സദൃശവാക്യങ്ങൾ 14:5-14

സദൃശവാക്യങ്ങൾ 14:5-14 MCV

സത്യസന്ധതയുള്ള സാക്ഷി വ്യാജം പറയുകയില്ല, എന്നാൽ കള്ളസാക്ഷി നുണകൾ പറഞ്ഞുഫലിപ്പിക്കുന്നു. പരിഹാസി ജ്ഞാനം അന്വേഷിക്കുന്നു, കണ്ടെത്തുന്നില്ല, എന്നാൽ വിവേകിക്ക് പരിജ്ഞാനം അനായാസം കൈവരുന്നു. ഭോഷരിൽനിന്നും അകലം പാലിക്കുക; നീ അവരുടെ അധരങ്ങളിൽ പരിജ്ഞാനം കണ്ടെത്തുകയില്ല. വിവേകിയുടെ ജ്ഞാനം അവരുടെ വഴികളിലേക്കുള്ള ആലോചന നൽകുന്നു, എന്നാൽ ഭോഷരുടെ മടയത്തരം അവരെ വഞ്ചിക്കുന്നു. ഭോഷർ പാപത്തിനുള്ള പ്രായശ്ചിത്തത്തെ പരിഹാസത്തോടെ വീക്ഷിക്കുന്നു, എന്നാൽ നീതിനിഷ്ഠർ അവിടത്തെ പ്രീതി ആസ്വദിക്കുന്നു. ഓരോ ഹൃദയവും അതിന്റെ വ്യഥ തിരിച്ചറിയുന്നു, മറ്റാർക്കും അതിന്റെ ആനന്ദത്തിൽ പങ്കുചേരാൻ കഴിയുകയില്ല. ദുഷ്കർമിയുടെ ഭവനം നശിപ്പിക്കപ്പെടും, എന്നാൽ നീതിനിഷ്ഠരുടെ കൂടാരം പുരോഗതി കൈവരിക്കും. ഓരോരുത്തർക്കും തങ്ങളുടെമുമ്പിലുള്ള വഴി ശരിയായത് എന്നു തോന്നാം, എന്നാൽ അവസാനം അതു മരണത്തിലേക്കു നയിക്കുന്നു. ആഹ്ലാദം പങ്കിടുമ്പോഴും ഹൃദയം ദുഃഖഭരിതമാകാം, സന്തോഷം സന്താപത്തിൽ അവസാനിക്കുകയുംചെയ്യാം. വിശ്വാസഘാതകർ തങ്ങളുടെ പ്രവൃത്തികളുടെ ഫലം അനുഭവിക്കും; നല്ല മനുഷ്യർ തങ്ങളുടെ പ്രവൃത്തികളുടെ ഫലവും.