ടതിനു ഭൂമിയിൽനിന്ന് സസ്യസമ്പത്തും അവിടന്ന് വളരുമാറാക്കുന്നു: മനുഷ്യഹൃദയത്തിന് ആനന്ദമേകുന്ന വീഞ്ഞ്, അവരുടെ മുഖത്തെ മിനുക്കുന്നതിനുള്ള എണ്ണ, മനുഷ്യഹൃദയത്തിനു ശക്തിപകരുന്ന ആഹാരം എന്നിവതന്നെ. യഹോവയുടെ വൃക്ഷങ്ങൾ നന്നായി നനയ്ക്കപ്പെടുന്നു, അവിടന്ന് നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കൾതന്നെ. അവിടെ പക്ഷികൾ കൂടൊരുക്കുന്നു; കൊക്കുകൾ സരളവൃക്ഷങ്ങളിൽ പാർപ്പിടമൊരുക്കുന്നു.
സങ്കീർത്തനങ്ങൾ 104 വായിക്കുക
കേൾക്കുക സങ്കീർത്തനങ്ങൾ 104
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സങ്കീർത്തനങ്ങൾ 104:1-17
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ