അവർ കഫാർനഹൂമിൽ എത്തി. അദ്ദേഹം വീട്ടിൽ വന്നശേഷം അവരോട്, “നിങ്ങൾ വഴിയിൽവെച്ച് എന്തിനെക്കുറിച്ചായിരുന്നു തർക്കിച്ചുകൊണ്ടിരുന്നത്?” എന്നു ചോദിച്ചു. അവരോ, തങ്ങളിൽ ഏറ്റവും ശ്രേഷ്ഠൻ ആരാണ് എന്നതിനെപ്പറ്റി വഴിയിൽവെച്ചു വാദിക്കുകയായിരുന്നതുകൊണ്ടു നിശ്ശബ്ദരായിരുന്നു. അദ്ദേഹം ഇരുന്നശേഷം തന്റെ പന്ത്രണ്ട് ശിഷ്യന്മാരെയും വിളിച്ചിട്ട് അവരോട്, “നിങ്ങളിൽ ഒന്നാമൻ ആകാൻ ആഗ്രഹിക്കുന്നവൻ ഒടുക്കത്തവനും എല്ലാവർക്കും ദാസനുമാകണം” എന്നു പറഞ്ഞു. അതിനുശേഷം അദ്ദേഹം ഒരു ശിശുവിനെ എടുത്ത് അവരുടെമധ്യത്തിൽ നിർത്തി. പിന്നെ അവനെ കൈകളിൽ എടുത്തുകൊണ്ട് അദ്ദേഹം അവരോടു പറഞ്ഞു: “ഇങ്ങനെയുള്ള ഒരു ശിശുവിനെ എന്റെ നാമത്തിൽ സ്വീകരിക്കുന്നവർ എന്നെ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവരോ എന്നെയല്ല, എന്നെ അയച്ചവനെ സ്വീകരിക്കുന്നു.” “ഗുരോ, ഒരു മനുഷ്യൻ അങ്ങയുടെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങൾ കണ്ടു, അയാൾ ഞങ്ങളോടുകൂടെ അങ്ങയെ അനുഗമിക്കാത്തതുകൊണ്ട് ഞങ്ങൾ അയാളെ വിലക്കി,” എന്നു ശിഷ്യന്മാരിൽ ഒരാളായ യോഹന്നാൻ പറഞ്ഞു. “അയാളെ തടയരുത്” യേശു പറഞ്ഞു, “എന്റെ നാമത്തിൽ അത്ഭുതം പ്രവർത്തിക്കുന്ന ഒരാൾക്ക് അടുത്ത നിമിഷത്തിൽ എന്നെ ദുഷിച്ചു പറയാൻ സാധ്യമല്ല; നമുക്കു പ്രതികൂലമല്ലാത്തയാൾ നമുക്ക് അനുകൂലമാണ്. ക്രിസ്തുവിന്റെ ശിഷ്യർ എന്ന പരിഗണനയിൽ ഒരു പാത്രം വെള്ളമെങ്കിലും നിങ്ങൾക്കു തരുന്നയാൾക്ക് പ്രതിഫലം ലഭിക്കാതിരിക്കുകയില്ല, നിശ്ചയം, എന്നു ഞാൻ നിങ്ങളോടു പറയുന്നു. “എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരാളെങ്കിലും പാപത്തിൽ വീഴുന്നതിന് ആരെങ്കിലും കാരണമാകുന്നെങ്കിൽ, അയാളുടെ കഴുത്തിൽ ഒരു വലിയ തിരികല്ല് കെട്ടി കടലിൽ എറിയുന്നതാണ് അയാൾക്ക് ഏറെ നല്ലത്. നിന്റെ കൈ നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു വെട്ടി എറിയുക. രണ്ട് കയ്യും ഉള്ളയാളായി കെടാത്ത തീയുള്ള നരകത്തിൽ പോകുന്നതിനെക്കാൾ, അംഗഭംഗമുള്ളയാളായി നിത്യജീവനിൽ കടക്കുന്നതാണ് അയാൾക്കു നല്ലത്. നിന്റെ കാൽ നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു വെട്ടി എറിഞ്ഞുകളയുക. രണ്ട് കാലും ഉള്ളയാളായി നരകത്തിൽ എറിയപ്പെടുന്നതിനെക്കാൾ, മുടന്തുള്ളയാളായി നിത്യജീവനിൽ കടക്കുന്നതാണ് അയാൾക്കു നല്ലത്. നിന്റെ കണ്ണ് നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു ചൂഴ്‌ന്നെടുത്ത് എറിയുക. രണ്ട് കണ്ണും ഉള്ളയാളായി നരകത്തിൽ തള്ളപ്പെടുന്നതിനെക്കാൾ, ഒരു കണ്ണുള്ളയാളായി ദൈവരാജ്യത്തിൽ കടക്കുന്നതാണ് അയാൾക്ക് ഉത്തമം. “ ‘നരകത്തിലുള്ള പുഴു ചാകുന്നില്ല, അവിടത്തെ തീ അണയുന്നതുമില്ല.’ എല്ലാവരും അഗ്നിയാൽ ഉപ്പുള്ളവരായിത്തീരും. “ഉപ്പു നല്ലതുതന്നെ; എന്നാൽ അത് ഉപ്പുരസം ഇല്ലാത്തതായാൽ അതിന്റെ ഉപ്പുരസം വീണ്ടെടുക്കാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കും? നിങ്ങൾ സ്വാദുള്ളവരായും പരസ്പരം സമാധാനത്തോടെ ജീവിക്കുന്നവരായുമിരിക്കുക.”
മർക്കോസ് 9 വായിക്കുക
കേൾക്കുക മർക്കോസ് 9
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മർക്കോസ് 9:33-50
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ