സദൃശവാക്യങ്ങൾ 11:9-18

സദൃശവാക്യങ്ങൾ 11:9-18 MCV

അഭക്തർ തങ്ങളുടെ അധരങ്ങളാൽ അയൽവാസിക്കു നാശംവരുത്തുന്നു, എന്നാൽ നീതിനിഷ്ഠർ തങ്ങളുടെ പരിജ്ഞാനത്താൽ വിമോചിതരാകും. നീതിനിഷ്ഠരുടെ അഭിവൃദ്ധിയിൽ നഗരവാസികൾ ആഹ്ലാദിക്കുന്നു; ദുഷ്ടരുടെ നാശത്തിൽ ആനന്ദഘോഷം ഉണ്ടാകുന്നു. സത്യസന്ധർക്കു ലഭിക്കുന്ന അനുഗ്രഹംമൂലം നഗരത്തിന് അഭിവൃദ്ധിയുണ്ടാകുന്നു, എന്നാൽ ദുഷ്ടരുടെ ആലോചനയാൽ നഗരം നശിക്കുന്നു. അയൽവാസിയെ അവഹേളിക്കുന്നവർ വകതിരിവില്ലാത്തവർ എന്നാൽ വിവേകി തന്റെ നാവിനെ അടക്കിനിർത്തുന്നു. കിംവദന്തി ആത്മവിശ്വാസത്തെ ഒറ്റിക്കൊടുക്കുന്നു, എന്നാൽ വിശ്വസ്തരോ, രഹസ്യം കാത്തുസൂക്ഷിക്കുന്നു. മാർഗനിർദേശങ്ങളുടെ അഭാവത്താൽ ഒരു ദേശം നിലംപരിശാകുന്നു, എന്നാൽ ഉപദേഷ്ടാക്കളുടെ ബാഹുല്യം വിജയം ഉറപ്പിക്കുന്നു. അന്യനുവേണ്ടി ജാമ്യംനിൽക്കുന്നവർ തീർച്ചയായും ദുഃഖിക്കേണ്ടിവരും, ഒരു ജാമ്യക്കരാറിലും കൈയൊപ്പു ചാർത്താതിരിക്കുന്നവർ സുരക്ഷിതരായിരിക്കും. ദയാശീലയായ വനിത ആദരിക്കപ്പെടുന്നു, എന്നാൽ അനുകമ്പയില്ലാത്ത പുരുഷൻ സമ്പത്തുമാത്രം ആർജിക്കുന്നു. ദയാലു തനിക്കുതന്നെ നന്മനേടുന്നു, എന്നാൽ ക്രൂരർ തങ്ങൾക്കുതന്നെ അനർഥം വരുത്തുന്നു. ദുഷ്ടർ വഞ്ചനയോടെ കൂലിവാങ്ങുന്നു, എന്നാൽ നീതി വിതയ്ക്കുന്നവർ നിലനിൽക്കുന്ന പ്രതിഫലം വാങ്ങുന്നു.