നെഹെമ്യാവ് 8:3-6

നെഹെമ്യാവ് 8:3-6 MCV

ജലകവാടത്തിനുമുമ്പിലെ ചത്വരത്തിലേക്കു തിരിഞ്ഞ്, സ്ത്രീകളുടെയും പുരുഷന്മാരുടെയും ഗ്രഹിക്കാൻ കഴിവുള്ള ആൾക്കാരുടെയും മുമ്പാകെ അദ്ദേഹം അതിരാവിലെമുതൽ ഉച്ചവരെ അതിൽനിന്നു വായിച്ചു; ജനമെല്ലാം ന്യായപ്രമാണഗ്രന്ഥം സശ്രദ്ധം കേട്ടുകൊണ്ടിരുന്നു. ഈ കാര്യത്തിനായി ഉണ്ടാക്കിയ മരംകൊണ്ടുള്ള ഉയർന്ന ഒരു പീഠത്തിൽ ന്യായപ്രമാണോപദേഷ്ടാവായ എസ്രാ കയറിനിന്നു. അദ്ദേഹത്തിന്റെ അടുത്ത് വലതുഭാഗത്ത് മത്ഥിഥ്യാവ്, ശേമാ, അനായാവ്, ഊരിയാവ്, ഹിൽക്കിയാവ്, മയസേയാവ് എന്നിവരും ഇടതുഭാഗത്ത് പെദായാവ്, മീശായേൽ, മൽക്കീയാവ്, ഹാശൂം, ഹശ്ബദ്ദാനാ, സെഖര്യാവ്, മെശുല്ലാം എന്നിവരും നിന്നിരുന്നു. എല്ലാവരെക്കാളും ഉയരത്തിലായിരുന്നു എസ്രാ നിന്നിരുന്നത്. അവിടെ നിന്ന് സർവജനവും കാൺകെ അദ്ദേഹം പുസ്തകം തുറന്നു. അദ്ദേഹം അതു തുറന്നപ്പോൾ ജനമെല്ലാം എഴുന്നേറ്റുനിന്നു. മഹാദൈവമായ യഹോവയെ എസ്രാ സ്തുതിച്ചു; “ആമേൻ! ആമേൻ!” എന്നു ജനമെല്ലാം കൈയുയർത്തി പ്രതിവചിച്ചുകൊണ്ട് വളരെ കുനിഞ്ഞ് മുഖം നിലത്തോടടുപ്പിച്ച് യഹോവയെ ആരാധിച്ചു.