ആ നിമിഷംതന്നെ ദൈവാലയത്തിലെ തിരശ്ശീല മുകളിൽനിന്ന് താഴെവരെ രണ്ടായി ചീന്തിപ്പോയി. ഭൂകമ്പം ഉണ്ടായി, പാറകൾ പിളർന്നു, ശവക്കല്ലറകൾ തുറന്നു. മരിച്ചുപോയിരുന്ന അനേകം വിശുദ്ധരുടെ ശരീരങ്ങൾ ഉയിർത്തെഴുന്നേറ്റു. അവർ യേശുവിന്റെ പുനരുത്ഥാനത്തിനുശേഷം കല്ലറകളിൽനിന്ന് പുറത്തുവരികയും, വിശുദ്ധനഗരത്തിൽ ചെന്ന് ധാരാളംപേർക്കു പ്രത്യക്ഷരാകുകയും ചെയ്തു. യേശുവിനു കാവൽനിന്നിരുന്ന ശതാധിപനും അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്നവരും ഭൂകമ്പവും മറ്റുസംഭവങ്ങളും കണ്ട് ഭയന്നുവിറച്ചു, “ഇദ്ദേഹം വാസ്തവമായും ദൈവപുത്രൻ ആയിരുന്നു!” എന്നു പറഞ്ഞു. യേശുവിനെ പരിചരിച്ചുകൊണ്ട് ഗലീലയിൽനിന്ന് അദ്ദേഹത്തെ അനുഗമിച്ചിരുന്ന പല സ്ത്രീകളും അകലെനിന്ന് ഇതെല്ലാം സസൂക്ഷ്മം നിരീക്ഷിക്കുകയായിരുന്നു. അവരുടെ കൂട്ടത്തിൽ മഗ്ദലക്കാരി മറിയയും യാക്കോബ്, യോസെ എന്നിവരുടെ അമ്മ മറിയയും സെബെദിപുത്രന്മാരായ യാക്കോബ്, യോഹന്നാൻ എന്നിവരുടെ അമ്മയും ഉണ്ടായിരുന്നു. സന്ധ്യയായപ്പോൾ, യേശുവിന്റെ ഒരു ശിഷ്യനായിരുന്ന അരിമഥ്യക്കാരൻ യോസേഫ് എന്ന ധനികൻ അവിടെ എത്തി. അദ്ദേഹം പീലാത്തോസിന്റെ അടുക്കൽ ചെന്ന് യേശുവിന്റെ മൃതദേഹം വിട്ടുതരണമെന്ന് അപേക്ഷിച്ചു; അദ്ദേഹത്തിന് അതു വിട്ടുകൊടുക്കാൻ പീലാത്തോസ് ഉത്തരവിടുകയും ചെയ്തു. യോസേഫ് ആ മൃതദേഹം എടുത്ത് വെടിപ്പുള്ള ഒരു മൃദുലവസ്ത്രത്തിൽ പൊതിഞ്ഞ്, തനിക്കായി പാറയിൽ വെട്ടിച്ചിരുന്ന പുതിയ കല്ലറയിൽ സംസ്കരിച്ചു. കല്ലറയുടെ കവാടത്തിൽ വലിയൊരു കല്ല് ഉരുട്ടിവെച്ചതിനുശേഷം അദ്ദേഹം പോയി. അവിടെ, മഗ്ദലക്കാരി മറിയയും മറ്റേ മറിയയും കല്ലറയ്ക്കുമുമ്പിൽ ഇരിക്കുന്നുണ്ടായിരുന്നു. ഒരുക്കനാൾ കഴിഞ്ഞുള്ള ദിവസം പുരോഹിതമുഖ്യന്മാരും പരീശന്മാരും ഒരുമിച്ച് പീലാത്തോസിന്റെ അടുക്കൽവന്നു. അവർ അദ്ദേഹത്തോട്, “പ്രഭോ, ആ വഞ്ചകൻ ജീവിച്ചിരുന്നപ്പോൾ, ‘ഞാൻ മൂന്ന് ദിവസത്തിനുശേഷം ഉയിർത്തെഴുന്നേൽക്കും’ എന്നു പറഞ്ഞത് ഞങ്ങൾ ഓർക്കുന്നു. അതുകൊണ്ട് മൂന്നുദിവസംവരെ കല്ലറ സുരക്ഷിതമാക്കാൻ ഉത്തരവിടണം എന്നപേക്ഷിച്ചു. അല്ലാത്തപക്ഷം അയാളുടെ ശിഷ്യന്മാർ വന്ന് മൃതദേഹം മോഷ്ടിക്കുകയും അയാൾ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു എന്ന് ജനങ്ങളോടു പറയുകയും ചെയ്യും. ഈ ഒടുവിലത്തെ വഞ്ചന ആദ്യത്തേതിനെക്കാൾ വിഷമകരമാകുകയും ചെയ്യും.” അതിന് പീലാത്തോസ്, “ഒരുസംഘം സൈനികരെ തരാം, നിങ്ങൾ പോയി കഴിയുന്നവിധത്തിലെല്ലാം കല്ലറ സുരക്ഷിതമാക്കുക” എന്നു പറഞ്ഞു. അങ്ങനെ അവർ പോയി ആ പാറമേൽ മുദ്രവെച്ചും സൈനികരെ നിയോഗിച്ചും കല്ലറ ഭദ്രമാക്കി.
മത്തായി 27 വായിക്കുക
കേൾക്കുക മത്തായി 27
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മത്തായി 27:51-66
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ