മർക്കോസ് 11:12-20

മർക്കോസ് 11:12-20 MCV

അടുത്തദിവസം അവർ ബെഥാന്യ വിട്ടുപോരുമ്പോൾ യേശുവിന് വിശന്നു. നിറയെ ഇലകളുള്ള ഒരു അത്തിമരം ദൂരെ കണ്ടിട്ട് അദ്ദേഹം അതിൽ ഫലം വല്ലതും ഉണ്ടോ എന്നു നോക്കാൻ ചെന്നു. എന്നാൽ, അതിന്റെ അടുത്ത് എത്തിയപ്പോൾ അതിൽ ഇലയല്ലാതെ ഒന്നും കണ്ടില്ല; അത് അത്തിപ്പഴത്തിന്റെ കാലം ആയിരുന്നില്ല. അപ്പോൾ അദ്ദേഹം ആ മരത്തോട്, “നിന്നിൽനിന്ന് ആരും ഇനിമേൽ ഫലം തിന്നാതിരിക്കട്ടെ” എന്നു പറഞ്ഞു. യേശു ഈ പറഞ്ഞത് ശിഷ്യന്മാർ കേട്ടിരുന്നു. യേശു ജെറുശലേമിൽ എത്തി. ഉടൻതന്നെ, ദൈവാലയാങ്കണത്തിൽ ചെന്ന് അവിടെ വാങ്ങുകയും വിൽക്കുകയും ചെയ്തുകൊണ്ടിരുന്നവരെ പുറത്താക്കിത്തുടങ്ങി. നാണയവിനിമയം ചെയ്തുകൊണ്ടിരുന്നവരുടെ മേശകളും പ്രാവുകളെ വിൽക്കുന്നവരുടെ ഇരിപ്പിടങ്ങളും അദ്ദേഹം മറിച്ചിട്ടു; ദൈവാലയാങ്കണത്തിൽക്കൂടെ കച്ചവടസാധനങ്ങൾ ഒന്നും കൊണ്ടുപോകാൻ ആരെയും അനുവദിച്ചില്ല. ഇതിനുശേഷം അദ്ദേഹം ജനത്തെ ഇപ്രകാരം ഉപദേശിച്ചു: “ ‘എന്റെ ആലയം സകലജനതകൾക്കുമുള്ള പ്രാർഥനാലയം’ എന്നു വിളിക്കപ്പെടും എന്നല്ലേ രേഖപ്പെടുത്തിയിരിക്കുന്നത്? നിങ്ങളോ, അതിനെ ‘കൊള്ളക്കാരുടെ ഗുഹ’ ആക്കിയിരിക്കുന്നു.” ഇതു കേട്ട് പുരോഹിതമുഖ്യന്മാരും വേദജ്ഞരും അദ്ദേഹത്തെ വധിക്കാനുള്ള മാർഗം അന്വേഷിച്ചെങ്കിലും, ജനങ്ങളെല്ലാം അദ്ദേഹത്തിന്റെ ഉപദേശത്തിൽ വിസ്മയിച്ചിരുന്നതുകൊണ്ട് അവർ അദ്ദേഹത്തെ ഭയപ്പെട്ടു. സന്ധ്യയായപ്പോൾ യേശുവും ശിഷ്യന്മാരും നഗരം വിട്ടുപോയി. രാവിലെ അവർ യാത്രപോകുമ്പോൾ തലേന്നു കണ്ട അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയിരിക്കുന്നതു കണ്ടു.