പരീശന്മാർ വന്ന് യേശുവിനോടു തർക്കിച്ചുതുടങ്ങി. യേശു ദൈവപുത്രൻ ആണെന്നതിന് തെളിവായി അവർ സ്വർഗത്തിൽനിന്ന് ഒരു അത്ഭുതചിഹ്നം കാണിക്കണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹം ആത്മാവിൽ ഞരങ്ങിക്കൊണ്ട്: “ഈ തലമുറ എന്തുകൊണ്ടാണ് ചിഹ്നം ആവശ്യപ്പെടുന്നത്? ഞാൻ നിങ്ങളോടു സത്യം പറയുന്നു: ഈ തലമുറയ്ക്ക് ഒരു അത്ഭുതചിഹ്നവും നൽകപ്പെടുകയില്ല” എന്നു പറഞ്ഞു. പിന്നീട് അദ്ദേഹം അവരെവിട്ടു വള്ളത്തിൽ കയറി അക്കരയ്ക്കു യാത്രയായി. വള്ളത്തിൽ തങ്ങളുടെ പക്കൽ ഉണ്ടായിരുന്ന ഒരപ്പം ഒഴികെ വേറെ അപ്പം കൊണ്ടുവരാൻ ശിഷ്യന്മാർ മറന്നുപോയിരുന്നു. “സൂക്ഷിക്കുക, പരീശന്മാരുടെയും ഹെരോദാവിന്റെയും പുളിച്ചമാവിനെപ്പറ്റി ജാഗ്രതയുള്ളവരായിരിക്കുക.” യേശു അവർക്കു മുന്നറിയിപ്പു നൽകി. “നമ്മുടെ പക്കൽ അപ്പം ഇല്ലാത്തതുകൊണ്ടായിരിക്കാം അദ്ദേഹം ഇങ്ങനെ പറഞ്ഞത്” എന്ന് അവർ പരസ്പരം ചർച്ചചെയ്തു. അവരുടെ സംഭാഷണം മനസ്സിലാക്കിയിട്ട് യേശു അവരോടു ചോദിച്ചു, “അപ്പം എടുത്തില്ലെന്നതിനെക്കുറിച്ച് നിങ്ങൾ ചർച്ചചെയ്യുന്നതെന്ത്? നിങ്ങൾ ഇപ്പോഴും കണ്ടു മനസ്സിലാക്കുന്നില്ലേ? നിങ്ങൾക്ക് കാര്യങ്ങൾ വേണ്ടതുപോലെ മനസ്സിലാക്കാൻ കഴിയുന്നില്ലേ? അതോ, കണ്ണുണ്ടായിട്ടും കാണുന്നില്ലേ? ചെവിയുണ്ടായിട്ടും കേൾക്കുന്നില്ലേ? നിങ്ങൾ ഓർക്കുന്നതുമില്ലേ? ഞാൻ അഞ്ചപ്പംകൊണ്ട് അയ്യായിരത്തെ പരിപോഷിപ്പിച്ചപ്പോൾ ശേഷിച്ച കഷണങ്ങൾ എത്ര കുട്ട നിറച്ചാണ് നിങ്ങൾ പെറുക്കിയത്?” “പന്ത്രണ്ട്” അവർ മറുപടി പറഞ്ഞു. “ഞാൻ ഏഴ് അപ്പം നുറുക്കി നാലായിരത്തെ പരിപോഷിപ്പിച്ചപ്പോൾ ശേഷിച്ച കഷണങ്ങൾ എത്ര കുട്ട നിറച്ചെടുത്തു?” “ഏഴ്” അവർ മറുപടി പറഞ്ഞു. “ഇപ്പോഴും നിങ്ങൾ ഗ്രഹിക്കുന്നില്ലേ?” അദ്ദേഹം അവരോടു ചോദിച്ചു. അവർ ബേത്ത്സയിദയിൽ എത്തി. അന്ധനായ ഒരാളെ ചിലർ കൊണ്ടുവന്ന് അയാളെ തൊടണമെന്ന് യേശുവിനോട് അപേക്ഷിച്ചു. യേശു അന്ധന്റെ കൈക്കുപിടിച്ചു, ഗ്രാമത്തിനു പുറത്തുകൊണ്ടുപോയി. അദ്ദേഹം അയാളുടെ കണ്ണുകളിൽ തുപ്പി, തന്റെ കൈകൾ അയാളുടെമേൽ വെച്ചുകൊണ്ട് അയാളോട്, “നീ എന്തെങ്കിലും കാണുന്നുണ്ടോ?” എന്നു ചോദിച്ചു. അയാൾ ചുറ്റും നോക്കിയിട്ട്, “ഞാൻ മനുഷ്യരെ കാണുന്നുണ്ട്. പക്ഷേ, വ്യക്തമായിട്ടല്ല, അവർ നടക്കുന്ന മരങ്ങളെപ്പോലെയാണ് കാണപ്പെടുന്നത്” എന്നു പറഞ്ഞു. യേശു വീണ്ടും അയാളുടെ കണ്ണുകളിൽ കൈകൾ വെച്ചു. അപ്പോൾ അയാളുടെ കണ്ണുകൾ തുറന്നു. അയാൾക്കു കാഴ്ച തിരിച്ചു കിട്ടി. അയാൾ സകലതും വ്യക്തമായി കണ്ടു. “ഗ്രാമത്തിനുള്ളിൽ പോകരുത്” എന്നു പറഞ്ഞ് യേശു അയാളെ നേരേ വീട്ടിലേക്കയച്ചു. യേശുവും ശിഷ്യന്മാരും കൈസര്യ ഫിലിപ്പിയിലെ ഗ്രാമങ്ങളിലേക്കു യാത്രയായി. പോകുന്ന വഴിയിൽ അദ്ദേഹം അവരോട്, “ഞാൻ ആര് ആകുന്നു എന്നാണ് ജനങ്ങൾ പറയുന്നത്?” എന്നു ചോദിച്ചു. അതിനു ശിഷ്യന്മാർ, “യോഹന്നാൻസ്നാപകൻ എന്നു ചിലരും ഏലിയാവ് എന്നു മറ്റുചിലരും പ്രവാചകന്മാരിൽ ഒരാൾ എന്നു വേറെ ചിലരും പറയുന്നു” എന്നുത്തരം പറഞ്ഞു. “എന്നാൽ നിങ്ങളോ?” യേശു ആരാഞ്ഞു, “ഞാൻ ആരാകുന്നു എന്നാണ് നിങ്ങൾ പറയുന്നത്?” “അങ്ങ് ക്രിസ്തു ആകുന്നു,” എന്ന് പത്രോസ് പ്രതിവചിച്ചു. തന്നെപ്പറ്റി ആരോടും പറയരുത് എന്ന കർശനനിർദേശവും യേശു അവർക്കു നൽകി.
മർക്കോസ് 8 വായിക്കുക
കേൾക്കുക മർക്കോസ് 8
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മർക്കോസ് 8:11-30
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ