സംഖ്യ 23:13-23

സംഖ്യ 23:13-23 MCV

പിന്നെ ബാലാക്ക് അദ്ദേഹത്തോട്, “താങ്കൾക്ക് അവരെ കാണാവുന്ന മറ്റൊരു സ്ഥലത്തേക്ക് എന്നോടൊപ്പം വരിക; അവരിൽ ഒരു ഭാഗത്തെമാത്രം അല്ലാതെ എല്ലാവരെയും താങ്കൾക്കു കാണാൻ കഴിയുകയില്ല. അവിടെനിന്ന് അവരെ എനിക്കുവേണ്ടി ശപിക്കുക” എന്നു പറഞ്ഞു. അങ്ങനെ ബാലാക്ക് ബിലെയാമിനെ പിസ്ഗാമലയുടെ മുകളിലുള്ള സോഫീം വയലിലേക്കു കൊണ്ടുപോയി. അവിടെ അയാൾ ഏഴു യാഗപീഠങ്ങൾ നിർമിച്ച് ഓരോ പീഠത്തിന്മേലും ഓരോ കാളയെയും ഓരോ ആട്ടുകൊറ്റനെയും അർപ്പിച്ചു. ബിലെയാം ബാലാക്കിനോട്: “താങ്കളുടെ ഹോമയാഗത്തിനരികെ നിൽക്കുക. ഞാൻ അവിടെ യഹോവയെ കാണട്ടെ.” യഹോവ ബിലെയാമിനെ സന്ദർശിച്ച് അദ്ദേഹത്തിന്റെ നാവിൽ ഒരു സന്ദേശം കൊടുത്തിട്ട്, “ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്ന് ഈ ദൂത് അവനു നൽകുക” എന്നു പറഞ്ഞു. അങ്ങനെ ബിലെയാം അയാളുടെ അടുക്കൽ മടങ്ങിച്ചെന്നു; മോവാബ്യപ്രഭുക്കന്മാർ എല്ലാവരോടുംകൂടെ അയാൾ തന്റെ യാഗത്തിന്റെ അടുക്കൽ നിൽക്കുന്നതു കണ്ടു. ബാലാക്ക് അദ്ദേഹത്തോട്, “യഹോവയുടെ അരുളപ്പാടെന്ത്?” എന്നു ചോദിച്ചു. അപ്പോൾ അദ്ദേഹം അറിയിച്ച അരുളപ്പാട് ഇപ്രകാരമായിരുന്നു: “ബാലാക്കേ, എഴുന്നേറ്റു കേൾക്കുക, ശ്രദ്ധിച്ചുകേൾക്കുക; സിപ്പോരിന്റെ പുത്രാ, എനിക്കു ചെവിതരിക. വ്യാജം പറയാൻ ദൈവം മനുഷ്യനല്ല, തന്റെ മനം മാറ്റാൻ മനുഷ്യപുത്രനുമല്ല. അരുളിച്ചെയ്തിട്ട് അവിടന്നു പ്രവർത്തിക്കാതിരിക്കുമോ? വാക്കു പറഞ്ഞിട്ട് നിറവേറ്റാതിരിക്കുമോ? അനുഗ്രഹിക്കാനുള്ളൊരു കൽപ്പന എനിക്കു ലഭിച്ചിരിക്കുന്നു. അവിടന്ന് അനുഗ്രഹിച്ചിരിക്കുന്നു, എനിക്കതു മാറ്റിക്കൂടാ. “അത്യാഹിതം യാക്കോബിൽ കാണാനില്ല. ദുരിതം ഇസ്രായേലിൽ ദർശിക്കാനുമില്ല. യഹോവയായ അവരുടെ ദൈവം അവരോടുകൂടെയുണ്ട്. രാജാവിന്റെ ഗർജനം അവരുടെ മധ്യേയുണ്ട്. ഈജിപ്റ്റിൽനിന്ന് ദൈവം അവരെ കൊണ്ടുവന്നു; ഒരു കാട്ടുകാളയുടെ കരുത്ത് അവർക്കുണ്ട്. യാക്കോബിനെതിരേ ആഭിചാരം ഫലിക്കുകയില്ല, ഇസ്രായേലിനെതിരായി ലക്ഷണവിദ്യയുമില്ല. യാക്കോബിനെയും ഇസ്രായേലിനെയുംപറ്റി, ഇപ്പോൾ ‘ദൈവം ചെയ്തതെന്തെന്നു കാണുക!’ എന്നു പറയപ്പെടും.