മർക്കോസ് 14:1-25

മർക്കോസ് 14:1-25 MCV

പെസഹയെന്നും വിളിക്കപ്പെട്ടിരുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിന് രണ്ട് ദിവസംകൂടിമാത്രമേ ശേഷിക്കുന്നുണ്ടായിരുന്നുള്ളൂ. പുരോഹിതമുഖ്യന്മാരും വേദജ്ഞരും യേശുവിനെ ചതിവിൽ പിടികൂടി കൊല്ലുന്നതിനെപ്പറ്റി ഗൂഢാലോചന നടത്തി. “കലാപം ഉണ്ടായേക്കാം, അതുകൊണ്ട് ഇത് പെസഹാപ്പെരുന്നാൾ സമയത്ത് പാടില്ല” എന്നിങ്ങനെയായിരുന്നു അവരുടെ ചർച്ച. ഈ സമയത്ത് അദ്ദേഹം ബെഥാന്യയിൽ കുഷ്ഠരോഗിയായിരുന്ന ശിമോന്റെ ഭവനത്തിൽ ഭക്ഷണത്തിനിരിക്കുമ്പോൾ, ഒരു സ്ത്രീ വളരെ വിലപിടിപ്പുള്ള സ്വച്ഛജടാമാഞ്ചിതൈലം നിറച്ച ഒരു വെൺകൽഭരണിയുമായി വന്നു. അവൾ ഭരണി പൊട്ടിച്ച് യേശുവിന്റെ ശിരസ്സിൽ ആ തൈലം ഒഴിച്ചു. അവിടെ ഉണ്ടായിരുന്നവരിൽ ചിലർ നീരസത്തോടെ പരസ്പരം, “ഈ സുഗന്ധതൈലം പാഴാക്കിയതെന്തിന്? ഇത് മുന്നൂറിലധികം ദിനാറിനു വിറ്റു പണം ദരിദ്രർക്ക് ദാനം ചെയ്യാമായിരുന്നല്ലോ?” എന്നു പറഞ്ഞ് അവളെ ശകാരിച്ചു. അതിനു മറുപടിയായി യേശു: “ ‘അവളെ വെറുതേവിട്ടേക്കുക, അവളെ വിമർശിക്കുന്നതെന്തിന്?’ അവൾ എനിക്ക് ചെയ്തത് ഒരു നല്ലകാര്യമാണല്ലോ. ദരിദ്രർ നിങ്ങളോടുകൂടെ എപ്പോഴും ഉണ്ടല്ലോ, അവരെ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും സഹായിക്കാം. ഞാനോ നിങ്ങളോടുകൂടെ എപ്പോഴും ഉണ്ടായിരിക്കുകയില്ല. തനിക്കു കഴിവുള്ളത് അവൾ ചെയ്തു. എന്റെ ശവസംസ്കാരത്തിനുള്ള ഒരുക്കമായി അവൾ ഈ സുഗന്ധതൈലം മുൻകൂട്ടി എന്റെ ശരീരത്തിന്മേൽ ഒഴിക്കുകയാണ് ചെയ്തിരിക്കുന്നത്. ലോകമെങ്ങും, സുവിശേഷം വിളംബരംചെയ്യുന്നിടത്തെല്ലാം, അവൾ ചെയ്തത് അവളുടെ സ്മരണയ്ക്കായി പ്രസ്താവിക്കപ്പെടും, നിശ്ചയം, എന്നു ഞാൻ നിങ്ങളോടു പറയുന്നു.” പിന്നീട് പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ യൂദാ ഈസ്കര്യോത്ത് യേശുവിനെ പുരോഹിതമുഖ്യന്മാർക്ക് ഒറ്റിക്കൊടുക്കുന്നതിനുവേണ്ടി അവരുടെ അടുത്തേക്കുപോയി. അവർ ഇതു കേട്ട് അത്യധികം ആനന്ദിച്ച് അയാൾക്കു പണം നൽകാമെന്ന് വാഗ്ദാനംചെയ്തു. യൂദാ, ആ നിമിഷംമുതൽ യേശുവിനെ അറസ്റ്റ് ചെയ്യിക്കാനുള്ള തക്കംനോക്കിക്കൊണ്ടിരുന്നു. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിലെ ആദ്യദിവസം, പെസഹാക്കുഞ്ഞാടിനെ അറക്കുന്ന ആ ദിവസം, ശിഷ്യന്മാർ യേശുവിനോട്, “അങ്ങേക്ക് പെസഹ ഭക്ഷിക്കാൻ ഞങ്ങൾ എവിടെപ്പോയാണ് ഒരുക്കേണ്ടത്?” എന്നു ചോദിച്ചു. അദ്ദേഹം ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ച് അവരോട്, “നിങ്ങൾ ജെറുശലേം പട്ടണത്തിലേക്ക് പോകുക; ഒരുകുടം വെള്ളം ചുമന്നുകൊണ്ടുപോകുന്ന ഒരുവൻ നിങ്ങൾക്ക് അഭിമുഖമായി വരും. അയാളുടെ പിന്നാലെ ചെല്ലുക. അയാൾ പ്രവേശിക്കുന്ന വീടിന്റെ ഉടമസ്ഥനോട്, ‘ഞാൻ എന്റെ ശിഷ്യന്മാരോടൊത്ത് പെസഹ ആചരിക്കാനുള്ള എന്റെ വിരുന്നുശാല എവിടെ, എന്ന് ഗുരു ചോദിക്കുന്നു എന്നു പറയുക’ എന്നു പറഞ്ഞു. വിശാലവും സുസജ്ജവുമായൊരു മാളികമുറി അയാൾ നിങ്ങൾക്കു കാണിച്ചുതരും. അവിടെ നമുക്കുവേണ്ടി ഒരുക്കങ്ങൾ ചെയ്യുക” എന്നു പറഞ്ഞു. ശിഷ്യന്മാർ യാത്രചെയ്ത് നഗരത്തിലെത്തി; യേശു തങ്ങളോടു പറഞ്ഞിരുന്നതുപോലെതന്നെ എല്ലാം കണ്ടു; അവിടെ അവർ പെസഹ ഒരുക്കി. സന്ധ്യയായപ്പോൾ, യേശു പന്ത്രണ്ട് ശിഷ്യന്മാരോടൊപ്പം അവിടെ എത്തി. അവർ ഭക്ഷണത്തിനിരിക്കുമ്പോൾ, “നിങ്ങളിൽ ഒരുവൻ—എന്നോടുകൂടെ ഭക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരുവൻതന്നെ—എന്നെ ഒറ്റിക്കൊടുക്കും എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു” എന്ന് യേശു പറഞ്ഞു. അവർ ദുഃഖിതരായി; ഓരോരുത്തൻ “അതു ഞാനല്ലല്ലോ,” എന്ന് അദ്ദേഹത്തോട് ചോദിക്കാൻ തുടങ്ങി. അതിനുത്തരമായി യേശു: “അത് പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാൾതന്നെയാണ്, എന്നോടൊപ്പം പാത്രത്തിൽ അപ്പം മുക്കുന്നവൻതന്നെ. മനുഷ്യപുത്രൻ (ഞാൻ) പോകുന്നു; തന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതുപോലെതന്നെ അവന് സംഭവിക്കും. എന്നാൽ, മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവന്റെ സ്ഥിതി അതിഭയാനകം! ആ മനുഷ്യൻ ജനിക്കാതിരുന്നെങ്കിൽ അവനത് എത്ര നന്നായിരുന്നേനെ!” അവർ പെസഹ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ യേശു അപ്പം എടുത്ത് വാഴ്ത്തി നുറുക്കി ശിഷ്യന്മാർക്ക് നൽകിക്കൊണ്ട്, “വാങ്ങുക; ഇത് എന്റെ ശരീരം ആകുന്നു” എന്നു പറഞ്ഞു. പിന്നെ അവിടന്ന് പാനപാത്രം എടുത്ത് ദൈവത്തിന് സ്തോത്രംചെയ്ത് അവർക്കു കൊടുത്തു; അവരെല്ലാവരും അതിൽനിന്നു പാനംചെയ്തു. അദ്ദേഹം അവരോട്, “ഇത് എന്റെ രക്തം ആകുന്നു, അനേകർക്കുവേണ്ടി ചൊരിയപ്പെടുന്ന, ഉടമ്പടിയുടെ രക്തം. ദൈവരാജ്യത്തിൽ ഇത് പുതുതായി കുടിക്കുന്ന ദിവസംവരെ മുന്തിരിവള്ളിയുടെ ഫലത്തിൽനിന്ന് ഞാൻ വീണ്ടും പാനം ചെയ്യുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു, നിശ്ചയം” എന്നു പറഞ്ഞു.