സംഖ്യ 5:1-10

സംഖ്യ 5:1-10 MCV

യഹോവ മോശയോടു കൽപ്പിച്ചു: “കുഷ്ഠരോഗമോ, എന്തെങ്കിലും സ്രവമോ ഉള്ളവരെയും, മൃതശരീരംനിമിത്തം ആചാരപരമായി അശുദ്ധരായവരെയും പാളയത്തിൽനിന്ന് പുറത്താക്കാൻ ഇസ്രായേല്യരോടു കൽപ്പിക്കുക. സ്ത്രീപുരുഷഭേദമെന്യേ അവരെ പുറത്താക്കുക; അവരുടെ ഇടയിൽ ഞാൻ വസിക്കുന്ന പാളയം അവർ അശുദ്ധമാക്കാതിരിക്കാൻ പാളയത്തിൽനിന്ന് അവരെ പുറത്താക്കുക.” ഇസ്രായേല്യർ അങ്ങനെ ചെയ്തു; അവർ അവരെ പാളയത്തിനു പുറത്താക്കി. യഹോവ മോശയോടു കൽപ്പിച്ചതുപോലെതന്നെ അവർ ചെയ്തു. യഹോവ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്യരോടു പറയുക: ‘ഒരു പുരുഷനോ സ്ത്രീയോ ഏതിലെങ്കിലും ഒരാളോടു തെറ്റുചെയ്ത് യഹോവയോട് അവിശ്വസ്തരായാൽ ആ വ്യക്തി കുറ്റക്കാരനാണ്; ആ മനുഷ്യൻ താൻ ചെയ്ത പാപം ഏറ്റുപറയണം. തന്റെ തെറ്റിന് അയാൾ പൂർണ പ്രായശ്ചിത്തം ചെയ്യണം; മുതലിനോട് അഞ്ചിലൊന്നു കൂട്ടിച്ചേർത്ത്, ആരോടു ദ്രോഹം ചെയ്തോ, അയാൾക്കു കൊടുക്കണം. എന്നാൽ തെറ്റിനു പ്രായശ്ചിത്തം ചെയ്യാൻ ആ വ്യക്തിക്ക് അടുത്ത ബന്ധുക്കളാരുമില്ലെങ്കിൽ പ്രായശ്ചിത്തം യഹോവയ്ക്കുള്ളതായിരിക്കും, അത് അവന്റെ പാപപരിഹാരത്തിനുള്ള ആട്ടുകൊറ്റനോടൊപ്പം പുരോഹിതനു കൊടുക്കണം. പുരോഹിതന്റെ മുമ്പിൽ ഇസ്രായേല്യർ കൊണ്ടുവരുന്ന സകലവിശുദ്ധ സംഭാവനകളും അദ്ദേഹത്തിനുള്ളതായിരിക്കും. ഓരോരുത്തരുടെയും വിശുദ്ധവഴിപാടുകൾ അർപ്പിക്കുന്ന വ്യക്തിയുടേതുതന്നെയായിരിക്കും; എന്നാൽ ആ വ്യക്തി പുരോഹിതനു നൽകുന്നതെന്തും പുരോഹിതനുള്ളതായിരിക്കും.’ ”