മീഖാ 7:1-7

മീഖാ 7:1-7 MCV

എന്റെ ദുരിതം എത്ര ഭയങ്കരം! ഞാൻ വേനൽപ്പഴങ്ങൾ ശേഖരിക്കുന്നവനെപ്പോലെയും മുന്തിരിത്തോപ്പിൽ കാലാ പെറുക്കുന്നവനെപ്പോലെയും ആയല്ലോ. എനിക്ക് ഭക്ഷിക്കാൻ ഒരു മുന്തിരിക്കുലയും ഇല്ല. ഞാൻ കൊതിക്കുന്ന അത്തിയുടെ ആദ്യഫലങ്ങളും ഇല്ല. വിശ്വസ്തർ ദേശത്തുനിന്ന് ഇല്ലാതെയായിരിക്കുന്നു; നേരുള്ള ആരുംതന്നെ ശേഷിച്ചിട്ടില്ല. എല്ലാവരും രക്തം ചിന്തുന്നതിന് പതിയിരിക്കുന്നു; അവർ തന്റെ സഹോദരങ്ങളെ വലയുമായി വേട്ടയാടുന്നു. ദുഷ്ടത പ്രവർത്തിക്കാൻ ഇരുകൈകൾക്കും സാമർഥ്യമുണ്ട്; ഭരണാധികാരി സമ്മാനം ആവശ്യപ്പെടുന്നു, ന്യായാധിപൻ കൈക്കൂലി സ്വീകരിക്കുന്നു, ശക്തർ തനിക്കിഷ്ടമുള്ളതൊക്കെയും വിളിച്ചുപറയുന്നു. അവർ ഒരുമിച്ച് ഗൂഢാലോചന നടത്തുന്നു. അവരിൽ ഉത്തമർ മുൾച്ചെടിപോലെ; ഏറ്റവും നീതിനിഷ്ഠർ മുൾവേലിയെക്കാൾ ഭയങ്കരർ. നിന്റെ കാവൽക്കാർ മുന്നറിയിപ്പു നൽകിയ ദിവസം, ദൈവം നിന്നെ സന്ദർശിക്കുന്ന ദിവസംതന്നെ, വന്നിരിക്കുന്നു. ഇപ്പോൾ അവർക്ക് പരിഭ്രമത്തിന്റെ സമയമാണ്. അയൽവാസിയെ വിശ്വസിക്കരുത്; ആത്മസുഹൃത്തിൽ അമിതവിശ്വാസം അർപ്പിക്കുകയുമരുത്. നിന്റെ ആശ്ലേഷത്തിൽ കിടക്കപങ്കിടുന്നവളോടുപോലും നിന്റെ വാക്കുകൾ സൂക്ഷിച്ചുകൊള്ളുക. മകൻ അപ്പനെ അപമാനിക്കുന്നു, മകൾ അമ്മയോട് എതിർത്തുനിൽക്കുന്നു, മരുമകൾ അമ്മായിയമ്മയെ എതിർക്കുന്നു— ഒരു മനുഷ്യന്റെ ശത്രുക്കൾ അയാളുടെ കുടുംബാംഗങ്ങൾതന്നെ ആയിരിക്കും. എന്നാൽ, ഞാൻ യഹോവയെ പ്രത്യാശയോടെ നോക്കിക്കൊണ്ടിരിക്കും, എന്റെ രക്ഷകനായ ദൈവത്തിനായി ഞാൻ കാത്തിരിക്കും, എന്റെ ദൈവം എന്റെ പ്രാർഥന കേൾക്കും.