യേശു സംസാരിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ, പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ യൂദാ അവിടെയെത്തി. പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും അയച്ച ഒരു ജനസഞ്ചയം വാളുകളും വടികളുമേന്തി അവനോടൊപ്പം വന്നിരുന്നു. ഒറ്റിക്കൊടുക്കുന്ന, യൂദാ, “ഞാൻ ചുംബനംകൊണ്ട് ആരെ അഭിവാദനംചെയ്യുന്നോ; അദ്ദേഹത്തെ അറസ്റ്റ് ചെയ്യുക.” എന്ന ഒരടയാളം അവരുമായി പറഞ്ഞൊത്തിരുന്നു. അപ്പോൾത്തന്നെ യൂദാ യേശുവിന്റെ അടുത്തേക്കുചെന്ന്, “റബ്ബീ, വന്ദനം” എന്നു പറഞ്ഞ് അദ്ദേഹത്തെ ചുംബിച്ചു.
യേശു, “സ്നേഹിതാ, നീ വന്നതെന്തിനോ അതുതന്നെ ചെയ്യുക” എന്നു പ്രതിവചിച്ചു.
ഉടനെ ജനം മുമ്പോട്ടുചെന്ന് യേശുവിനെ കടന്നുപിടിച്ച് അദ്ദേഹത്തെ ബന്ധിച്ചു. അപ്പോൾ യേശുവിനോടൊപ്പം നിന്നവരിൽ ഒരാൾ കൈനീട്ടി തന്റെ വാൾ വലിച്ചൂരി മഹാപുരോഹിതന്റെ ദാസനെ വെട്ടി; അയാളുടെ കാത് ഛേദിച്ചുകളഞ്ഞു.
അപ്പോൾ യേശു അവനോട്, “നിന്റെ വാൾ ഉറയിലിടുക, വാളേന്തുന്നവരുടെയെല്ലാം അന്ത്യം വാൾകൊണ്ടുതന്നെയായിരിക്കും. എനിക്ക് എന്റെ പിതാവിൽനിന്ന് സഹായം അഭ്യർഥിക്കാൻ കഴിയുകയില്ല എന്നാണോ നീ കരുതുന്നത്? ഇപ്പോൾത്തന്നെ അവിടന്ന് പതിനായിരക്കണക്കിന് ദൂതന്മാരെ എനിക്കുവേണ്ടി അണിനിരത്തുകയില്ലേ? അങ്ങനെയായാൽ ഇവയെല്ലാം സംഭവിക്കണം എന്ന തിരുവെഴുത്തുകൾ എങ്ങനെ നിവൃത്തിയാകും?” എന്നു പറഞ്ഞു.
അപ്പോൾത്തന്നെ യേശു ജനക്കൂട്ടത്തോട്, “ഞാൻ ഒരു വിപ്ളവം നയിക്കുന്നതിനാലാണോ നിങ്ങൾ എന്നെ പിടിച്ചുകെട്ടാൻ വാളുകളും വടികളുമേന്തി വരുന്നത്? ഞാൻ ദിവസവും ഉപദേശിച്ചുകൊണ്ട് ദൈവാലയാങ്കണത്തിൽ ഇരുന്നപ്പോൾ എന്നെ നിങ്ങൾ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല? എന്നാൽ, തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവാചകവചസ്സുകൾ നിറവേറുന്നതിന് ഇതെല്ലാം സംഭവിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾത്തന്നെ ശിഷ്യന്മാർ എല്ലാവരും യേശുവിനെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
യേശുവിനെ അറസ്റ്റ്ചെയ്തവർ അദ്ദേഹത്തെ കയ്യഫാ മഹാപുരോഹിതന്റെ അരമനയിലേക്ക് കൊണ്ടുപോയി. അവിടെ വേദജ്ഞരും സമുദായനേതാക്കന്മാരും ഒരുമിച്ചുകൂടി വന്നിരുന്നു. അപ്പോൾ പത്രോസ്, മഹാപുരോഹിതന്റെ അരമനാങ്കണത്തിൽ എത്തുന്നതുവരെ അൽപ്പം അകലംവിട്ട് അദ്ദേഹത്തിന്റെ പിന്നാലെ ചെന്നു. പത്രോസ് അങ്കണത്തിനുള്ളിൽക്കടന്ന്, എന്ത് സംഭവിക്കും എന്നറിയാൻ കാത്ത് കാവൽക്കാരോടൊപ്പം ഇരുന്നു.
പുരോഹിതമുഖ്യന്മാരും യെഹൂദന്യായാധിപസമിതി മുഴുവനും യേശുവിനെ വധശിക്ഷയ്ക്ക് ഏൽപ്പിക്കുന്നതിന് ഉതകുന്ന വ്യാജതെളിവുകൾ അദ്ദേഹത്തിനെതിരേ അന്വേഷിച്ചു. കള്ളസ്സാക്ഷ്യവുമായി പലരും മുമ്പോട്ടുവന്നെങ്കിലും അവർ ആഗ്രഹിച്ച നിലയിലുള്ളത് ഒന്നും അവർക്കു ലഭിച്ചില്ല.
അവസാനം രണ്ടുപേർ മുന്നോട്ടുവന്ന്, “ ‘എനിക്ക് ദൈവാലയം തകർക്കാൻ കഴിയും; മൂന്ന് ദിവസത്തിനകം അത് പുനർനിർമിക്കാനും എനിക്ക് സാധിക്കും’ എന്ന് ഈ മനുഷ്യൻ പറഞ്ഞു” എന്നു ബോധിപ്പിച്ചു.
അപ്പോൾ മഹാപുരോഹിതൻ എഴുന്നേറ്റുനിന്നുകൊണ്ട്, “നിനക്ക് മറുപടിയൊന്നും ഇല്ലേ? ഇവർ നിനക്കെതിരായി ഉന്നയിക്കുന്ന ഈ സാക്ഷ്യം എന്ത്?” എന്ന് യേശുവിനോട് ചോദിച്ചു. യേശുവോ നിശ്ശബ്ദനായിരുന്നു.
മഹാപുരോഹിതൻ അദ്ദേഹത്തോട്, “ജീവനുള്ള ദൈവത്തിന്റെ നാമത്തിൽ ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു: നീ ദൈവപുത്രനായ ക്രിസ്തുവെങ്കിൽ ഞങ്ങളോടു പറയുക” എന്ന് ആവശ്യപ്പെട്ടു.
അതിന് യേശു, “താങ്കൾ പറഞ്ഞതുപോലെതന്നെ. ഞാൻ നിങ്ങളോട് എല്ലാവരോടുമായി പ്രഖ്യാപിക്കുകയാണ്: ഇന്നുമുതൽ മനുഷ്യപുത്രൻ (ഞാൻ) സർവശക്തനായ ദൈവത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നതും ആകാശമേഘങ്ങൾ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും” എന്നു പറഞ്ഞു.
ഇതു കേട്ടയുടൻതന്നെ മഹാപുരോഹിതൻ തന്റെ വസ്ത്രംകീറിക്കൊണ്ട്, “ഇയാൾ ദൈവദൂഷണം പറഞ്ഞിരിക്കുന്നു. ഇനി നമുക്ക് വേറെ സാക്ഷികളുടെ ആവശ്യം എന്ത്? ഇതാ, ഇപ്പോൾ നിങ്ങൾതന്നെ ദൈവദൂഷണം കേട്ടുവല്ലോ. നിങ്ങൾ എന്തു വിധിക്കുന്നു?” എന്നു ചോദിച്ചു.
“അയാൾ വധശിക്ഷയ്ക്ക് അർഹൻ,” എന്ന് അവർ മറുപടി പറഞ്ഞു.
അപ്പോൾ അവർ അദ്ദേഹത്തിന്റെ മുഖത്ത് തുപ്പുകയും മുഷ്ടിചുരുട്ടി ഇടിക്കുകയും ചെയ്തു. ചിലർ അദ്ദേഹത്തെ അടിച്ചുകൊണ്ട്, “ക്രിസ്തുവേ, ആരാണ് നിന്നെ അടിച്ചത്? ഞങ്ങളോട് പ്രവചിക്കുക!” എന്നു പറഞ്ഞു.
പത്രോസ് പുറത്ത് അങ്കണത്തിൽ ഇരിക്കുകയായിരുന്നു. ഒരു വേലക്കാരി അദ്ദേഹത്തെ സമീപിച്ച്, “നീയും ഗലീലക്കാരനായ യേശുവിനോടുകൂടെ ഉണ്ടായിരുന്നല്ലോ” എന്നു പറഞ്ഞു.
എന്നാൽ പത്രോസ് അവരുടെയെല്ലാം മുമ്പിൽവെച്ച് അതു നിഷേധിച്ച്, “നീ എന്താണ് പറയുന്നത് എനിക്ക്; മനസ്സിലാകുന്നില്ലല്ലോ” എന്നു പറഞ്ഞു.
പിന്നെ അയാൾ അങ്കണകവാടത്തിലേക്ക് പോയി. അവിടെവെച്ച് മറ്റൊരു വേലക്കാരി അയാളെ കണ്ടിട്ട് അവിടെ ഉണ്ടായിരുന്നവരോട്, “ഈ മനുഷ്യൻ നസറായനായ യേശുവിനോടുകൂടെ ഉണ്ടായിരുന്നു” എന്നു പറഞ്ഞു.
അയാൾ വീണ്ടും അതു നിഷേധിച്ചു; ആണയിട്ടുകൊണ്ട്, “ആ മനുഷ്യനെ എനിക്ക് അറിഞ്ഞുകൂടാ” എന്നു പറഞ്ഞു.
അൽപ്പസമയം കഴിഞ്ഞ്, അവിടെ നിന്നിരുന്നവർ പത്രോസിന്റെ അടുക്കൽ ചെന്ന്, “ഒരു സംശയവുമില്ല, നീ അവരിൽ ഒരാൾതന്നെയാണ്, നിന്റെ ഉച്ചാരണംതന്നെ അതു വ്യക്തമാക്കുന്നല്ലോ” എന്നു പറഞ്ഞു.
അപ്പോൾ പത്രോസ്, “ഞാൻ ആ മനുഷ്യനെ അറിയുകയേ ഇല്ല!” എന്ന് അവരോടു പറഞ്ഞുകൊണ്ട് ആണയിടാനും ശപിക്കാനും തുടങ്ങി.
ഉടനെ കോഴി കൂവി. അപ്പോൾ, “കോഴി കൂവുന്നതിനുമുമ്പ് മൂന്നുപ്രാവശ്യം നീ എന്നെ തിരസ്കരിക്കും” എന്ന് യേശു തന്നോടു പറഞ്ഞിരുന്ന വാക്ക് ഓർത്ത് പത്രോസ് പുറത്തേക്കുപോയി അതിദുഃഖത്തോടെ പൊട്ടിക്കരഞ്ഞു.