തന്റെ ചുറ്റുമുള്ള ജനസമൂഹത്തെ കണ്ടപ്പോൾ യേശു ശിഷ്യന്മാരോട് തടാകത്തിന്റെ അക്കരയ്ക്കുപോകാം എന്ന നിർദേശംനൽകി. ഉടനെ ഒരു വേദജ്ഞൻ അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “ഗുരോ, അങ്ങ് എവിടെ പോയാലും ഞാൻ അങ്ങയെ അനുഗമിക്കാം” എന്നു പറഞ്ഞു. അതിന് യേശു, “കുറുനരികൾക്കു മാളങ്ങളും ആകാശത്തിലെ പക്ഷികൾക്കു കൂടുകളും ഉണ്ട്, എന്നാൽ മനുഷ്യപുത്രനോ തലചായ്‌ക്കാൻ ഇടമില്ല” എന്നു മറുപടി പറഞ്ഞു. മറ്റൊരു ശിഷ്യൻ യേശുവിനോട്, “കർത്താവേ, ഞാൻ ആദ്യം പോയി എന്റെ പിതാവിന്റെ ശവസംസ്കാരം നടത്താൻ അനുവദിച്ചാലും!” എന്നപേക്ഷിച്ചു. യേശുവോ, “ഇപ്പോൾ എന്നെ അനുഗമിക്കുക, മരിച്ചവർ അവരവരുടെ മരിച്ചവരെ സംസ്കരിക്കട്ടെ” എന്ന് അയാളോടു പറഞ്ഞു. അതിനുശേഷം യേശു വള്ളത്തിൽ കയറി; അദ്ദേഹത്തോടൊപ്പം ശിഷ്യന്മാരും യാത്രതുടർന്നു. പെട്ടെന്ന്, ഉഗ്രമായൊരു കൊടുങ്കാറ്റ് തടാകത്തിൽ ആഞ്ഞടിച്ചു, വള്ളം മുങ്ങിപ്പോകുംവിധം തിരമാലകൾ ഉയർന്നുപൊങ്ങി. യേശുവോ ഉറങ്ങുകയായിരുന്നു. ശിഷ്യന്മാർ ചെന്ന് അദ്ദേഹത്തെ ഉണർത്തിക്കൊണ്ട്, “കർത്താവേ, രക്ഷിക്കണമേ! ഞങ്ങൾ മുങ്ങിപ്പോകുന്നു!” എന്നു പറഞ്ഞു. “വിശ്വാസത്തിൽ ഉറപ്പില്ലാത്തവരേ, നിങ്ങൾ ഇങ്ങനെ ഭയപ്പെടുന്നതെന്തിന്?” എന്നു പറഞ്ഞിട്ട് യേശു എഴുന്നേറ്റ് കാറ്റിനെയും തിരകളെയും ശാസിച്ചു; തടാകം പ്രശാന്തമായി. ശിഷ്യന്മാർ ആശ്ചര്യപ്പെട്ടു, “ആരാണിദ്ദേഹം? കാറ്റും തിരകളുംപോലും ഇദ്ദേഹത്തെ അനുസരിക്കുന്നല്ലോ!” എന്നു പറഞ്ഞു. യേശു തടാകത്തിനക്കരെ ഗെരസേന്യരുടെ ദേശത്ത് എത്തിയപ്പോൾ, ഭൂതം ബാധിച്ച രണ്ടുപേർ ശവപ്പറമ്പിൽനിന്ന് അദ്ദേഹത്തിന് അഭിമുഖമായി വന്നു. ആർക്കുംതന്നെ ആ വഴിയിലൂടെ സഞ്ചരിക്കാൻ സാധ്യമല്ലാത്തവിധം അവർ അക്രമകാരികൾ ആയിരുന്നു. അവർ അത്യുച്ചത്തിൽ ആക്രോശിച്ചുകൊണ്ട്, “ദൈവപുത്രാ, അങ്ങ് ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നതെന്തിന്? ന്യായവിധിദിവസത്തിനുമുമ്പേ ഞങ്ങളെ ദണ്ഡിപ്പിക്കാനാണോ അങ്ങ് ഇവിടെ വന്നത്?” എന്നു ചോദിച്ചു. അവരിൽനിന്ന് കുറെ അകലെയായി വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. ദുരാത്മാക്കൾ യേശുവിനോട്, “അങ്ങ് ഞങ്ങളെ പുറത്താക്കുന്നു എങ്കിൽ ആ പന്നിക്കൂട്ടത്തിലേക്ക് അയയ്ക്കണമേ” എന്നു യാചിച്ചു. “പുറത്തുപോകൂ!” യേശു അവരോട് ആജ്ഞാപിച്ചു. ഭൂതങ്ങൾ പുറത്തുവന്ന് പന്നികളിൽ പ്രവേശിച്ചു. ആ പന്നിക്കൂട്ടമെല്ലാം ചെങ്കുത്തായ മലഞ്ചെരിവിലൂടെ തടാകത്തിലേക്ക് ഇരച്ചുചെന്ന് വെള്ളത്തിൽ മുങ്ങിച്ചത്തു. പന്നികളെ മേയിക്കുന്നവർ പട്ടണത്തിലേക്ക് ഓടിച്ചെന്ന്, ഭൂതബാധിതർക്കു സംഭവിച്ചത് ഉൾപ്പെടെയുള്ള വിവരങ്ങളെല്ലാം പട്ടണനിവാസികളെ അറിയിച്ചു. അവരെല്ലാം ഉടൻതന്നെ യേശുവിനെ കാണാൻ പുറപ്പെട്ടു; അവർ അദ്ദേഹത്തെ കണ്ടു; തങ്ങളുടെദേശം വിട്ടുപോകണമെന്ന് അപേക്ഷിച്ചു.
മത്തായി 8 വായിക്കുക
കേൾക്കുക മത്തായി 8
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മത്തായി 8:18-34
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ