നെഹെമ്യാവ് 4:11-18

നെഹെമ്യാവ് 4:11-18 MCV

“അവർ അറിയുകയോ കാണുകയോ ചെയ്യുന്നതിനുമുമ്പേ നമുക്ക് അവരുടെയിടയിലേക്കു ചെന്ന് അവരെ കൊന്ന് അവരുടെ പണി മുടക്കാം,” എന്ന് ഞങ്ങളുടെ ശത്രുക്കൾ പറയുകയും ചെയ്തു. അവരുടെ സമീപം താമസിച്ചിരുന്ന യെഹൂദന്മാർ ഞങ്ങളുടെ അടുക്കൽവന്ന്, “എങ്ങോട്ടു തിരിഞ്ഞാലും അവർ നമുക്കെതിരേ വരും” എന്നു പത്തിലധികം പ്രാവശ്യം പറഞ്ഞു. അതുകൊണ്ട് ഞാൻ മതിലിന്റെ പൊക്കം വളരെ കുറഞ്ഞു തുറന്നുകിടക്കുന്ന ചില സ്ഥലങ്ങളിൽ വാൾ, കുന്തം, അമ്പ്, എന്നിവയുമായി ആളുകളിൽ ചിലരെ അവരുടെ കുടുംബങ്ങളോടുകൂടെ നിർത്തി. സകലതും നോക്കിയശേഷം ഞാൻ എഴുന്നേറ്റ് പ്രഭുക്കന്മാരോടും ഉദ്യോഗസ്ഥരോടും ശേഷം ജനത്തോടും പറഞ്ഞു: “അവരെ ഭയപ്പെടരുത്; വലിയവനും ഭയങ്കരനുമായ കർത്താവിനെ ഓർക്കുക; അങ്ങനെ നിങ്ങളുടെ സഹോദരങ്ങൾക്കും പുത്രന്മാർക്കും പുത്രിമാർക്കും ഭാര്യമാർക്കും ഭവനങ്ങൾക്കുംവേണ്ടി യുദ്ധംചെയ്യുക.” അവരുടെ ഗൂഢാലോചനയെക്കുറിച്ച് ഞങ്ങൾ അറിഞ്ഞെന്നും ദൈവം തങ്ങളുടെ പദ്ധതി നിഷ്ഫലമാക്കിയെന്നും ഞങ്ങളുടെ ശത്രുക്കൾ കേട്ടശേഷം, ഞങ്ങൾ മതിൽപണിയിലേക്കും ഓരോരുത്തരും അവരവരുടെ വേലയിലേക്കും മടങ്ങി. അന്നുമുതൽ, എന്റെ ആൾക്കാരിൽ പകുതിപേർ ജോലിചെയ്തു; ബാക്കി പകുതിപേർ കുന്തം, പരിച, അമ്പ്, കവചം എന്നിവ വഹിച്ചു നിന്നു. ഉദ്യോഗസ്ഥർ മതിൽ പണിയുന്ന യെഹൂദ്യരുടെ മുഴുവന്റെയും പിന്നിൽ ഉണ്ടായിരുന്നു. ചുമടെടുക്കുന്നവർ ഒരു കൈകൊണ്ടു ജോലി ചെയ്യുകയും മറ്റേ കൈയിൽ ആയുധം പിടിക്കുകയും ചെയ്തു. പണിയുന്നവരെല്ലാം വാൾ അരയ്ക്കു കെട്ടിയിരുന്നു. കാഹളം മുഴക്കുന്നവൻ എന്നോടൊപ്പംതന്നെ നിന്നു.