നെഹെമ്യാവ് 4:1-6

നെഹെമ്യാവ് 4:1-6 MCV

ഞങ്ങൾ മതിൽ പുനർനിർമിക്കുന്നു എന്നു കേട്ടപ്പോൾ സൻബല്ലത്ത് കോപിച്ചു; അദ്ദേഹം വല്ലാതെ രോഷാകുലനായിട്ട്, യെഹൂദന്മാരെ നിന്ദിച്ചു. “ഈ ദുർബലരായ യെഹൂദർ എന്തുചെയ്യാനാണു ഭാവം? മതിൽ പുനരുദ്ധരിക്കാൻ അവർക്കു കഴിയുമോ? യാഗങ്ങൾ അർപ്പിക്കാൻ അവർക്ക് ആകുമോ? ഒരു ദിവസംകൊണ്ട് അവർ പണി തീർത്തുകളയുമോ? വെന്തുകിടക്കുന്ന കൽക്കൂമ്പാരത്തിൽനിന്ന് അവർ കല്ലുകൾ പുനർജീവിപ്പിക്കുമോ?” എന്നിങ്ങനെ തന്റെ കൂട്ടാളികളും ശമര്യാസൈന്യവും കേൾക്കെ അദ്ദേഹം ആക്ഷേപിച്ചു. അദ്ദേഹത്തോടൊപ്പമുള്ള അമ്മോന്യനായ തോബിയാവ് ഇപ്രകാരം പറഞ്ഞു: “അവർ പണിയുന്ന ഈ കന്മതിലിന്മേൽ, ഒരു കുറുക്കൻ കയറിയാൽപോലും അതിലെ കല്ലുകൾ തകർന്നുവീഴും!” ഞങ്ങളുടെ ദൈവമേ, കേൾക്കണമേ! ഞങ്ങൾ നിന്ദിതരായിരിക്കുന്നു. അവരുടെ നിന്ദ അവരുടെ തലയിലേക്കുതന്നെ മടക്കി നൽകണമേ. പ്രവാസദേശത്ത് അവരെ കവർച്ചയ്ക്ക് ഏൽപ്പിക്കണമേ. പണിയുന്നവരുടെനേർക്ക് അവർ നിന്ദ ചൊരിഞ്ഞതിനാൽ തിരുസന്നിധിയിൽ അവരുടെ അകൃത്യം മറയ്ക്കുകയും പാപം മായിക്കുകയും ചെയ്യരുതേ! ജനം പൂർണമനസ്സോടെ വേല ചെയ്തതിനാൽ ഞങ്ങൾ മതിൽമുഴുവനും പകുതിപ്പൊക്കംവരെ പണിതുയർത്തി.