മർക്കോസ് 11:26-33

മർക്കോസ് 11:26-33 MCV

അപ്പോൾ സ്വർഗസ്ഥനായ പിതാവ് നിങ്ങളുടെ പാപങ്ങൾ നിങ്ങളോടും ക്ഷമിക്കും.” അവർ വീണ്ടും ജെറുശലേമിൽ എത്തി. യേശു ദൈവാലയാങ്കണത്തിൽ നടന്നുകൊണ്ടിരുന്നു. പുരോഹിതമുഖ്യന്മാരും വേദജ്ഞരും സമുദായനേതാക്കന്മാരും അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “എന്ത് അധികാരത്താലാണ് താങ്കൾ ഈ കാര്യങ്ങൾ ചെയ്യുന്നത്? ഇതു ചെയ്യാൻ താങ്കൾക്ക് ആരാണ് അധികാരം നൽകിയത്?” എന്നു ചോദിച്ചു. അതിന് യേശു: “ഞാനും നിങ്ങളോട് ഒരു ചോദ്യം ചോദിക്കും, അതിന് ഉത്തരം നൽകുക; അപ്പോൾ, എന്ത് അധികാരത്താലാണ് ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയാം. സ്നാനം നൽകാനുള്ള അധികാരം യോഹന്നാന് ലഭിച്ചത് സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ? എന്നോടു പറയുക.” അവർ അതിനെപ്പറ്റി പരസ്പരം ചർച്ചചെയ്തു: “ ‘സ്വർഗത്തിൽനിന്ന്’ എന്നു നാം പറഞ്ഞാൽ, പിന്നെ നിങ്ങൾ യോഹന്നാനിൽ വിശ്വസിക്കാതിരുന്നത് എന്തുകൊണ്ട് എന്ന് അദ്ദേഹം നമ്മോടു ചോദിക്കും. ‘മനുഷ്യരിൽനിന്ന് എന്നു പറഞ്ഞാലോ’…” (അവർ ജനത്തെ ഭയപ്പെട്ടു; കാരണം എല്ലാവരും യോഹന്നാനെ യഥാർഥത്തിൽ ഒരു പ്രവാചകനായിട്ടാണ് കരുതിയിരുന്നത്.) അതുകൊണ്ട് അവർ യേശുവിനോട്, “ഞങ്ങൾക്ക് അറിഞ്ഞുകൂടാ” എന്ന് ഉത്തരം പറഞ്ഞു. അതിന് യേശു, “എന്ത് അധികാരത്താലാണ് ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയുന്നില്ല” എന്ന മറുപടിയും നൽകി.