സദൃശവാക്യങ്ങൾ 8:17-36

സദൃശവാക്യങ്ങൾ 8:17-36 MCV

എന്നെ സ്നേഹിക്കുന്നവരെ ഞാനും സ്നേഹിക്കുന്നു, എന്നെ അന്വേഷിക്കുന്നവർ എന്നെ കണ്ടെത്തും, നിശ്ചയം. എന്റെ അധീനതയിൽ ധനവും ബഹുമാനവും, അനശ്വരസമ്പത്തും അഭിവൃദ്ധിയുമുണ്ട്. എന്റെ ഫലം തങ്കത്തെക്കാൾ ശ്രേഷ്ഠം; എന്റെ വരുമാനം സംശുദ്ധവെള്ളിയെ പിന്നിലാക്കും. ഞാൻ നീതിമാർഗത്തിൽ സഞ്ചരിക്കുന്നു, ന്യായത്തിന്റെ പാതയിൽത്തന്നെ തുടരുന്നു, അതുകൊണ്ട് എന്നെ സ്നേഹിക്കുന്നവർക്ക് സമ്പത്ത് അവകാശമായിനൽകുകയും അവരുടെ ഭണ്ഡാരങ്ങളെ നിറയ്ക്കുകയും ചെയ്യും. “യഹോവ തന്റെ പ്രവൃത്തികളുടെ ആരംഭമായി എന്നെ സൃഷ്ടിച്ചു, തന്റെ പുരാതന പ്രവൃത്തികൾക്കും മുമ്പേതന്നെ; പണ്ടേക്കുപണ്ടേ ഞാൻ സൃഷ്ടിക്കപ്പെട്ടു, ആരംഭത്തിൽ ഭൗമോൽപ്പത്തിക്കും മുൻപുതന്നെ. സമുദ്രങ്ങൾ ഉളവാകുന്നതിനുമുമ്പുതന്നെ എനിക്കു ജന്മം നൽകപ്പെട്ടു, ജലസമൃദ്ധമായ അരുവികൾ ഉണ്ടാകുന്നതിനും മുമ്പേതന്നെ; പർവതങ്ങൾ ഉറപ്പിക്കപ്പെടുന്നതിനുമുമ്പ്, മലകൾക്കും മുമ്പേതന്നെ എനിക്കു ജന്മം നൽകപ്പെട്ടു, അവിടന്ന് ഭൂമണ്ഡലത്തെയോ വയലുകളെയോ ഭൂതലത്തിലെ ഏതെങ്കിലും ധൂളിയെയോ സൃഷ്ടിക്കുന്നതിനു മുമ്പേതന്നെ. അവിടന്ന് ആകാശവിതാനത്തെ അതിന്റെ സ്ഥാനത്ത് ഉറപ്പിച്ചപ്പോൾ ഞാനവിടെ ഉണ്ടായിരുന്നു, ആഴിയുടെ പരപ്പിൽ ചക്രവാളം വരച്ചപ്പോഴും, അവിടന്ന് മേഘങ്ങളെ ഉയരത്തിൽ സ്ഥാപിച്ചപ്പോഴും അഗാധതയുടെ ഉറവുകളെ സുരക്ഷിതമായി ഉറപ്പിച്ചപ്പോഴും, ആഴികൾ അവിടത്തെ ആജ്ഞകൾ അതിലംഘിക്കാതിരിക്കാൻ അവിടന്ന് ആഴിക്ക് അതിരിട്ടപ്പോഴും അവിടന്ന് ഭൂമിയുടെ അസ്തിവാരം ഉറപ്പിച്ചപ്പോഴും, ഒരു വിദഗ്ദ്ധശില്പിയായി, അവിടത്തെ സഹചാരിയായി ഞാൻ നിന്നു. പ്രതിദിനം ഞാൻ ആനന്ദഭരിതനായിനിന്നു, അവിടത്തെ സന്നിധാനത്തിൽ ആഹ്ലാദപൂർണനായി കഴിഞ്ഞു, അവിടന്നു സൃഷ്ടിച്ച ലോകത്തിൽ ഞാൻ എത്ര ഉല്ലാസഭരിതനായിരുന്നു മനുഷ്യകുലത്തോടൊപ്പം ഞാൻ എത്രമാത്രം ആനന്ദിച്ചു. “അതുകൊണ്ട് ഇപ്പോൾ, എന്റെ കുഞ്ഞുങ്ങളേ, എന്നെ ശ്രദ്ധിക്കുക; എന്റെ വഴികൾ ആചരിക്കുന്നവർ അനുഗൃഹീതർ. എന്റെ പ്രബോധനം കേട്ട് വിവേകിയാകുക; അവ അവഗണിക്കരുത്. എന്നെ ശ്രദ്ധിക്കുന്നവർ അനുഗൃഹീതർ, അനുദിനം എന്റെ പ്രവേശനകവാടത്തിൽ കാത്തുനിന്നും എന്റെ പടിവാതിലിൽ കാവൽകാത്തുംതന്നെ. എന്നെ കണ്ടെത്തുന്നവർ ജീവൻ കണ്ടെത്തുകയും യഹോവയിൽനിന്ന് പ്രസാദം നേടുകയും ചെയ്യുന്നു. എന്നിൽനിന്ന് അകന്നുപോകുന്നവർ അവർക്കുതന്നെ ദോഷംവരുത്തുന്നു; എന്നെ വെറുക്കുന്നവരെല്ലാം മരണത്തെ സ്നേഹിക്കുന്നു.”