സംഖ്യ 29:1-11

സംഖ്യ 29:1-11 MCV

“ ‘ഏഴാംമാസം ഒന്നാംതീയതി വിശുദ്ധസഭായോഗം കൂടണം; അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്. അതു നിങ്ങൾക്കു കാഹളങ്ങൾ മുഴക്കാനുള്ള ദിനം. യഹോവയ്ക്കു ഹൃദ്യസുഗന്ധമായി ഊനമില്ലാത്ത ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഏഴ് ആൺകുഞ്ഞാട് എന്നിവ ഹോമയാഗം അർപ്പിക്കണം. ഓരോ കാളയോടുംകൂടെ ഒലിവെണ്ണചേർത്ത മൂന്ന് ഓമെർ നേരിയമാവിന്റെ ഒരു ഭോജനയാഗവും ആട്ടുകൊറ്റനോടുകൂടെ രണ്ട് ഓമെർ, ഏഴ് കുഞ്ഞാടുകളിൽ ഓരോന്നിനോടുംകൂടെ ഒരു ഓമെർ, ഇപ്രകാരം ഒലിവെണ്ണചേർത്ത നേരിയമാവിന്റെ ഭോജനയാഗം ഉണ്ടായിരിക്കണം. നിനക്കു പ്രായശ്ചിത്തം വരുത്താൻ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും ഉൾപ്പെടുത്തുക. ദിവസേനയും മാസംതോറുമുള്ള നിർദിഷ്ട ഹോമയാഗങ്ങൾക്കും അവയോടുകൂടെയുള്ള ഭോജനയാഗങ്ങൾ, പാനീയയാഗങ്ങൾ എന്നിവയ്ക്കുംപുറമേയാണ് ഇവ. അവ യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗം. “ ‘ഈ ഏഴാംമാസം പത്താംതീയതി വിശുദ്ധസഭായോഗം കൂടണം. അന്നു നിങ്ങൾ ആത്മതപനം ചെയ്യുകയും വേലയൊന്നും ചെയ്യാതിരിക്കുകയും വേണം. യഹോവയ്ക്ക് ഹൃദ്യസുഗന്ധമായി ഊനമില്ലാത്ത ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമായ ഏഴ് ആൺകുഞ്ഞാട് എന്നിവ ഹോമയാഗം അർപ്പിക്കുക. ഓരോ കാളയോടുംകൂടെ ഒലിവെണ്ണചേർത്ത മൂന്ന് ഓമെർ നേരിയമാവിന്റെ ഒരു ഭോജനയാഗവും ഉണ്ടായിരിക്കണം. അത് ആട്ടുകൊറ്റനോടുകൂടെ രണ്ട് ഓമെറും ഏഴു കുഞ്ഞാടുകളിൽ ഓരോന്നിനോടുംകൂടെ ഒരു ഓമെറും വീതം ഉണ്ടായിരിക്കണം. പ്രായശ്ചിത്തത്തിനുള്ള പാപശുദ്ധീകരണയാഗത്തിനും പതിവു ഹോമയാഗത്തിനും അതോടുകൂടിയുള്ള ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും ഉൾപ്പെടുത്തണം.