നിങ്ങളുടെ ശത്രുവിന്റെ പതനത്തിൽ ആനന്ദിക്കരുത്; അവരുടെ കാലിടറുമ്പോൾ നിന്റെ ഹൃദയം സന്തോഷിക്കുകയുമരുത്, അങ്ങനെയായാൽ, യഹോവ അതുകണ്ട് അതൃപ്തനാകുകയും അവിടത്തെ കോപം ശത്രുവിൽനിന്നു പിൻവലിക്കുകയും ചെയ്യും. ദുഷ്ടർനിമിത്തം ക്ഷോഭിക്കുകയോ നീചരായവരോട് അസൂയപ്പെടുകയോ അരുത്, കാരണം നീചർക്കു ഭാവിപ്രതീക്ഷയില്ല, ദുഷ്ടരുടെ വിളക്ക് ഊതിയണയ്ക്കപ്പെടുകയും ചെയ്യും. എന്റെ കുഞ്ഞേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക, മത്സരികളുടെ സംഘത്തിൽ ചേരുകയുമരുത്, കാരണം അവരിരുവരും മത്സരികൾക്കുനേരേ ശീഘ്രനാശം അയയ്ക്കും, അവർ എന്തൊക്കെ ദുരിതങ്ങളാണ് അഴിച്ചുവിടുന്നതെന്ന് ആർക്കറിയാം? ഇവയും ജ്ഞാനിയുടെ സൂക്തങ്ങൾതന്നെയാണ്: വിധിനിർണയത്തിൽ പക്ഷഭേദം ഉചിതമല്ല: ഒരു കുറ്റവാളിയോട്, “താങ്കൾ നിരപരാധിയാണ്,” എന്നു പറയുന്നവരെ പൊതുജനം ശപിക്കുകയും ജനതകൾ വെറുക്കുകയും ചെയ്യും. എന്നാൽ കുറ്റവാളിയെ ശിക്ഷിക്കുന്നവർക്ക് നന്മ കൈവരും, അനവധി അനുഗ്രഹങ്ങൾ വന്നുചേരും. സത്യസന്ധമായ ഉത്തരം യഥാർഥ സൗഹൃദത്തിന്റെ ചിഹ്നമാണ്. വെളിയിൽ നിന്റെ വേല ക്രമീകരിക്കുക നിന്റെ പുരയിടം ഒരുക്കുക; അതിനുശേഷം നിന്റെ ഗൃഹനിർമിതി തുടങ്ങുക. മതിയായ കാരണമില്ലാതെ നിന്റെ അയൽവാസിക്കെതിരേ മൊഴിനൽകരുത്— നിന്റെ അധരങ്ങൾകൊണ്ട് അവരെ വഞ്ചിക്കരുത്. “അവർ എന്നോടു ചെയ്തതുപോലെതന്നെ ഞാൻ അവരോടുംചെയ്യും; അവർ ചെയ്തതിനൊക്കെ ഞാൻ അവരോടു പകരംവീട്ടും,” എന്നു പറയരുത്. ഞാൻ അലസരുടെ കൃഷിയിടത്തിനരികിലൂടെയും ബുദ്ധിഹീനരുടെ മുന്തിരിത്തോപ്പിനരികിലൂടെയും നടന്നുപോയി; അവിടെയെല്ലാം മുൾച്ചെടികൾ പടർന്നുപിടിച്ചിരിക്കുന്നു, നിലമെല്ലാം കളകൾ മൂടിയിരിക്കുന്നു, അതിലെ മതിലുകൾ ഇടിഞ്ഞുപോയിരിക്കുന്നു. ഞാൻ നിരീക്ഷിച്ചവ വിചിന്തനത്തിനു വിധേയമാക്കി, ഞാൻ കണ്ടതിൽനിന്നും ഒരു പാഠം പഠിച്ചു: ഒരൽപ്പം ഉറക്കം, ഒരൽപ്പം മയക്കം, ഒരൽപ്പനേരംകൂടി കൈകൾ കെട്ടിപ്പിണച്ചുള്ള വിശ്രമം; അങ്ങനെ ദാരിദ്ര്യം കൊള്ളക്കാരെപ്പോലെ നിന്റെമേൽ ചാടിവീഴും ദുർഭിക്ഷത ഒരു ആയുധപാണിയെപ്പോലെ നിന്നെ ആക്രമിക്കും.
സദൃശവാക്യങ്ങൾ 24 വായിക്കുക
കേൾക്കുക സദൃശവാക്യങ്ങൾ 24
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സദൃശവാക്യങ്ങൾ 24:17-34
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ