ഈ സമയം റോമൻ ഭരണാധികാരിയായ പീലാത്തോസിന്റെ മുമ്പിൽ യേശുവിനെ നിർത്തി. അദ്ദേഹം യേശുവിനോട്, “നീയാണോ യെഹൂദരുടെ രാജാവ്?” എന്നു ചോദിച്ചു.
അതിന് യേശു, “താങ്കൾ പറയുന്നതുപോലെതന്നെ” എന്നു മറുപടി പറഞ്ഞു.
പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും യേശുവിന്റെമേൽ കുറ്റങ്ങൾ ആരോപിച്ചുകൊണ്ടിരുന്നു; അതിനു മറുപടിയായി യാതൊന്നും അദ്ദേഹം പറഞ്ഞില്ല. അപ്പോൾ പീലാത്തോസ്, “ഇവർ നിനക്കെതിരായി ഇത്രയേറെ ആരോപണങ്ങൾ ഉന്നയിക്കുന്നതൊന്നും നീ കേൾക്കുന്നില്ലേ?” എന്നു ചോദിച്ചു. എന്നാൽ യേശു ആ ആരോപണങ്ങൾക്കൊന്നും ഒരു വാക്കുകൊണ്ടുപോലും പ്രത്യുത്തരം പറഞ്ഞില്ല എന്നത് പീലാത്തോസിനെ വളരെയേറെ അത്ഭുതപ്പെടുത്തി.
പെസഹാഘോഷവേളയിൽ ജനക്കൂട്ടം തെരഞ്ഞെടുക്കുന്ന ഒരു തടവുകാരനെ മോചിപ്പിക്കുക ഭരണാധികാരിയുടെ പതിവായിരുന്നു. ആ വർഷം അവിടെ ബറബ്ബാസ് എന്നു പേരുള്ള കുപ്രസിദ്ധനായ ഒരുവൻ തടവിലുണ്ടായിരുന്നു. ജനം പീലാത്തോസിന്റെ അരമനാങ്കണത്തിൽ ഒരുമിച്ചുകൂടിയപ്പോൾ, പീലാത്തോസ് അവരോട്, “ബറബ്ബാസിനെയോ ക്രിസ്തുവെന്നു വിളിക്കപ്പെടുന്ന യേശുവിനെയോ; ഇവരിൽ ആരെയാണ് ഞാൻ നിങ്ങൾക്ക് മോചിപ്പിച്ചുതരേണ്ടത്?” എന്നു ചോദിച്ചു. അവർ അസൂയ നിമിത്തമാണ് യേശുവിനെ തന്റെ പക്കൽ ഏൽപ്പിച്ചതെന്ന് അദ്ദേഹത്തിന് വ്യക്തമായിരുന്നു.
പീലാത്തോസ് ന്യായാസനത്തിൽ ഇരിക്കുമ്പോൾ അദ്ദേഹത്തിന്റെ പത്നി ഒരു സന്ദേശം കൊടുത്തയച്ചു: “നിരപരാധിയായ ആ മനുഷ്യന്റെ കാര്യത്തിൽ ഇടപെടരുത്. ഇന്ന് അദ്ദേഹംനിമിത്തം ഞാൻ സ്വപ്നത്തിൽ വളരെ അസ്വസ്ഥയായി.”
എന്നാൽ, ബറബ്ബാസിനെ മോചിപ്പിക്കുന്നതിനും യേശുവിനെ വധശിക്ഷയ്ക്ക് ഏൽപ്പിക്കുന്നതിനുമായി അപേക്ഷിക്കാൻ പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും ജനക്കൂട്ടത്തെ വശീകരിച്ചിരുന്നു.
“ഈ രണ്ടുപേരിൽ ആരെ മോചിപ്പിക്കണമെന്നതാണ് നിങ്ങളുടെ ആവശ്യം?” ഭരണാധികാരി ചോദിച്ചു.
“ബറബ്ബാസിനെ,” അവർ മറുപടി പറഞ്ഞു.
“അപ്പോൾ, ക്രിസ്തുവെന്നു വിളിക്കപ്പെടുന്ന യേശുവിനെ ഞാൻ എന്തു ചെയ്യണം?” പീലാത്തോസ് ചോദിച്ചു.
“അവനെ ക്രൂശിക്ക!” അവർ ഏകസ്വരത്തിൽ പ്രതിവചിച്ചു.
“എന്തിന്? അയാൾ എന്തു കുറ്റമാണു ചെയ്തത്?” പീലാത്തോസ് ചോദിച്ചു.
എന്നാൽ അവർ അത്യുച്ചത്തിൽ, “അവനെ ക്രൂശിക്ക!” എന്ന് ആക്രോശിച്ചുകൊണ്ടിരുന്നു.
തനിക്കൊരു തീരുമാനമെടുക്കാൻ സാധിക്കുന്നില്ല, മറിച്ച് ഒരു ലഹള പൊട്ടിപ്പുറപ്പെടാൻ പോകുന്നു എന്നു മനസ്സിലാക്കി, “ഈ മനുഷ്യന്റെ രക്തം സംബന്ധിച്ച് ഞാൻ നിരപരാധിയാണ്, നിങ്ങളാണ് ഇതിന് ഉത്തരവാദികൾ” എന്നു പറഞ്ഞ് പീലാത്തോസ് വെള്ളം എടുത്ത് ജനക്കൂട്ടം കാൺകെ തന്റെ കൈകഴുകി.
“അയാളുടെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും വന്നുകൊള്ളട്ടെ,” അവർ എല്ലാവരുംകൂടി ഉറക്കെ വിളിച്ചുപറഞ്ഞു.
അപ്പോൾ പീലാത്തോസ് ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു; യേശുവിനെയോ ചമ്മട്ടികൊണ്ട് അടിപ്പിച്ചതിനുശേഷം ക്രൂശിക്കാൻ പട്ടാളത്തെ ഏൽപ്പിച്ചു.
ഉടനെതന്നെ പീലാത്തോസിന്റെ സൈനികർ യേശുവിനെ അവരുടെ ആസ്ഥാനത്തേക്ക് കൊണ്ടുപോയി; തങ്ങളുടെ സഹസൈനികരെയെല്ലാം അദ്ദേഹത്തിനുമുമ്പിൽ വിളിച്ചുവരുത്തി. അവർ അദ്ദേഹത്തിന്റെ പുറങ്കുപ്പായം വലിച്ചൂരിയശേഷം ഒരു ചെമന്ന പുറങ്കുപ്പായം ധരിപ്പിച്ചു. ഒരു മുൾക്കിരീടം മെടഞ്ഞ് അദ്ദേഹത്തിന്റെ ശിരസ്സിൽ വെച്ചു. വലതുകൈയിൽ ഒരു വടി പിടിപ്പിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ കാൽക്കൽവീണ് “യെഹൂദരുടെ രാജാവ്, നീണാൾ വാഴട്ടെ!” എന്ന് അവർ പരിഹസിച്ചു പറഞ്ഞു. അവർ അദ്ദേഹത്തിന്റെമേൽ തുപ്പുകയും വടി പിടിച്ചുവാങ്ങി തലയിൽ ആ വടികൊണ്ട് അടിക്കുകയും ചെയ്തു. ഇങ്ങനെ, അദ്ദേഹത്തെ പരിഹസിച്ചുതീർന്നശേഷം പുറങ്കുപ്പായം മാറ്റി, സ്വന്തം വസ്ത്രം ധരിപ്പിച്ചു. പിന്നെ അവർ അദ്ദേഹത്തെ ക്രൂശിക്കാൻ കൊണ്ടുപോയി.
അവർ പോകുമ്പോൾ കുറേനഗ്രാമവാസിയായ ശിമോൻ എന്നു പേരുള്ള ഒരു മനുഷ്യനെ കണ്ടു. യേശുവിന്റെ ക്രൂശ് ചുമക്കാൻ അവർ അയാളെ നിർബന്ധിച്ചു. “തലയോട്ടിയുടെ സ്ഥലം” എന്നർഥമുള്ള “ഗൊൽഗോഥാ” എന്നു വിളിച്ചുവരുന്ന സ്ഥലത്ത് അവർ എത്തി. അവിടെവെച്ച് അവർ അദ്ദേഹത്തിന് കയ്‌പുകലക്കിയ വീഞ്ഞ് കുടിക്കാൻ കൊടുത്തു; അദ്ദേഹം അത് രുചിച്ചു നോക്കിയെങ്കിലും കുടിക്കാൻ താത്പര്യപ്പെട്ടില്ല. അവർ യേശുവിനെ ക്രൂശിച്ചതിനുശേഷം, അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ നറുക്കിട്ട് വീതിച്ചെടുത്തു. അവിടെ അവർ അദ്ദേഹത്തിനു കാവലിരുന്നു.
യെഹൂദരുടെ രാജാവായ യേശുവാണ് ഇവൻ,
എന്ന് അദ്ദേഹത്തിന്റെമേൽ ചുമത്തപ്പെട്ട കുറ്റം എഴുതി അവർ യേശുവിന്റെ ശിരസ്സിനുമീതേ വെച്ചു.
അദ്ദേഹത്തോടൊപ്പം രണ്ട് കൊള്ളക്കാരെ, ഒരാളെ വലത്തും മറ്റേയാളെ ഇടത്തുമായി, ക്രൂശിച്ചു. ആ വഴി കടന്നുപോയവർ തലകുലുക്കിക്കൊണ്ട്, “ദൈവാലയം തകർത്ത്, മൂന്ന് ദിവസംകൊണ്ട് പണിയുന്നവനേ, നിന്നെത്തന്നെ രക്ഷിക്കുക! നീ ദൈവപുത്രനെങ്കിൽ, ക്രൂശിൽനിന്ന് ഇറങ്ങിവാ!” എന്നു പറഞ്ഞ് അദ്ദേഹത്തെ നിന്ദിച്ചു. അങ്ങനെതന്നെ പുരോഹിതമുഖ്യന്മാരും വേദജ്ഞരും സമുദായനേതാക്കന്മാരും ഇതേവിധത്തിൽത്തന്നെ അദ്ദേഹത്തെ പരിഹസിച്ചു. അവർ പറഞ്ഞു: “ഇവൻ മറ്റുള്ളവരെ രക്ഷിച്ചു, എന്നാൽ, തന്നെത്താൻ രക്ഷിക്കാനുള്ള കഴിവില്ല താനും! ഇവനാണോ ഇസ്രായേലിന്റെ രാജാവ്! ഇവൻ ഇപ്പോൾത്തന്നെ ക്രൂശിൽനിന്ന് ഇറങ്ങിവരട്ടെ, എങ്കിൽ ഇവനിൽ ഞങ്ങൾ വിശ്വസിക്കാം. ഇവൻ ദൈവത്തിൽ വിശ്വസിക്കുന്നു. ദൈവം ഇവനിൽ സംപ്രീതനായിരിക്കുന്നെങ്കിൽ, അവിടന്ന് ഇപ്പോൾത്തന്നെ ഇവനെ വിടുവിക്കട്ടെ; ‘ഞാൻ ദൈവപുത്രൻ’ ” എന്ന അവകാശവാദം ഇവൻ ഉന്നയിച്ചല്ലോ അദ്ദേഹത്തോടുകൂടെ ക്രൂശിക്കപ്പെട്ട കൊള്ളക്കാരും അതുപോലെതന്നെ അദ്ദേഹത്തെ അധിക്ഷേപിച്ചു.