സദൃശവാക്യങ്ങൾ 27:1-10

സദൃശവാക്യങ്ങൾ 27:1-10 MCV

നാളെയെക്കുറിച്ചു വീരവാദം മുഴക്കരുത്, കാരണം ഓരോ ദിവസവും എന്തെല്ലാമാണു കൊണ്ടുവരുന്നതെന്നു നിങ്ങൾ അറിയുന്നില്ലല്ലോ. നിങ്ങളുടെ നാവല്ല, മറ്റുള്ളവർ നിങ്ങളെ പ്രശംസിക്കട്ടെ; നിങ്ങളുടെ അധരമല്ല, അന്യർ നിങ്ങളെ പ്രശംസിക്കട്ടെ. കല്ല് ഘനമേറിയതും മണൽ ഭാരമുള്ളതുമാണ്, എന്നാൽ ഒരു ഭോഷന്റെ പ്രകോപനം ഇവ രണ്ടിലും ഭാരമേറിയതാണ്. കോപം ക്രൂരവും ക്രോധം പ്രളയംപോലെയുമാണ്, എന്നാൽ അസൂയയ്ക്കുമുന്നിൽ ആർക്കു പിടിച്ചുനിൽക്കാൻ കഴിയും? മറച്ചുവെക്കുന്ന സ്നേഹത്തെക്കാളും തുറന്ന ശാസനയാണ് നല്ലത്. സുഹൃത്തിൽനിന്നുള്ള മുറിവുകൾ വിശ്വസനീയം, എന്നാൽ എതിരാളിയോ, ചുംബനം വർഷിക്കുന്നു. ഭക്ഷിച്ചു തൃപ്തരായിരിക്കുന്നവർക്കു തേനട അരോചകമാണ്, എന്നാൽ വിശപ്പുള്ളവർക്ക് കയ്‌പുള്ളതുപോലും മധുരതരമാണ്. വീടുവിട്ടലയുന്ന മനുഷ്യനും കൂടുവിട്ടുഴലുന്ന പക്ഷിയും ഒരുപോലെ. സുഹൃത്തിന്റെ ഹൃദ്യമായ ഉപദേശം സുഗന്ധതൈലവും ധൂപവർഗവുംപോലെ ഹൃദയത്തിനു പ്രസാദകരമാകുന്നു. നിങ്ങളുടെ സുഹൃത്തിനെയോ കുടുംബസുഹൃത്തിനെയോ ഉപേക്ഷിക്കരുത്, ദുരന്തങ്ങൾ നിങ്ങളെ വേട്ടയാടുമ്പോൾ ബന്ധുഭവനങ്ങളിൽ പോകുകയുമരുത്— അകലെയുള്ള ബന്ധുവിനെക്കാൾ ഭേദം സമീപത്തുള്ള അയൽക്കാരാണ്.