യഹോവ മോശയോടു കൽപ്പിച്ചു: “നീയും പുരോഹിതനായ എലെയാസാരും സഭയിലെ പിതൃഭവനത്തലവന്മാരുംകൂടി യുദ്ധത്തിൽ പിടിച്ചെടുത്ത സകലമനുഷ്യരെയും മൃഗങ്ങളെയും എണ്ണണം. യുദ്ധത്തിൽ പങ്കെടുത്ത പടയാളികൾക്കും സമൂഹത്തിലെ മറ്റുള്ളവർക്കുമായി കൊള്ളമുതൽ തുല്യ രണ്ടോഹരിയായി പങ്കിടണം. യുദ്ധത്തിൽ പങ്കെടുത്ത പടയാളികളുടേതിൽനിന്ന് യുദ്ധത്തടവുകാരോ കന്നുകാലികളോ കഴുതകളോ ചെമ്മരിയാടോ കോലാടോ ഏതുമാകട്ടെ, അഞ്ഞൂറിലൊന്നുവീതം യഹോവയ്ക്കായി വേർതിരിക്കണം. അതു പടയാളികളുടെ ഓഹരിയിൽനിന്ന് പകുതി യഹോവയ്ക്കു വിശിഷ്ടയാഗാർപ്പണമായി പുരോഹിതനായ എലെയാസാരിനു കൊടുക്കുക. ഇസ്രായേല്യരുടെ ഓഹരിയിൽനിന്നു പകുതി യുദ്ധത്തടവുകാരോ കന്നുകാലികളോ കഴുതകളോ ചെമ്മരിയാടോ കോലാടോ മറ്റ് ഏതുമൃഗമോ ആകട്ടെ അൻപതിന് ഒന്നുവീതം തെരഞ്ഞെടുക്കുക. അവയെ യഹോവയുടെ സമാഗമകൂടാരത്തിൽ ശുശ്രൂഷിക്കുന്ന ലേവ്യർക്കു കൊടുക്കുക.” അങ്ങനെ മോശയും പുരോഹിതനായ എലെയാസാരും യഹോവ മോശയോടു കൽപ്പിച്ചതുപോലെ ചെയ്തു.
പടയാളികൾ എടുത്ത കവർച്ചയ്ക്കുപുറമേ ഉണ്ടായിരുന്ന കൊള്ളമുതൽ 6,75,000 ചെമ്മരിയാട്, 72,000 കന്നുകാലി, 61,000 കഴുത, പുരുഷനുമായി ഒരിക്കലും കിടക്കപങ്കിട്ടിട്ടില്ലാത്തവരായ 32,000 സ്ത്രീകൾ ഇവയായിരുന്നു.
യുദ്ധത്തിൽ പങ്കെടുത്തവർക്കുള്ള ഓഹരി—കൊള്ളമുതലിന്റെ പകുതി—ഇവയായിരുന്നു:
3,37,500 ചെമ്മരിയാട്, അതിൽ യഹോവയ്ക്കുള്ള വിഹിതം 675 ആയിരുന്നു;
36,000 കന്നുകാലി, അതിൽ യഹോവയ്ക്കുള്ള വിഹിതം 72 ആയിരുന്നു;
30,500 കഴുത, അതിൽ യഹോവയ്ക്കുള്ള വിഹിതം 61 ആയിരുന്നു;
16,000 ജനങ്ങൾ, അതിൽ യഹോവയ്ക്കുള്ള വിഹിതം 32 ആയിരുന്നു.
യഹോവ മോശയോടു കൽപ്പിച്ചതുപോലെ മോശ ആ വിഹിതം യഹോവയുടെ ഭാഗമായി പുരോഹിതനായ എലെയാസാരിനു കൊടുത്തു.
പോരാളികൾക്കുള്ളതിൽനിന്ന് മോശ വേർതിരിച്ച, പകുതി കൊള്ളമുതലിൽ, ഇസ്രായേല്യരുടെ ഓഹരി 3,37,500 ചെമ്മരിയാട്, 36,000 കന്നുകാലി, 30,500 കഴുത, 16,000 ജനങ്ങൾ എന്നിവയായിരുന്നു. യഹോവ തന്നോടു കൽപ്പിച്ചതുപോലെ മോശ ഇസ്രായേല്യരുടെ ഓഹരിയിൽനിന്നു പകുതി യുദ്ധത്തടവുകാർ, മൃഗങ്ങൾ എന്നിവയിൽ അൻപതിന് ഒന്നുവീതം സമാഗമകൂടാരത്തിൽ ശുശ്രൂഷിച്ചിരുന്ന ലേവ്യർക്കു കൊടുത്തു.
ഇതിനുശേഷം സൈന്യവിഭാഗങ്ങളുടെമേൽ നിയമിക്കപ്പെട്ടിരുന്ന സഹസ്രാധിപന്മാരും ശതാധിപന്മാരുമായ സൈന്യാധിപന്മാർ മോശയുടെ അടുക്കൽ ചെന്ന് അദ്ദേഹത്തോടു പറഞ്ഞു: “അങ്ങയുടെ ആജ്ഞാനുസരണം അങ്ങയുടെ ദാസന്മാർ പടയാളികളെ എണ്ണി. ഒരുവൻപോലും നഷ്ടപ്പെട്ടിട്ടില്ല. അതുകൊണ്ട് ഞങ്ങൾക്കുവേണ്ടി യഹോവയുടെമുമ്പാകെ പ്രായശ്ചിത്തം ചെയ്യാൻ ഞങ്ങൾക്ക് ഓരോരുത്തർക്കും ലഭിച്ച സ്വർണ ഉരുപ്പടികളായ തോൾവള, കൈവള, മോതിരം, കുണുക്ക്, മാല എന്നിവ യഹോവയ്ക്ക് ഒരു കാഴ്ചയായിക്കൊണ്ടുവന്നിരിക്കുന്നു.”
മോശയും പുരോഹിതനായ എലെയാസാരും അവരിൽനിന്ന് കൈപ്പണിയായി നിർമിച്ച ആ സ്വർണ ഉരുപ്പടികൾ സ്വീകരിച്ചു. സഹസ്രാധിപന്മാരിലും ശതാധിപന്മാരിലുംനിന്ന് അവർ യഹോവയ്ക്കു കാഴ്ചയായി അർപ്പിച്ച സ്വർണം ആകെ 16,750 ശേക്കേൽ ആയിരുന്നു. ഓരോ പടയാളിയും തനിക്കുവേണ്ടി കൊള്ളമുതൽ എടുത്തിരുന്നു. മോശയും പുരോഹിതനായ എലെയാസാരും സഹസ്രാധിപന്മാരിൽനിന്നും ശതാധിപന്മാരിൽനിന്നും സ്വർണം സ്വീകരിച്ച് യഹോവയുടെമുമ്പാകെ ഇസ്രായേല്യർക്ക് ഒരു സ്മാരകമായി സമാഗമകൂടാരത്തിൽ കൊണ്ടുവന്നു.