മത്തായി 5:22-42

മത്തായി 5:22-42 MCV

എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: സഹോദരങ്ങളോട് കോപിക്കുന്നയാൾ ശിക്ഷ അനുഭവിക്കേണ്ടിവരും. സഹോദരങ്ങളെ ‘മടയാ’ എന്നു വിളിക്കുന്നയാൾ ന്യായാധിപസമിതിയോട് ഉത്തരം പറയേണ്ടിവരും; ‘ഗുണം വരാത്തവൻ’ എന്നു വിളിച്ചാൽ നരകാഗ്നിക്ക് വിധേയരാകും. “അതുകൊണ്ട്, നീ യാഗപീഠത്തിൽ, യാഗാർപ്പണത്തിനായി വരുമ്പോൾ നിന്റെ സഹോദരനോ സഹോദരിക്കോ നിനക്ക് വിരോധമായി എന്തെങ്കിലും ഉണ്ടെന്ന് ഓർമ വന്നാൽ നിന്റെ അർപ്പണവസ്തു യാഗപീഠത്തിനുമുമ്പിൽ വെച്ചിട്ട് ആദ്യം ചെന്ന് അവരോടു രമ്യതപ്പെടുക; പിന്നീടു വന്നു നിന്റെ യാഗം അർപ്പിക്കുക. “നിന്നെ കോടതിയിലേക്കു കൊണ്ടുപോകുന്ന എതിർകക്ഷിയുമായി, വഴിയിൽവെച്ചുതന്നെ വേഗത്തിൽ രമ്യതയിലായിക്കൊള്ളുക. അല്ലാത്തപക്ഷം അയാൾ നിന്നെ ന്യായാധിപന് വിട്ടുകൊടുക്കുകയും ന്യായാധിപൻ നിയമപാലകന് കൈമാറുകയും അയാൾ നിന്നെ കാരാഗൃഹത്തിൽ അടയ്ക്കുകയും ചെയ്യും. അവസാനത്തെ നാണയവും കൊടുത്തുതീർക്കുന്നതുവരെ നീ അവിടെനിന്നു പുറത്തുവരികയില്ല എന്നു ഞാൻ ഉറപ്പിച്ചു പറയുന്നു. “ ‘വ്യഭിചാരം ചെയ്യരുത്’ എന്നു കൽപ്പിച്ചിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: ആസക്തിയോടെ ഒരു സ്ത്രീയെ നോക്കുന്നവൻ തന്റെ ഹൃദയത്തിൽ അവളുമായി വ്യഭിചാരംചെയ്തുകഴിഞ്ഞു. നിന്റെ വലതുകണ്ണ് നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു ചൂഴ്‌ന്നെടുത്ത് എറിഞ്ഞുകളയുക. നിന്റെ ശരീരംമുഴുവനും നരകത്തിൽ തള്ളപ്പെടുന്നതിനെക്കാൾ, ഒരു അവയവം നഷ്ടപ്പെടുന്നതാണ് നിനക്കു നല്ലത്. നിന്റെ വലതുകൈ നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു വെട്ടി ദൂരെ എറിഞ്ഞുകളയുക. നിന്റെ ശരീരംമുഴുവൻ നരകത്തിൽ പോകുന്നതിനെക്കാൾ, ഒരു അവയവം നഷ്ടമാകുന്നതാണു നിനക്കു നല്ലത്. “ ‘ഭാര്യയെ ഉപേക്ഷിക്കുന്നവൻ അവൾക്ക് ഒരു വിവാഹമോചനപത്രം കൊടുത്തിരിക്കണം’ എന്നു പറഞ്ഞിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നത്, പാതിവ്രത്യലംഘനം നിമിത്തമല്ലാതെ ആരെങ്കിലും സ്വന്തം ഭാര്യയെ ഉപേക്ഷിക്കുന്നെങ്കിൽ അയാൾ തന്റെ ഭാര്യയെ വ്യഭിചാരിണിയാക്കുകയാണ്; ഉപേക്ഷിക്കപ്പെട്ട സ്ത്രീയെ വിവാഹംകഴിക്കുന്നവനും വ്യഭിചാരം ചെയ്യുകയാണ്. “ ‘ശപഥംചെയ്തതു ലംഘിക്കരുതെന്നും കർത്താവിനോടുചെയ്ത ശപഥം നിറവേറ്റണമെന്നും’ പൂർവികരോടു കൽപ്പിച്ചിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു, ശപഥംചെയ്യുകയേ അരുത്; സ്വർഗത്തെക്കൊണ്ട് ശപഥംചെയ്യരുത്; അത് ദൈവത്തിന്റെ സിംഹാസനം; ഭൂമിയെക്കൊണ്ടരുത്; അത് ദൈവത്തിന്റെ പാദപീഠം. ജെറുശലേമിനെക്കൊണ്ടും അരുത്; അതു മഹാരാജാവിന്റെ നഗരം. നിങ്ങളുടെ തലയെക്കൊണ്ട് ശപഥംചെയ്യരുത്; കാരണം ഒരു മുടിയെങ്കിലും വെളുപ്പിക്കാനോ കറുപ്പിക്കാനോ നിങ്ങൾക്കു കഴിവില്ല. നിങ്ങളുടെ വാക്ക് ‘അതേ’ ‘അതേ’ എന്നോ ‘ഇല്ല’ ‘ഇല്ല’ എന്നോ ആയിരിക്കട്ടെ. ഇതിൽ അധികമായതു പിശാചിൽനിന്ന് വരുന്നു. “ ‘കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല്’ എന്നു പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നത് നിങ്ങളെ ദ്രോഹിക്കുന്ന വ്യക്തിയോട് പ്രതികരിക്കരുത്. ആരെങ്കിലും നിങ്ങളുടെ വലതുചെകിട്ടത്ത് അടിച്ചാൽ അയാൾക്ക് മറ്റേ ചെകിടും കാണിച്ചുകൊടുക്കുക. ആരെങ്കിലും നിങ്ങളുടെ ഉടുപ്പിനുവേണ്ടി കോടതിവ്യവഹാരം നടത്തിയാൽ നിങ്ങളുടെ പുറങ്കുപ്പായവുംകൂടെ അയാൾക്ക് വിട്ടുകൊടുക്കുക. ഒരു പടയാളി ഒരു കിലോമീറ്റർ ദൂരം തന്റെ സാമാനങ്ങൾ ചുമക്കാൻ നിങ്ങളെ നിർബന്ധിച്ചാൽ അദ്ദേഹത്തോടൊപ്പം രണ്ട് കിലോമീറ്റർ പോകുക. നിന്നോട് എന്തെങ്കിലും ആവശ്യപ്പെടുന്ന വ്യക്തിക്ക് അതു നൽകുക; വായ്പവാങ്ങാൻ ഇച്ഛിക്കുന്ന വ്യക്തിയിൽനിന്ന് ഒഴിഞ്ഞുമാറരുത്.