യഹോവേ അങ്ങ് ദൂരത്തു നിൽക്കുന്നത് എന്ത്? കഷ്ടതയുടെ നാളുകളിൽ അങ്ങ് മറഞ്ഞുനിൽക്കുന്നതും എന്ത്? ദുഷ്ടർ തങ്ങളുടെ അഹന്തയിൽ പീഡിതരെ വേട്ടയാടുന്നു, അവർ വെച്ച കെണിയിൽ അവർതന്നെ വീണുപോകുന്നു. അവർ തങ്ങളുടെ ഹൃദയാഭിലാഷങ്ങളിൽ പ്രശംസിക്കുന്നു; ആ ദുഷ്ടർ അത്യാഗ്രഹികളെ അനുഗ്രഹിക്കുകയും യഹോവയെ അധിക്ഷേപിക്കുകയുംചെയ്യുന്നു അവർ തങ്ങളുടെ അഹന്തയിൽ ദൈവത്തെ അന്വേഷിക്കുന്നില്ല; അവരുടെ ചിന്തകളിൽ ദൈവത്തിന് ഒരു സ്ഥാനവുമില്ല. എന്നിട്ടും അവരുടെ മാർഗങ്ങളിൽ എപ്പോഴും അഭിവൃദ്ധിയുണ്ടാകുന്നു; അങ്ങയുടെ ന്യായവിധികൾ അവരുടെ കാഴ്ചയ്ക്ക് എത്താത്തവിധം ഉയർന്നിരിക്കുന്നു; അവർ തങ്ങളുടെ ശത്രുക്കളെ അവജ്ഞയോടെ നോക്കുന്നു. അവർ തങ്ങളോടുതന്നെ പറയുന്നു, “ഒന്നിനുമെന്നെ ഇളക്കിമറിക്കാൻ കഴിയുകയില്ല.” അവർ ശപഥംചെയ്യുന്നു, “തലമുറകളോളം എനിക്കൊരനർഥവും വരികയില്ല.” അവരുടെ വായിൽ ശാപവും വ്യാജവും ഭീഷണിയും നിറഞ്ഞിരിക്കുന്നു; അവരുടെ നാവിൻകീഴിൽ ഉപദ്രവവും ദുഷ്ടതയും കുടിപാർക്കുന്നു. അവർ ഗ്രാമങ്ങൾക്കരികെ പതിയിരിക്കുന്നു; ഒളിയിടങ്ങളിലിരുന്ന് അവർ നിരപരാധികളെ വധിക്കുന്നു. അവരുടെ കണ്ണ് അഗതികളെ തെരഞ്ഞുകൊണ്ടിരിക്കുന്നു; ഒരു സിംഹത്തെപ്പോലെ അവർ പതുങ്ങി കാത്തിരിക്കുന്നു. നിസ്സഹായരെ പിടികൂടാൻ അവർ പതുങ്ങിയിരിക്കുന്നു; അശരണരെ കടന്നുപിടിക്കുകയും അവരെ തങ്ങളുടെ വലയ്ക്കുള്ളിലാക്കുകയും ചെയ്യുന്നു. അവരുടെ ഇരകളെ അവർ തകർക്കുന്നു, അവർ കുഴഞ്ഞുവീഴുന്നു; അവരുടെ കരബലത്തിൻകീഴിലവർ നിലംപരിശാകുന്നു. “ദൈവം മറന്നുപോയിരിക്കുന്നു,” എന്ന് അവർ ആത്മഗതം ചെയ്യുന്നു; “തിരുമുഖം മൂടിയിരിക്കുന്നു, ഒന്നും കാണുന്നില്ല,” എന്നുമവർ പറയുന്നു. യഹോവേ, എഴുന്നേൽക്കണമേ! അല്ലയോ ദൈവമേ, തൃക്കൈ ഉയർത്തണമേ. അശരണരെ ഒരിക്കലും വിസ്മരിക്കരുതേ. ദുഷ്ടർ ദൈവത്തോട് എതിർത്തുനിൽക്കുന്നത് എന്തിന്? “ദൈവം ഞങ്ങളോട് കണക്കു ചോദിക്കുകയില്ല,” എന്ന് അവർ ആത്മഗതം ചെയ്യുന്നതും എന്തുകൊണ്ട്? എന്നാൽ ദൈവമേ, അങ്ങ് പീഡിതരുടെ ആകുലതകൾ കാണുന്നല്ലോ; അവരുടെ സങ്കടം അങ്ങ് പരിഗണിക്കുകയും അവ ഏറ്റെടുക്കുകയും ചെയ്യുന്നു. അശരണർ തിരുമുമ്പിൽ അഭയംതേടുന്നു; അങ്ങ് അനാഥരുടെ സഹായകൻ ആണല്ലോ. ദുഷ്ടരുടെ കൈ തകർക്കണമേ; തിന്മപ്രവർത്തിക്കുന്നവരോട് അവരുടെ തിന്മയ്ക്കു കണക്കുചോദിക്കണമേ അവർ ഉന്മൂലനംചെയ്യപ്പെടുംവരെ അവരെ പിൻതുടരണമേ.
സങ്കീർത്തനങ്ങൾ 10 വായിക്കുക
കേൾക്കുക സങ്കീർത്തനങ്ങൾ 10
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സങ്കീർത്തനങ്ങൾ 10:1-15
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ