“നിങ്ങളുടെ ധർമപ്രവൃത്തികൾ മനുഷ്യർ കാണാൻ അവരുടെമുമ്പിൽ നടത്തുന്ന പ്രകടനങ്ങൾ ആകാതിരിക്കാൻ സൂക്ഷിക്കുക; അങ്ങനെയായാൽ സ്വർഗസ്ഥപിതാവിൽനിന്ന് നിങ്ങൾക്കു യാതൊരു പ്രതിഫലവും ലഭിക്കുകയില്ല. “അതുകൊണ്ട്, കപടഭക്തർ മനുഷ്യരുടെ പ്രശംസ നേടാനായി പള്ളികളിലും തെരുവുകളിലും കാഹളം ഊതി പ്രസിദ്ധമാക്കിക്കൊണ്ട് ദാനധർമം ചെയ്യുന്നതുപോലെ നിങ്ങൾ ചെയ്യരുത്. അവർക്കുള്ള മുഴുവൻ പ്രതിഫലവും ലഭിച്ചിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. നിങ്ങളുടെ വലങ്കൈ ചെയ്യുന്നത് എന്തെന്ന് ഇടങ്കൈ അറിയാത്ത വിധത്തിലായിരിക്കട്ടെ നിങ്ങൾ ചെയ്യുന്ന ദാനധർമവും. നിങ്ങളുടെ ദാനധർമം രഹസ്യത്തിലായിരിക്കട്ടെ. രഹസ്യത്തിൽ ചെയ്യുന്നത് കാണുന്ന നിങ്ങളുടെ പിതാവു നിങ്ങൾക്കു പ്രതിഫലംനൽകും. “പ്രാർഥിക്കുമ്പോൾ മനുഷ്യർ കാണാൻ പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാർഥിക്കാൻ ഇഷ്ടപ്പെടുന്ന കപടഭക്തരെപ്പോലെയാകരുത് നിങ്ങൾ. അവർക്ക് അവരുടെ പ്രതിഫലം ലഭിച്ചുകഴിഞ്ഞു എന്നു ഞാൻ നിങ്ങളോട് ഉറപ്പായി പറയുന്നു. എന്നാൽ നിങ്ങൾ പ്രാർഥിക്കുമ്പോൾ, നിങ്ങളുടെ മുറിയിൽ പ്രവേശിച്ച്, വാതിലടച്ച്, നിങ്ങളുടെ പിതാവിനോട് രഹസ്യമായി അപേക്ഷിക്കുക. അപ്പോൾ രഹസ്യത്തിൽ നിങ്ങൾ ചെയ്യുന്നതു കാണുന്ന നിങ്ങളുടെ പിതാവ് നിങ്ങൾക്കു പ്രതിഫലംനൽകും. നിങ്ങൾ പ്രാർഥിക്കുമ്പോൾ യെഹൂദേതരരെപ്പോലെ വൃഥാജൽപ്പനം ചെയ്യരുത്. അതിഭാഷണത്താൽ പ്രാർഥനയ്ക്ക് ഉത്തരം ലഭിക്കും എന്നാണ് അവർ കരുതുന്നത്. അവരെ അനുകരിക്കരുത്; കാരണം നിങ്ങളുടെ ആവശ്യം എന്തെന്ന് നിങ്ങളുടെ പിതാവിന് നിങ്ങൾ യാചിക്കുന്നതിനു മുമ്പുതന്നെ അറിയാം. “അതുകൊണ്ട് നിങ്ങൾ ഇപ്രകാരം പ്രാർഥിക്കുക: “ ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, തിരുനാമം ആദരിക്കപ്പെടട്ടെ, അവിടത്തെ രാജ്യം വരുമാറാകട്ടെ, തിരുഹിതം നിറവേറപ്പെടട്ടെ, സ്വർഗത്തിലെപ്പോലെതന്നെ ഭൂമിയിലും. അനുദിനാഹാരം ഞങ്ങൾക്ക് ഇന്നു നൽകണമേ. ഞങ്ങളോട് അപരാധം ചെയ്തവരോട് ഞങ്ങൾ ക്ഷമിച്ചതുപോലെതന്നെ, ഞങ്ങളുടെ അപരാധവും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിലേക്കു നയിക്കരുതേ, ഞങ്ങളെ പിശാചിൽനിന്ന് സംരക്ഷിക്കണമേ. രാജ്യവും ശക്തിയും മഹത്ത്വവും എന്നേക്കും അവിടത്തേതല്ലോ. ആമേൻ.’
മത്തായി 6 വായിക്കുക
കേൾക്കുക മത്തായി 6
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മത്തായി 6:1-13
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ