മർക്കോസ് 1:29-45

മർക്കോസ് 1:29-45 MCV

അവർ യെഹൂദപ്പള്ളിയിൽനിന്നിറങ്ങിയ ഉടനെതന്നെ യാക്കോബിനോടും യോഹന്നാനോടുംകൂടെ, ശിമോന്റെയും അന്ത്രയോസിന്റെയും ഭവനത്തിലേക്കു പോയി. ശിമോന്റെ അമ്മായിയമ്മ പനിപിടിച്ച് കിടപ്പിലായിരുന്നു. ഈ കാര്യം ശിഷ്യന്മാർ യേശുവിനോടു പറഞ്ഞു. യേശു അടുത്തുചെന്ന് അവളുടെ കൈക്കുപിടിച്ച് എഴുന്നേൽക്കാൻ സഹായിച്ചു. അവളുടെ പനി സൗഖ്യമായി. അവൾ യേശുവിനെയും ശിഷ്യന്മാരെയും ശുശ്രൂഷിച്ചുതുടങ്ങി. അന്നു വൈകുന്നേരം, സൂര്യൻ അസ്തമിച്ചതിനുശേഷം, ജനങ്ങൾ രോഗികളും ഭൂതബാധിതരുമായ എല്ലാവരെയും യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. നഗരവാസികൾ എല്ലാവരും വാതിൽക്കൽ വന്നുകൂടി. പലവിധ രോഗങ്ങൾ ബാധിച്ചിരുന്ന അനേകംപേരെ യേശു സൗഖ്യമാക്കി; അനവധി ഭൂതങ്ങളെയും പുറത്താക്കി. യേശു ആരെന്ന് ഭൂതങ്ങൾക്ക് അറിയാമായിരുന്നതുകൊണ്ട് അവയെ സംസാരിക്കാൻ അദ്ദേഹം അനുവദിച്ചതുമില്ല. അതിരാവിലെ, ഇരുട്ടുള്ളപ്പോൾത്തന്നെ, യേശു ഉറക്കമുണർന്ന് ഒരു വിജനസ്ഥലത്ത് ചെന്നു പ്രാർഥിച്ചു. ശിമോനും കൂടെയുള്ളവരും അദ്ദേഹത്തെ അന്വേഷിച്ചുചെന്നു. കണ്ടെത്തിയപ്പോൾ; “എല്ലാവരും അങ്ങയെ അന്വേഷിക്കുന്നു” എന്ന് അവർ അദ്ദേഹത്തോടു പറഞ്ഞു. അതിന് യേശു, “അടുത്തുള്ള ഗ്രാമങ്ങളിലും പ്രസംഗിക്കേണ്ടതിന് നമുക്ക് അവിടേക്കു പോകാം; ഈ ശുശ്രൂഷയ്ക്കായിട്ടാണല്ലോ ഞാൻ വന്നിരിക്കുന്നത്” എന്നു മറുപടി പറഞ്ഞു അങ്ങനെ അദ്ദേഹം യെഹൂദരുടെ പള്ളികളിൽ പ്രസംഗിച്ചുകൊണ്ടും ഭൂതങ്ങളെ പുറത്താക്കിക്കൊണ്ടും ഗലീലയിൽ എല്ലായിടത്തും സഞ്ചരിച്ചു. ഒരു കുഷ്ഠരോഗി യേശുവിന്റെ അടുക്കൽവന്ന് മുട്ടുകുത്തി, “അങ്ങേക്കു മനസ്സുണ്ടെങ്കിൽ എന്നെ സൗഖ്യമാക്കാൻ കഴിയും” എന്നപേക്ഷിച്ചു. യേശുവിന് അവനോടു സഹതാപം തോന്നി. കൈനീട്ടി ആ മനുഷ്യനെ തൊട്ടുകൊണ്ട്, “എനിക്കു മനസ്സുണ്ട്; നീ ശുദ്ധനാകുക” എന്നു പറഞ്ഞു. ഉടൻതന്നെ കുഷ്ഠം അയാളെ വിട്ടുമാറി, അയാൾക്കു സൗഖ്യംവന്നു. യേശു, “നോക്കൂ, ഇത് ആരോടും പറയരുത്” എന്ന കർശന താക്കീത് അയാൾക്കു നൽകി, “നീ പോയി, പുരോഹിതനു നിന്നെത്തന്നെ കാണിക്കുക. നീ പൂർണസൗഖ്യമുള്ളവനായി എന്ന് പൊതുജനങ്ങൾക്കു ബോധ്യപ്പെടുന്നതിനായി മോശ കൽപ്പിച്ച വഴിപാടുകൾ അർപ്പിക്കുകയുംചെയ്യുക” എന്നു പറഞ്ഞു. എന്നാൽ, അയാൾ പോയി എല്ലാവരോടും ഈ വാർത്ത തീക്ഷ്ണതയോടെ പ്രസിദ്ധമാക്കാൻ തുടങ്ങി. തന്മൂലം യേശുവിനു പരസ്യമായി പട്ടണത്തിൽ പ്രവേശിക്കാൻ സാധിക്കാതെ വന്നു; അദ്ദേഹം പുറത്തു വിജനസ്ഥലങ്ങളിൽ താമസിച്ചു. എന്നിട്ടും ജനങ്ങൾ എല്ലായിടങ്ങളിൽനിന്നും യേശുവിന്റെ അടുക്കൽ വന്നുകൂടി.