മത്തായി 25:31-40

മത്തായി 25:31-40 MCV

“മനുഷ്യപുത്രൻ തന്റെ സകലദൂതന്മാരുമായി അവിടത്തെ മഹത്ത്വത്തിൽ വരുമ്പോൾ അവിടത്തെ രാജകീയ സിംഹാസനത്തിൽ ഉപവിഷ്ടനായി സകലജനതയെയും തിരുസന്നിധിയിൽ ഒരുമിച്ചുകൂട്ടും. ഇടയൻ കോലാടുകളിൽനിന്ന് ചെമ്മരിയാടുകളെ വേർതിരിക്കുന്നതുപോലെ, അവിടന്ന് ജനത്തെ വിഭജിക്കും. ചെമ്മരിയാടുകളെ തന്റെ വലതുഭാഗത്തും കോലാടുകളെ തന്റെ ഇടതുഭാഗത്തും നിർത്തും. “പിന്നെ രാജാവു തന്റെ വലതുഭാഗത്തുള്ളവരോട് ഇപ്രകാരം അരുളിച്ചെയ്യും, ‘എന്റെ പിതാവിന്റെ അനുഗ്രഹത്തിന് യോഗ്യരായവരേ, വരിക; ലോകസൃഷ്ടിക്കുമുമ്പേ നിങ്ങൾക്കായി ഒരുക്കപ്പെട്ടിരിക്കുന്ന രാജ്യം അവകാശമാക്കുക. എനിക്കു വിശന്നു, നിങ്ങൾ എനിക്ക് ആഹാരം തന്നു; എനിക്കു ദാഹിച്ചു, നിങ്ങൾ എനിക്ക് കുടിക്കാൻ തന്നു; ഞാൻ ഒരു അപരിചിതനായിരുന്നു, എങ്കിലും നിങ്ങൾ എന്നെ വീട്ടിൽ സ്വീകരിച്ചു; ഞാൻ നഗ്നനായിരുന്നു, നിങ്ങൾ എന്നെ വസ്ത്രം ധരിപ്പിച്ചു; ഞാൻ രോഗിയായിരുന്നു, നിങ്ങൾ എന്നെ പരിചരിച്ചു; ഞാൻ കാരാഗൃഹത്തിൽ ആയിരുന്നു, നിങ്ങൾ എന്നെ സന്ദർശിച്ചു.’ “അപ്പോൾ നീതിനിഷ്ഠർ അവിടത്തോട്: ‘എപ്പോഴാണ് കർത്താവേ, അങ്ങ് വിശപ്പുള്ളവനായി കണ്ടിട്ട് ഞങ്ങൾ അങ്ങേക്ക് ആഹാരം തന്നത്? ദാഹിക്കുന്നവനായി കണ്ടിട്ട് കുടിക്കാൻ തന്നത്? ഒരു അപരിചിതനായിക്കണ്ടിട്ട് ഞങ്ങൾ അങ്ങയെ സ്വീകരിക്കുകയോ നഗ്നനായിരിക്കെ വസ്ത്രം ധരിപ്പിക്കുകയോ ചെയ്തത് എപ്പോഴാണ്? രോഗിയായോ തടവുകാരനായോ കണ്ടിട്ട് എപ്പോഴാണ് ഞങ്ങൾ അങ്ങയെ സന്ദർശിച്ചത്?’ എന്നു ചോദിക്കും. “അതിന് രാജാവ് ഇപ്രകാരം മറുപടി പറയും, ‘എന്റെ അവഗണിക്കപ്പെട്ട ഈ സഹോദരങ്ങളിൽ ഒരാൾക്കുവേണ്ടി നിങ്ങൾ ചെയ്തതെല്ലാം എനിക്കുവേണ്ടി ചെയ്തതാണ്, സത്യം, എന്നു ഞാൻ നിങ്ങളോടു പറയുന്നു.’