യഹോവ മോശയോടു പറഞ്ഞു: “ജനത്തിന്റെ ഇടയിൽ പ്രഭുക്കന്മാരും മേൽവിചാരകരുമായി അംഗീകരിക്കപ്പെട്ട ഇസ്രായേലിലെ ഗോത്രത്തലവന്മാരിൽ എഴുപതുപേരെ എന്റെ അടുക്കൽ കൊണ്ടുവരിക. അവർ വന്ന് സമാഗമകൂടാരത്തിങ്കൽ നിന്നോടൊപ്പം നിൽക്കട്ടെ. അവിടെ ഞാൻ ഇറങ്ങിവന്ന് നിന്നോടു സംസാരിക്കും; നിന്റെമേലുള്ള ആത്മാവിൽ അൽപ്പം എടുത്ത് അവരുടെമേൽ പകരും. ജനത്തിന്റെ ഭാരം വഹിക്കാൻ അവർ നിന്നെ സഹായിക്കും, അങ്ങനെ നീ തനിയേ അതു വഹിക്കേണ്ടിവരികയില്ല. “ജനത്തോടു പറയുക: ‘നാളേയ്ക്കായി നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക, നാളെ നിങ്ങൾ മാംസം ഭക്ഷിക്കും. “ഞങ്ങൾക്കു ഭക്ഷിക്കാൻ മാംസം ആർ തരും? ഈജിപ്റ്റിൽ ഞങ്ങൾക്ക് എത്ര നന്നായിരുന്നു!” എന്നു നിങ്ങൾ കരയുന്നത് യഹോവ കേട്ടു. ഇപ്പോൾ യഹോവ നിങ്ങൾക്കു മാംസം തരും. നിങ്ങൾ അതു തിന്നും. കേവലം ഒരു ദിവസമോ രണ്ടു ദിവസമോ അഞ്ചോ പത്തോ ഇരുപതോ ദിവസമോ അല്ല; ഒരുമാസം മുഴുവൻ—അതു നിങ്ങളുടെ മൂക്കിലൂടെ പുറത്തുവന്ന് നിങ്ങൾക്ക് അറപ്പുണ്ടാകുന്നതുവരെ—നിങ്ങൾ തിന്നും. കാരണം നിങ്ങളുടെ മധ്യത്തിലുള്ള യഹോവയെ നിങ്ങൾ ത്യജിച്ച് “ഞങ്ങൾ ഈജിപ്റ്റിൽനിന്നും പോന്നതെന്തിന്” എന്നു പറഞ്ഞ് അവിടത്തെ മുമ്പാകെ നിലവിളിച്ചല്ലോ.’ ” എന്നാൽ മോശ പറഞ്ഞു: “ഇവിടെ ആറുലക്ഷം യോദ്ധാക്കളുടെ മധ്യേ ഞാൻ നിൽക്കുന്നു, എന്നിട്ടും ‘ഞാൻ അവർക്ക് മാംസം കൊടുക്കും; അവർ ഒരുമാസം അതു ഭക്ഷിക്കും’ എന്ന് അങ്ങു പറയുന്നു. ആടുകളെയും മാടുകളെയും അവർക്കുവേണ്ടി അറത്താലും അവർക്ക് തൃപ്തിയാകുമോ? സമുദ്രത്തിലെ മത്സ്യം മുഴുവനും പിടിച്ചാലും അവർക്കു തികയുമോ?” യഹോവ മോശയോടു പറഞ്ഞു: “യഹോവയുടെ കൈ കുറുകിപ്പോയോ? ഞാൻ അരുളിച്ചെയ്യുന്നത് നിവൃത്തിയാകുമോ ഇല്ലയോ എന്നു നീ ഇപ്പോൾ കാണും.” അങ്ങനെ മോശ പുറത്തുചെന്ന് യഹോവ പറഞ്ഞത് ജനത്തോട് അറിയിച്ചു. എഴുപതു തലവന്മാരെ അദ്ദേഹം വിളിച്ചുകൂട്ടി കൂടാരത്തിനുചുറ്റും നിർത്തി. അപ്പോൾ യഹോവ മേഘത്തിൽ ഇറങ്ങിവന്ന് മോശയോടു സംസാരിച്ചു. അദ്ദേഹത്തിന്റെമേലുണ്ടായിരുന്ന ആത്മാവിൽനിന്ന് കുറെ എടുത്ത് തലവന്മാരായ ആ എഴുപതു പുരുഷന്മാരുടെമേൽ പകർന്നു. ആത്മാവ് അവരുടെമേൽ ആവസിച്ചപ്പോൾ അവർ പ്രവചിച്ചു, പക്ഷേ, പിന്നീട് അവർ അങ്ങനെ ചെയ്തില്ല. എന്നാൽ എൽദാദ്, മേദാദ് എന്ന രണ്ടുപേർ പാളയത്തിൽത്തന്നെ താമസിച്ചു. അവർ ഗോത്രത്തലവന്മാരുടെ കൂട്ടത്തിൽ എണ്ണപ്പെട്ടവരായിരുന്നെങ്കിലും കൂടാരത്തിലേക്കിറങ്ങിച്ചെന്നില്ല. എങ്കിലും ആത്മാവ് അവരുടെമേലും ആവസിച്ചു. അവർ പാളയത്തിൽവെച്ചു പ്രവചിച്ചു. ഒരു യുവാവ് ഓടിച്ചെന്ന് മോശയോടു പറഞ്ഞു: “എൽദാദും മേദാദും പാളയത്തിൽ പ്രവചിക്കുന്നു.” യൗവനംമുതൽ മോശയുടെ സഹായിയായിരുന്ന നൂന്റെ മകനായ യോശുവ അപ്പോൾ പറഞ്ഞു: “എന്റെ യജമാനനായ മോശയേ, അവരെ തടയണമേ!” എന്നാൽ മോശ മറുപടി പറഞ്ഞു: “എന്നെയോർത്ത് നീ അസൂയപ്പെടുന്നോ? യഹോവയുടെ സർവജനവും പ്രവാചകന്മാരാകണമെന്നും യഹോവ തന്റെ ആത്മാവിനെ അവരുടെമേൽ പകരണമെന്നുമാണു ഞാൻ ആഗ്രഹിക്കുന്നത്!” ഇതിനുശേഷം മോശയും ഇസ്രായേലിലെ ഗോത്രത്തലവന്മാരും പാളയത്തിലേക്കു മടങ്ങി. അപ്പോൾ യഹോവയിൽനിന്ന് ഒരു കാറ്റു പുറപ്പെട്ടു; കാറ്റുമൂലം കാടപ്പക്ഷികൾ സമുദ്രത്തിൽനിന്നുവന്നു. അത് അവയെ പാളയത്തിനുചുറ്റും എല്ലായിടത്തും നിലത്തുനിന്ന് ഏകദേശം രണ്ടുമുഴം പൊക്കത്തിൽ എല്ലാ ദിശയിലേക്കും ഒരു ദിവസത്തെ വഴി ദൂരംവരെ വീഴിച്ചു. ആ പകലും രാത്രിമുഴുവനും പിറ്റേന്നാൾ മുഴുവനും ജനം ഇറങ്ങിച്ചെന്ന് കാടപ്പക്ഷി ശേഖരിച്ചു. പത്തു ഹോമറിൽ കുറവ് ആരും ശേഖരിച്ചില്ല. പിന്നീട് അവയെ അവർ പാളയത്തിനു ചുറ്റിലെല്ലാം നിരത്തി. എന്നാൽ മാംസം അവരുടെ പല്ലുകൾക്കിടയിൽ ഇരിക്കുമ്പോൾ, അതു ചവച്ചിറക്കുന്നതിനു മുമ്പുതന്നെ, യഹോവയുടെ കോപം ജനത്തിനുനേരേ ജ്വലിച്ചു. അതുകൊണ്ട് അവിടന്ന് അവരെ ഒരു കഠിനബാധകൊണ്ടു സംഹരിച്ചു.
സംഖ്യ 11 വായിക്കുക
കേൾക്കുക സംഖ്യ 11
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സംഖ്യ 11:16-33
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ