ജ്ഞാനമുള്ള വനിത തന്റെ വീട് പണിയുന്നു, എന്നാൽ ഭോഷയായവൾ സ്വന്തം കൈകൊണ്ട് തന്റെ ഭവനം ഇടിച്ചുതകർക്കുന്നു. യഹോവയെ ഭയപ്പെടുന്നവർ സത്യസന്ധതയോടെ ജീവിക്കുന്നു, എന്നാൽ അവിടത്തെ നിന്ദിക്കുന്നവർ തങ്ങളുടെ കുത്സിതമാർഗം അവലംബിക്കുന്നു. ഭോഷരുടെ വായ് അഹങ്കാരവാക്കുൾ ഉരുവിടുന്നു, എന്നാൽ ജ്ഞാനിയുടെ അധരം അവരെ സംരക്ഷിക്കുന്നു. കാളകൾ ഇല്ലാത്തിടത്ത്, പുൽത്തൊട്ടി ശൂന്യമായിക്കിടക്കുന്നു, എന്നാൽ കാളയുടെ കരുത്തിൽനിന്ന് സമൃദ്ധമായ വിളവുലഭിക്കുന്നു. സത്യസന്ധതയുള്ള സാക്ഷി വ്യാജം പറയുകയില്ല, എന്നാൽ കള്ളസാക്ഷി നുണകൾ പറഞ്ഞുഫലിപ്പിക്കുന്നു. പരിഹാസി ജ്ഞാനം അന്വേഷിക്കുന്നു, കണ്ടെത്തുന്നില്ല, എന്നാൽ വിവേകിക്ക് പരിജ്ഞാനം അനായാസം കൈവരുന്നു. ഭോഷരിൽനിന്നും അകലം പാലിക്കുക; നീ അവരുടെ അധരങ്ങളിൽ പരിജ്ഞാനം കണ്ടെത്തുകയില്ല. വിവേകിയുടെ ജ്ഞാനം അവരുടെ വഴികളിലേക്കുള്ള ആലോചന നൽകുന്നു, എന്നാൽ ഭോഷരുടെ മടയത്തരം അവരെ വഞ്ചിക്കുന്നു. ഭോഷർ പാപത്തിനുള്ള പ്രായശ്ചിത്തത്തെ പരിഹാസത്തോടെ വീക്ഷിക്കുന്നു, എന്നാൽ നീതിനിഷ്ഠർ അവിടത്തെ പ്രീതി ആസ്വദിക്കുന്നു. ഓരോ ഹൃദയവും അതിന്റെ വ്യഥ തിരിച്ചറിയുന്നു, മറ്റാർക്കും അതിന്റെ ആനന്ദത്തിൽ പങ്കുചേരാൻ കഴിയുകയില്ല. ദുഷ്കർമിയുടെ ഭവനം നശിപ്പിക്കപ്പെടും, എന്നാൽ നീതിനിഷ്ഠരുടെ കൂടാരം പുരോഗതി കൈവരിക്കും. ഓരോരുത്തർക്കും തങ്ങളുടെമുമ്പിലുള്ള വഴി ശരിയായത് എന്നു തോന്നാം, എന്നാൽ അവസാനം അതു മരണത്തിലേക്കു നയിക്കുന്നു. ആഹ്ലാദം പങ്കിടുമ്പോഴും ഹൃദയം ദുഃഖഭരിതമാകാം, സന്തോഷം സന്താപത്തിൽ അവസാനിക്കുകയുംചെയ്യാം. വിശ്വാസഘാതകർ തങ്ങളുടെ പ്രവൃത്തികളുടെ ഫലം അനുഭവിക്കും; നല്ല മനുഷ്യർ തങ്ങളുടെ പ്രവൃത്തികളുടെ ഫലവും. ലളിതമാനസർ സകലതും വിശ്വസിക്കുന്നു, വിവേകികൾ തങ്ങളുടെ ചുവടുകൾ സൂക്ഷ്മതയോടെ വെക്കുന്നു. ജ്ഞാനി യഹോവയെ ഭയപ്പെട്ട് അധർമത്തെ അകറ്റിനിർത്തുന്നു, എന്നാൽ ഭോഷർ വീണ്ടുവിചാരമില്ലാത്തവരും സാഹസികരുമാണ്. ഒരു ക്ഷിപ്രകോപി മടയത്തരം പ്രവർത്തിക്കുന്നു, കുടിലതന്ത്രങ്ങൾ മെനയുന്നവർ വെറുക്കപ്പെടുന്നു. ലളിതമാനസർ മടയത്തരം അവകാശമാക്കുന്നു, വിവേകികൾ പരിജ്ഞാനത്താൽ വലയംചെയ്യപ്പെടുന്നു.
സദൃശവാക്യങ്ങൾ 14 വായിക്കുക
കേൾക്കുക സദൃശവാക്യങ്ങൾ 14
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സദൃശവാക്യങ്ങൾ 14:1-18
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ