മർക്കോസ് 9:2-10

മർക്കോസ് 9:2-10 MCV

ഇതിനുശേഷം ആറുദിവസം കഴിഞ്ഞ് യേശു പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നിവരെമാത്രം കൂട്ടിക്കൊണ്ട് ഒരു ഉയർന്ന മലയിലേക്കുപോയി. അവിടെവെച്ച് അദ്ദേഹം അവരുടെമുമ്പിൽ രൂപാന്തരപ്പെട്ടു. അദ്ദേഹത്തിന്റെ വസ്ത്രം ഭൂമിയിൽ ആർക്കും വെളുപ്പിക്കാൻ കഴിയുന്നതിലും അധികം വെണ്മയുള്ളതായി തിളങ്ങി. ഏലിയാവും മോശയും അവർക്കു പ്രത്യക്ഷരായി, യേശുവിനോടു സംസാരിച്ചുകൊണ്ടിരുന്നു. അപ്പോൾ പത്രോസ് യേശുവിനോട്, “റബ്ബീ, നാം ഇവിടെ ആയിരിക്കുന്നത് എത്രയോ നല്ലത്; നമുക്ക് ഇവിടെ മൂന്ന് കൂടാരങ്ങൾ ഉണ്ടാക്കാം; ഒന്ന് അങ്ങേക്കും ഒന്ന് മോശയ്ക്കും മറ്റൊന്ന് ഏലിയാവിനും” എന്നു പറഞ്ഞു. എന്തു പറയണമെന്ന് അറിയാഞ്ഞതിനാലാണ് അദ്ദേഹം അപ്രകാരം പറഞ്ഞത്; കാരണം അവർ അത്രയേറെ ഭയവിഹ്വലരായിരുന്നു. അപ്പോൾത്തന്നെ ഒരു മേഘംവന്ന് അവരെ ആവരണംചെയ്തു. മേഘത്തിൽനിന്ന് “ഞാൻ സംപ്രീതനായിരിക്കുന്ന എന്റെ പ്രിയപുത്രൻ ഇവൻതന്നെ, ഇവൻ പറയുന്നത് ശ്രദ്ധിച്ചുകേൾക്കുക” എന്ന് ഒരു അശരീരി ഉണ്ടായി. പെട്ടെന്ന്, അവർ ചുറ്റും നോക്കി; അപ്പോൾ തങ്ങളോടുകൂടെ യേശുവിനെ അല്ലാതെ മറ്റാരെയും പിന്നെ കണ്ടില്ല. അവർ മലയിൽനിന്ന് ഇറങ്ങിവരുമ്പോൾ യേശു അവരോട്, മനുഷ്യപുത്രൻ (ഞാൻ) മരിച്ചവരിൽനിന്ന് ഉയിർക്കുന്നതുവരെ, ഈ കണ്ടത് ആരോടും പറയരുത് എന്നു കൽപ്പിച്ചു. അവർ ഇക്കാര്യം രഹസ്യമായി സൂക്ഷിച്ചു, എന്നാൽ “മരിച്ചവരിൽനിന്ന് ഉയിർക്കുക” എന്നതിന്റെ അർഥം എന്തെന്ന് അവർക്കിടയിൽ ചർച്ചചെയ്തുകൊണ്ടും ഇരുന്നു.