യേശു പിന്നെയും ഗലീലാതടാകതീരത്തേക്കു പോയി. ഒരു വലിയ ജനക്കൂട്ടം അദ്ദേഹത്തിന്റെ അടുത്ത് വന്നുചേർന്നു. അദ്ദേഹം അവരെ ഉപദേശിച്ചുതുടങ്ങി. പിന്നീട് അദ്ദേഹം നടന്നുപോകുമ്പോൾ അല്‌ഫായിയുടെ മകനായ ലേവി നികുതിപിരിവു നടത്താനിരിക്കുന്നതു കണ്ടു. യേശു അയാളോട്, “എന്നെ അനുഗമിക്കുക” എന്നു പറഞ്ഞു. ലേവി എഴുന്നേറ്റ് അദ്ദേഹത്തെ അനുഗമിച്ചു. പിന്നീടൊരിക്കൽ യേശു ലേവിയുടെ ഭവനത്തിൽ വിരുന്നുസൽക്കാരത്തിൽ പങ്കെടുക്കുകയായിരുന്നു. അന്ന് വിരുന്നിന് അദ്ദേഹത്തോടും ശിഷ്യന്മാരോടുമൊപ്പം അനേകം നികുതിപിരിവുകാരും കുപ്രസിദ്ധപാപികളും ഉണ്ടായിരുന്നു; കാരണം, അദ്ദേഹത്തിന്റെ അനുഗാമികളിൽ ഒട്ടേറെപ്പേർ ഇങ്ങനെയുള്ളവർ ആയിരുന്നു. അദ്ദേഹം പാപികളോടും നികുതിപിരിവുകാരോടുമൊപ്പം ഭക്ഷണം കഴിക്കുന്നതു കണ്ടിട്ടു പരീശന്മാരുടെ കൂട്ടത്തിലുള്ള വേദജ്ഞർ യേശുവിന്റെ ശിഷ്യന്മാരോട്, “അദ്ദേഹം നികുതിപിരിവുകാരോടും പാപികളോടുമൊപ്പം ഭക്ഷിക്കുന്നതെന്ത്?” എന്നു ചോദിച്ചു. യേശു ഇതു കേട്ടിട്ട് അവരോട്, “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. ഞാൻ നീതിനിഷ്ഠരെയല്ല, പാപികളെയാണു വിളിക്കാൻ വന്നിരിക്കുന്നത്” എന്ന് ഉത്തരം പറഞ്ഞു. ഒരിക്കൽ, യോഹന്നാൻസ്നാപകന്റെ ശിഷ്യന്മാരും പരീശന്മാരും ഉപവാസം അനുഷ്ഠിച്ചിരുന്നപ്പോൾ, ചിലർ യേശുവിന്റെ അടുക്കൽവന്ന് അദ്ദേഹത്തോടു ചോദിച്ചു: “യോഹന്നാന്റെ ശിഷ്യന്മാരും പരീശന്മാരുടെ ശിഷ്യന്മാരും ഉപവസിക്കുന്നു; എന്നാൽ അങ്ങയുടെ ശിഷ്യന്മാർ അങ്ങനെ ചെയ്യാതിരിക്കുന്നത് എന്തുകൊണ്ട്?” യേശു മറുപടി പറഞ്ഞു: “മണവാളൻ അതിഥികളോടുകൂടെയുള്ളപ്പോൾ വിരുന്നുകാർക്ക് ഉപവസിക്കാൻ കഴിയുന്നതെങ്ങനെ? മണവാളൻ കൂടെയുള്ളേടത്തോളം അവർക്ക് അത് സാധ്യമല്ല. എന്നാൽ മണവാളൻ അവരെ വിട്ടുപിരിയുന്ന കാലം വരും; അന്ന് അവർ ഉപവസിക്കും. “ആരും പുതിയ തുണിക്കഷണം പഴയ വസ്ത്രത്തോടു തുന്നിച്ചേർക്കാറില്ല. അങ്ങനെചെയ്താൽ പുതിയ തുണി ചുരുങ്ങുകയും കീറൽ ഏറെ വഷളാകുകയും ചെയ്യും. ആരും പുതിയ വീഞ്ഞു പഴയ തുകൽക്കുടങ്ങളിൽ സൂക്ഷിക്കാറില്ല; അങ്ങനെചെയ്താൽ വീഞ്ഞ്, കുടങ്ങളെ പിളർക്കുകയും വീഞ്ഞും കുടങ്ങളും നശിക്കുകയും ചെയ്യും. പുതിയ വീഞ്ഞു പുതിയ തുകൽക്കുടങ്ങളിലാണ് പകർന്നുവെക്കേണ്ടത്.” ഒരു ശബ്ബത്തുനാളിൽ യേശു ധാന്യം വിളഞ്ഞുനിൽക്കുന്ന ഒരു വയലിലൂടെ യാത്രചെയ്യുകയായിരുന്നു. യാത്രയ്ക്കിടയിൽ അദ്ദേഹത്തിന്റെ ശിഷ്യന്മാർ കതിരുകൾ പറിച്ചുതുടങ്ങി. പരീശന്മാർ യേശുവിനോട്, “നോക്കൂ! ശബ്ബത്തുനാളിൽ അനുവദനീയമല്ലാത്തത് ഇവർ ചെയ്യുന്നതെന്ത്?” എന്നു ചോദിച്ചു. അതിനുത്തരമായി യേശു: “ദാവീദും സഹയാത്രികരും തങ്ങൾക്കു ഭക്ഷണമൊന്നുമില്ലാതെ വിശന്നപ്പോൾ എന്തു ചെയ്തുവെന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലേ? അബ്യാഥാർ മഹാപുരോഹിതന്റെ കാലത്ത് ദാവീദ് ദൈവാലയത്തിൽ പ്രവേശിച്ച്, പുരോഹിതന്മാർക്കൊഴികെ മറ്റാർക്കും ഭക്ഷിക്കാൻ അനുമതിയില്ലാത്ത, സമർപ്പിക്കപ്പെട്ട അപ്പം ഭക്ഷിക്കുകയും സഹയാത്രികർക്കു നൽകുകയും ചെയ്തു.” തുടർന്ന് യേശു, “മനുഷ്യനുവേണ്ടിയാണ് ശബ്ബത്ത് ഉണ്ടാക്കപ്പെട്ടത്; മറിച്ച് മനുഷ്യൻ ശബ്ബത്തിനുവേണ്ടിയല്ല; മനുഷ്യപുത്രൻ ശബ്ബത്തിന്റെയും അധിപതിയാണ്” എന്നു പറഞ്ഞു.
മർക്കോസ് 2 വായിക്കുക
കേൾക്കുക മർക്കോസ് 2
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മർക്കോസ് 2:13-28
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ