എന്റെ വീടിന്റെ ജനാലയ്ക്കരികിൽ അഴികളിലൂടെ ഞാൻ പുറത്തേക്കുനോക്കി. യുവാക്കളുടെ മധ്യത്തിൽ ഞാൻ ശ്രദ്ധിച്ചു, ഒരു ലളിതമാനസനെ ഞാൻ കണ്ടു, ഒരു ശുദ്ധഗതിക്കാരനായ യുവാവിനെത്തന്നെ. അയാൾ തെരുക്കോണിലുള്ള അവളുടെ വീടിന്റെ അടുത്തേക്ക്; അവളുടെ ഭവനംതന്നെ ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു, അന്തിമയക്കത്തിൽ പ്രകാശം മങ്ങി, രാവ് ഇരുണ്ടുവരുന്ന നേരത്തുതന്നെ ആയിരുന്നു അത്. അപ്പോൾ കുടിലചിത്തയായ ഒരുവൾ വേശ്യാസമാനം വസ്ത്രംധരിച്ച്, അവനെ എതിരേറ്റുവന്നു. അവൾ ധിക്കാരിയും ധാർഷ്ട്യക്കാരിയുമാണ്, അവൾ ഒരിക്കലും വീട്ടിൽ അടങ്ങിയിരിക്കാത്തവളുമാണ്; അവൾ ഇതാ തെരുവോരങ്ങളിൽ, ഇതാ ചത്വരങ്ങളിൽ എല്ലാ കോണുകളിലും അവൾ പതിയിരിക്കുന്നു. അവൾ അവനെ കടന്നുപിടിച്ചു ചുംബിച്ചു ലജ്ജാരഹിതയായി അവനോടു പറഞ്ഞു: “എനിക്കിന്നു വീട്ടിൽ സമാധാനയാഗത്തിന്റെ മാംസം ശേഷിപ്പുണ്ട്, ഇന്നു ഞാൻ എന്റെ നേർച്ചകൾ നിറവേറ്റിക്കഴിഞ്ഞു. അതിനാൽ നിന്നെ എതിരേൽക്കാൻ ഞാൻ പുറത്തേക്കിറങ്ങി വന്നിരിക്കുന്നു; ഞാൻ നിന്നെ അന്വേഷിച്ചു, ഇതാ നിന്നെ കണ്ടെത്തിയിരിക്കുന്നു! ഞാൻ എന്റെ കിടക്ക വിരിച്ചൊരുക്കിയിരിക്കുന്നു ഈജിപ്റ്റിലെ വർണശബളമായ ചണനൂൽകൊണ്ടുതന്നെ. മീറ, ചന്ദനം, ലവംഗം എന്നിവകൊണ്ട് എന്റെ കിടക്ക ഞാൻ സുഗന്ധപൂർണമാക്കിയിരിക്കുന്നു. വരൂ, പ്രഭാതംവരെ നമുക്കു ലീലാവിലാസങ്ങളിൽ രമിക്കാം നമുക്കു പ്രേമരാഗങ്ങളിൽ അഭിരമിക്കാം! എന്റെ ഭർത്താവ് ഭവനത്തിലില്ല; അയാൾ ദൂരയാത്ര പോയിരിക്കുകയാണ്. അയാൾ നിറഞ്ഞ പണസഞ്ചിയുമായാണ് പോയിരിക്കുന്നത്; മടക്കം ഇനി പൗർണമിനാളിലേയുള്ളൂ.” മോഹനവാഗ്ദാനങ്ങളുമായി അവൾ അവനെ വഴിപിഴപ്പിച്ചു; മധുരഭാഷണത്താൽ അവൾ അവനെ വശീകരിച്ചു. ഉടൻതന്നെ അവൻ അവളെ പിൻതുടർന്നു അറവുശാലയിലേക്ക് ആനയിക്കപ്പെടുന്ന കാളയെപ്പോലെ, കുരുക്കിലേക്കു പായുന്ന മാനിനെപ്പോലെ, അവന്റെ കരളിൽ ശരം തറയ്ക്കുന്നതുവരെ, കെണിയിലേക്കു പക്ഷി പറന്നടുക്കുന്നതുപോലെ, സ്വന്തം ജീവനാണ് അപഹരിക്കപ്പെടുന്നത് എന്ന അറിവ് അവനു ലവലേശവുമില്ല.
സദൃശവാക്യങ്ങൾ 7 വായിക്കുക
കേൾക്കുക സദൃശവാക്യങ്ങൾ 7
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സദൃശവാക്യങ്ങൾ 7:6-23
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ